ADVERTISEMENT

മലയാള സിനിമയുടെ സുവർണകാലഘട്ടമെന്ന് എല്ലാവരും ഒരു പോലെ വിശേഷിപ്പിക്കുന്ന 1980 കളിലാണ് സർഗധനരായ ഒരുപറ്റം യുവ സംവിധായകരുടെ അരങ്ങേറ്റമുണ്ടായത്. എഴുപ‌തുകളുടെ അവസാനത്തോടെയാണ് ഇവരിൽ പലരും രംഗത്തു വന്നതെങ്കിലും എൺപതുകളാണ് ഈ യുവസാരഥികളെ ഏറെ ശ്രദ്ധേയരാക്കിയത്. 

 

കെ.ജി.ജോർജ്, ഐ.വി.ശശി, ഭരതൻ, മോഹൻ, പത്മരാജൻ, ജോഷി, ഫാസിൽ, സത്യൻ അന്തിക്കാട്, പ്രിയദർശൻ, സിബി മലയിൽ, ബാലചന്ദ്രമേനോന്‍, കമൽ തുടങ്ങിയ ധിഷണാശാലികളായ ചലച്ചിത്രകാരന്മാരാണ് എൺപതുകളിലെ മലയാള സിനിമയെ സമ്പന്നമാക്കിയവരിൽ പ്രമുഖർ. അറുപത്–എഴുപതു കാലഘട്ടത്തിലുള്ള ക്രാന്തദർശികളായ മികച്ച ചലച്ചിത്രകാരന്മാരെ മറന്നുകൊണ്ടല്ല ഞാൻ ഈ അഭിപ്രായം രേഖപ്പെടുത്തുന്നത്. പ്രത്യേകിച്ച് ആരുടേയും പേരെടുത്തു ഞാൻ പറയുന്നില്ലെന്നു മാത്രം. 

balachandramenon-23

 

ഈ എൺപതുകളിൽത്തന്നെയാണ് ഞാനും ഒരു തിരക്കഥാകാരനായി രംഗത്തു വരുന്നത്. എൺപത് എന്നെയും സഹർഷം സ്വാഗതം ചെയ്യുകയായിരുന്നു. ജോഷി –കലൂർ ഡെന്നിസ്– മമ്മൂട്ടി ടീം എന്ന പേരിൽ സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കുന്ന ഞങ്ങൾക്ക് അന്നൊരു പ്രത്യേക വിശേഷണം കൂടിയുണ്ടായിരുന്നു– എറണാകുളം ബെൽറ്റ്. അതേ പോലെ തന്നെ പ്രിയദർശൻ– മോഹൻലാൽ– ജി. സുരേഷ്കുമാർ എന്ന പേരിൽ ഒരു തിരുവനന്തപുരം ബെൽറ്റും അന്ന് രൂപം കൊണ്ടിരുന്നു. എന്നാൽ ഈ രണ്ടു ബെൽറ്റിലും പെടാത്ത ഒരു ‘സ്ട്രോങ്’ ബെൽറ്റും അന്നുണ്ടായിരുന്നു. മലയാളത്തിൽ ഒത്തിരി ഹിറ്റുകൾ ഒരുക്കിയ അനുഗൃഹീത കലാകാരനായ ബാലചന്ദ്രമേനോന്റെ ഒരു തനി ബെൽറ്റ്. ഒരു ഒറ്റയാൾ പട്ടാളം പോലെയായിരുന്നു ബാലചന്ദ്രമേനോന്‍. മേനോന്റെ ചലച്ചിത്ര വഴികളിലൂടെ ഒന്നു സഞ്ചരിക്കാം.

utradarathri

 

കൊല്ലത്തെ ഒരു കൊച്ചു ഗ്രാമത്തിൽനിന്നു ‘നാന’ എന്ന സിനിമാവാരികയുടെ ലേഖകനായി മദ്രാസ് എന്ന മഹാനഗരത്തിലെത്തിയ, ഈ കൊച്ചു വലിയ മനുഷ്യന്റെ സിനിമാ സ്വപ്നങ്ങൾ വിരിയുന്നത് സിനിമയുടെ ഈറ്റില്ലമായ കോടമ്പാക്കത്തെ ചുട്ടുപൊള്ളുന്ന മണ്ണിൽ നിന്നാണ്. നല്ല ഭാഷാസ്വാധീനവും വാൾത്തലപ്പിന്റെ മൂർച്ചയുള്ള സംസാരവും ആരുടെയും മുമ്പിൽ ഓച്ഛാനിച്ചു നിൽക്കാത്ത വ്യക്തിത്വവും കൊണ്ട് മദ്രാസിലെ സാമ്പ്രദായിക ഫിലിം ജേണലിസ്റ്റുകളിൽനിന്നു തികച്ചും വ്യത്യസ്തനായിരുന്നു മേനോൻ. സ്റ്റുഡിയോകളില്‍നിന്നു സ്റ്റുഡിയോയിലേക്ക് ഓടിനടന്നിരുന്ന ബാലചന്ദ്രമേനോൻ എന്ന സ്മാർട്ട് പയ്യൻ സിനിമാക്കാരുടെ ഇടയിൽ പെട്ടെന്നുതന്നെ ഒരു ജന്റിൽമാൻ ഇമേജ് നേടിയെടുക്കുകയും ചെയ്തു.

