ചട്ടമ്പി റിലീസ് മാറ്റമില്ല, ഹര്‍ത്താലിന് ശേഷം ആദ്യ ഷോ

sreenath-bhasi
SHARE

ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പിയുടെ റിലീസ് ഹര്‍ത്താലിന് ശേഷം നടക്കും. ഹര്‍ത്താല്‍ അവസാനിക്കുന്ന 6 മണിക്ക് ശേഷം കേരളമെങ്ങും ഷോകള്‍ നടക്കുമെന്ന് വിതരണക്കാര്‍ അറിയിച്ചു. രാവിലെയുളള ഷോകള്‍ റദ്ദാക്കുകയായിരുന്നു. ഫസ്റ്റ് ഷോ, സെക്കന്‍ഡ് ഷോകളുടെ ടിക്കറ്റ് ബുക്കിങ് ഇപ്പോഴും തുടരുകയാണ്. നാൽപതോളം ചിത്രങ്ങളിൽ പല രൂപത്തിലും ഭാവത്തിലും നമ്മൾ ശ്രീനാഥ് ഭാസിയെ കണ്ടിട്ടുണ്ട്. എന്നാൽ ഭാസി ആദ്യമായി സോളോ ഹീറോ പരിവേഷത്തിൽ എത്തുന്ന ചിത്രമാണ് ചട്ടമ്പി. ശ്രീനാഥ് ഭാസിയുടെ സിനിമാ ജീവിതത്തിലെ ഇതുവരെ വന്നതിൽ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരിക്കും കറിയ എന്ന ചട്ടമ്പിയിലെ നായകൻ. അതുകൊണ്ടു തന്നെ ഭാസിയുടെ സിനിമ ജീവിതത്തിലെ വഴിത്തിരിവാകും ഈ കഥാപാത്രമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്.

1990കളുടെ പശ്ചാത്തലത്തിൽ ഇടുക്കിയിലെ മലയോര ​ഗ്രാമത്തിൽ നടന്ന യഥാർഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചട്ടമ്പിയുടെ കഥ വികസിക്കുന്നത്. കൂട്ടാർ എന്ന ​ഗ്രാമത്തിലെ എല്ലാവരും ഭയക്കുന്ന ചട്ടമ്പിയാണ് താഴേതിൽ അവിര മകൻ സക്കറിയ എന്ന കറിയ. മുട്ടാറ്റിൽ ജോൺ എന്ന ആ നാട്ടിലെ പണക്കാരന്റെ വലംകൈയാണ് കറിയ. ഒരു ഘട്ടത്തിൽ ജോണിന് പോലും കറിയ ബുദ്ധിമുട്ടായിത്തീരുന്നു. ഇതോടെ ഇരുവരും ശത്രുതയിലാവുകയാണ്. ശ്രീനാഥ് ഭാസി എന്ന അഭിനേതാവ് പലപ്പോഴും അസാമാന്യ പ്രകടനങ്ങൾ കൊണ്ട് നമ്മളെ ഞെട്ടിച്ചിട്ടുണ്ട്. പറവയിലെ വില്ലനും, വൈറസിലെ ഡോക്ടർ ആബിദ് റഹ്മാനും, കപ്പേളയിലെ റോയിയും, ട്രാൻസിലെ കുഞ്ഞനും ഹോമിലെ ആന്റണി ഒലിവർ ട്വിസ്റ്റും തുടങ്ങി ഭീഷ്മപർവത്തിലെ അമി വരെയുള്ള വ്യത്യസ്തമാർന്ന വേഷപ്പകർച്ചകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ കറിയ അതിലും മുകളിലായിരിക്കുമെന്നാണ് ചട്ടമ്പിയുടെ അണിയറക്കാർ പറയുന്നത്. ചിത്രത്തിന്റെ ടീസറും പിന്നീട് വന്ന രണ്ട് ട്രെയിലറുകളും ആ പ്രതീക്ഷ നൽകുന്നുണ്ട്. 

താൻ ഏറെ മോഹിച്ച ഒരു ജോണറും കഥാപാത്രവുമാണ് ചട്ടമ്പിയും കറിയയുമെന്ന് ശ്രീനാഥ് ഭാസി പറയുന്നു. വളറെ പരുക്കനായ ഒരു കഥാപാത്രമാണ് കറിയ, ഇത്തരം ഒരു കഥാപാത്രം എന്നും എന്റെ സ്വപ്നമായിരുന്നുവെന്നും ഭാസി പറഞ്ഞു. ചിത്രത്തിന്റെ പ്രചരണാർത്ഥം ഭാസി പാടിയ ഇങ്ങാട്ട് നോക്ക് പിച്ചി പൂത്തത് എന്ന ​ഗാനം ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

ആഷിഖ് അബുവിന്റെ അസോസിയേറ്റും 22 ഫീമെയിൽ കോട്ടയം, ഡാ തടിയ, ​ഗ്യാങ്സ്റ്റർ എന്നീ ചിത്രങ്ങളുടെ രചയിതാവുമായ അഭിലാഷ് എസ്. കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചട്ടമ്പി. ഡോൺ പാലത്തറയുടെ കഥക്ക് ചിത്രത്തിന്റെ ഛായാ​ഗ്രാഹകൻ കൂടിയായ അലക്സ് ജോസഫാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.  ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗിയാണ് ചിത്രം നിർമിക്കുന്നത്.  

ശ്രീനാഥ്‌ ഭാസിയെ കൂടാതെ ചെമ്പൻ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ്‌ ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവർ അഭിനയിക്കുന്നു. സിറാജ്, സന്ദീപ്, ഷനിൽ, ജെസ്ന ആഷിം എന്നിവർ സഹ നിർമ്മാതാക്കൾ ആയ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിറാജ്. സെബിൻ തോമസ് കലാ സംവിധാനവും ശേഖർ മേനോൻ സംഗീതവും നിർവഹിച്ചിരിക്കുന്നു. ജോയൽ കവിയാണ് എഡിറ്റർ. പ്രൊഡക്‌ഷൻ കൺട്രോളർ ജിനു, പിആർഒ ആതിര. കണ്ടന്റ് ഫാക്ടറിയാണ് പിആർ സ്ട്രാറ്റജി ആൻഡ് മാർക്കറ്റിങ്. മാജിക് ഫ്രെയിംസ് ആണ് വിതരണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}