 

പിന്നെ എല്ലാം നടന്നത് ഒരു നിമിത്തം പോലെയായിരുന്നു. രണ്ടു വർഷക്കാലത്തെ ഫിലിം ജേണലിസത്തിൽനിന്നു കിട്ടിയ സൗഹൃദത്തിൽ നിന്നാണ് മേനോന്റെ ആദ്യ ചിത്രമായ ‘ഉത്രാടരാത്രി’ ജന്മം കൊള്ളുന്നത്. കോടമ്പാക്കത്തെ ഒരു ലോഡ്ജിൽ താമസിക്കുമ്പോൾ റൂംമേറ്റും അഭിനയമോഹിയുമായിരുന്ന ശശിയെന്ന ചെറുപ്പക്കാരന് മേനോന്റെ സിനിമയോടുളള പാഷൻ കണ്ടപ്പോഴുണ്ടായ ഒരു കൗതുകം, മേനോൻ പറഞ്ഞ സിനിമാക്കഥ ആസ്വദിച്ചപ്പോൾ തോന്നിയ ആത്മവിശ്വാസം, ഒരു ദിവസം രാത്രി ലോഡ്ജ് മുറിയുടെ തുറന്നിട്ട ജാലകത്തിലൂടെ വരുന്ന നിലാവലകളെ സാക്ഷി നിർത്തിക്കൊണ്ട് ശശി ബാലചന്ദ്ര മേനോന് ഒരു വാക്ക് കൊടുത്തു: ‘‘എന്റെ സിനിമ സംവിധാനം ചെയ്യുന്നത് ബാലചന്ദ്രമേനോനായിരിക്കും’.’ 

balachandramenon-school

 

മേനോന്റെ മിഴികളിൽ താൻ കേട്ട വാക്കുകൾ സത്യമോ മിഥ്യയോ എന്ന നിസ്സഹായതയായിരുന്നു. എല്ലാം ഈശ്വരൻ മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച ഒരു തിരക്കഥ പോലെയാണ് മേനോന് തോന്നിയത്. പിന്നെ നടന്നതെല്ലാം മേനോന്റെ അതിരുകളില്ലാത്ത സ്വപ്നങ്ങളുടെ സാക്ഷാൽക്കരമായിരുന്നു. ഒരു സംവിധായകന്റെയും കൂടെ സഹായിയായൊന്നും നിൽക്കാതെ, താൻ സ്വയം സ്വായത്തമാക്കിയ അനുഭവങ്ങളുമായി എല്ലാം ഈശ്വരന്മാരെയും മനസ്സിൽ ധ്യാനിച്ചുകൊണ്ടാണ് മേനോൻ ആദ്യമായി ‘ഉത്രാടരാത്രി’യുടെ ലൊക്കേഷനിൽ ചെന്നിറങ്ങിയത്. യാതൊരു അപരിചിതത്വവും ടെൻഷനുമില്ലാതെ വളരെ എക്സ്പീരിയൻസുള്ള ഒരു സംവിധായകനെപ്പോലെ ആദ്യത്തെ ഷോട്ടെടുത്തപ്പോൾ പ്രൊഡക്‌ഷൻ യൂണിറ്റ് ഒന്നടങ്കം കയ്യടിച്ചതു മേനോനിൽ ആത്മവിശ്വാസം വളർത്തുകയായിരുന്നു. 

 

ആദ്യചിത്രം അത്ര വലിയ വിജയമായിരുന്നില്ലെങ്കിലും രണ്ടാമതു വന്ന ‘രാധ എന്ന പെൺകുട്ടി’ വിജയമായതോടെ പിന്നീട് മേനോനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഏപ്രില്‍ 18, അണിയാത്ത വളകൾ, ഇഷ്ടമാണ് പക്ഷേ, കേൾക്കാത്ത ശബ്ദം, കാര്യം നിസ്സാരം തുടങ്ങിയ ചിത്രങ്ങളും വൻ വിജയങ്ങളായതോടെ ഒരു വ്യാഴവട്ടക്കാലം മലയാള സിനിമ മേനോൻ എന്ന സകലകലാവല്ലഭന്റെ പുറകെയായിരുന്നു. 

 

വിളവ് അധികം ജോലിക്കാർ കുറവ് എന്ന് പറയുന്നതുപോലെ വിജയങ്ങൾ കൂടുതലും പരാജയങ്ങൾ കുറവുമുള്ള ഒരു ചലച്ചിത്രകാരനായി മാറുകയായിരുന്നു മേനോൻ. പല ചിത്രങ്ങളും സ്ത്രീത്വത്തെ മഹത്വവൽക്കരിക്കുന്ന സോദ്ദേശ്യ ചിത്രങ്ങളായിരുന്നു. ഒരു സീനിലോ ഒരു സംഭാഷണത്തിലോ പോലും സ്ത്രീകളെ മോശമാക്കുന്ന തരത്തിലുള്ളതൊന്നും മേനോൻ എഴുതിച്ചേർത്തിട്ടില്ല.  

 

balachandramenon-2

ഇതിനിടയിൽ ജനപ്രിയ സിനിമകൾ മാത്രം ചെയ്തിരുന്ന മേനോൻ ട്രാക്ക് മാറ്റി സാമൂഹിക പ്രസക്തിയുള്ള ചില സിനിമകളും ചെയ്തിട്ടുണ്ട്. അതില്‍ ഏറെ പ്രശംസ നേടിയ ചിത്രമാണ് ‘സമാന്തരങ്ങൾ’. ആ ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഏറ്റവും നല്ല നടനുള്ള നാഷനൽ അവാർഡും മേനോനെ തേടി എത്തുകയുണ്ടായി. കൂടാതെ 2007 ൽ മേനോനെ തേടി പത്മശ്രീ പുരസ്കാരവുമെത്തി.

 

ഞാൻ ബാലചന്ദ്രമേനോനെ ആദ്യമായി കാണുന്നത് നാൽപത്തിയഞ്ചു വർഷം മുൻപുള്ള ഒരു ഡിസംബർ മധ്യാഹ്നത്തിലാണ്. ആദ്യം കണ്ട സ്ഥലവും സമയവും എന്റെ മനസ്സിൽ മായാതെ കിടപ്പുണ്ട്. മദ്രാസിലെ എവിഎം സ്റ്റുഡിയോയിലെ സി തിയറ്ററിന്റെ മുൻപിലെ തണല്‍ മരത്തിനു കീഴെ വച്ചാണ് ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയുണ്ടാകുന്നത്. ഞാൻ അന്ന് ചിത്രപൗർണമി സിനിമാ വാരിക നടത്തുന്നു. മേനോൻ ‘നാന’ വാരികയുടെ മദ്രാസ് ലേഖകനായി കോടമ്പാക്കത്ത് വിലസി നടക്കുകയാണ്. ഞാൻ അന്ന് സിനിമയിൽ കഥാകാരനായിട്ടൊന്നും എത്തിയിട്ടില്ല. ഐ.വി.ശശി സംവിധാനം ചെയ്യാൻ പോകുന്ന ‘ഈ മനോഹരതീരം’ എന്ന ചിത്രത്തിന്റെ റെക്കോർഡിങ് സംബന്ധമായി അതിന്റെ നിര്‍മാതാക്കളുമായുള്ള അടുപ്പത്തിന്റെ പേരിൽ അവർ എന്നെ നിർബന്ധപൂർവം വിളിച്ചു കൊണ്ടുവന്നിരിക്കുകയാണ്. അന്ന് ഞങ്ങളുടെ മദ്രാസ് ലേഖകനും സുഹൃത്തുമായിരുന്ന രഘുരാജ് നെട്ടൂരാനാണ് ബാലചന്ദ്ര മേനോനെക്കുറിച്ച് എന്നോട് ആദ്യം പറയുന്നത്. 

 

റെക്കോർഡിങ്ങിനു ക്ഷണിക്കേണ്ട വ്യക്തികളെക്കുറിച്ചും ഫിലിം ജേണലിസ്റ്റുകളെക്കുറിച്ചുമൊക്കെ സംസാരിക്കാൻ വേണ്ടി ഞങ്ങൾ രഘുരാജിനെ വിളിക്കാൻ തീരുമാനിച്ചു. രഘുരാജ് അന്ന് പറഞ്ഞ വാചകം ഇന്നും എന്റെ ഓർമയിലുണ്ട്: ‘‘നമ്മൾ മസ്റ്റായിട്ടും വിളിക്കേണ്ട ഒരാളുണ്ട്, ബാലചന്ദ്രമേനോൻ. ജേണലിസത്തില്‍ ഗോൾഡ് മെഡൽ നേടിയ മിടുക്കനായ ഒരു കക്ഷി. എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ഈ മനോഹര തീരത്തെക്കുറിച്ച് മേനോനെക്കൊണ്ട് ‘നാന’യിൽ നല്ലൊരു റൈറ്റപ്പ് എഴുതിക്കാം. ഞാൻ മേനോനോട് ഇങ്ങോട്ടു വരാൻ പറഞ്ഞിട്ടുണ്ട്.’’

 

മേനോന്റെ ഗുണഗണങ്ങളെക്കുറിച്ച് രഘുരാജ് പറഞ്ഞപ്പോൾ എനിക്ക് ആളെ നന്നായിട്ടൊന്ന് പരിചയപ്പെട്ടാൽ കൊള്ളാമെന്നു തോന്നി. 

 

ഞങ്ങൾ മേനോൻ വരുന്നതും നോക്കി റെക്കോർഡിങ് തിയറ്ററിനോടു ചേർന്നുള്ള തണൽ മരത്തിനു താഴെ നിൽക്കുകയാണ്. തെല്ലു നേരം കഴിഞ്ഞപ്പോൾ അൽപം അകലെ നിന്ന് നീണ്ടു മെലിഞ്ഞ സുന്ദരനായ ഒരു ചെറുപ്പക്കാരൻ നടന്നു വരുന്നതു കണ്ടു. കത്തുന്ന വെയിലിനെ പ്രതിരോധിക്കാനായി വലിയൊരു കാലൻ കുടയും ചൂടി മുണ്ടും സ്ളാക്കും ധരിച്ച് ഒരു നാട്ടിൻപുറത്തുകാരന്റെ ഭാവഹാവാദികളോടെയാണ് കക്ഷിയുടെ വരവ്. ആദ്യ കാഴ്ചയിൽ ഒരു ഫിലിം ജേണലിസ്റ്റ് ആണെന്നു തോന്നുകയേയില്ല.

 

കക്ഷി വളരെ പതുക്കെ നടന്ന് ഞങ്ങളുടെ അടുത്തെത്തിയപ്പോൾ രഘുരാജ് പരിചയപ്പെടുത്തി: ‘‘ഇതാണ് ഞാൻ പറഞ്ഞ ബാലചന്ദ്രമേനോൻ’’ 

 

ആദ്യം ഞങ്ങൾ സംസാരിച്ചത് ‘ഈ മനോഹരതീര’ത്തെക്കുറിച്ചും റെക്കോർഡിങ്ങിനു ക്ഷണിക്കേണ്ട പ്രമുഖ വ്യക്തികളെക്കുറിച്ചുമൊക്കെയാണ്. പിന്നെ ഞങ്ങൾ അൽപം മാറിനിന്ന് പരസ്പരം അറിയാൻ ശ്രമിക്കുകയായിരുന്നു. രണ്ടു പത്രക്കാർ തമ്മിലുള്ള ഔപചാരികമായ ഒരു കൂടിക്കാഴ്ചയായിരുന്നില്ലത്. മുൻപരിചയമുള്ള രണ്ടു സുഹൃത്തുക്കളെപ്പോലെ മനസ്സ് തുറന്നുള്ള ഒരു ആശയവിനിമയമാണ് അവിടെ നടന്നത്. അന്ന് ഞങ്ങള്‍ കണ്ടുപിരിഞ്ഞതിനു ശേഷം രണ്ടു മാസം കഴിഞ്ഞ് ഞാൻ മദ്രാസിൽ ചെന്നപ്പോഴും മേനോനെ കാണുകയുണ്ടായി. മേനോന്റെ ചടുലതയുള്ള സംസാരവും പ്രത്യേക തരത്തിലുള്ള മാനറിസവും എന്നെ മേനോനിലേക്ക് കൂടുതൽ അടുപ്പിക്കുകയായിരുന്നു. 

 

പിന്നീട് മേനോനെ ഞാൻ കാണുന്നത് ഒരു വർഷത്തിനു ശേഷം ‘ഇഷ്ടമാണ് പക്ഷേ’ യുടെ ലൊക്കേഷനിൽ വച്ചാണ്. എറണാകുളത്ത് ഞാനറിയുന്ന ഒരു വ്യക്തിയായിരുന്നു അതിന്റെ നിർമാതാവ്. ‘ഇഷ്ടമാണ് പക്ഷേ’ കൂടി വന്നതോടെ മേനോൻ തിരക്കിൽനിന്ന് തിരക്കിലേക്ക് നീങ്ങുകയായിരുന്നു. ആ സമയം ഞാനും തിരക്കഥാകാരനായി സിനിമയിൽ സജീവമായിക്കഴിഞ്ഞിരുന്നു. മേനോൻ ഏതെങ്കിലും സിനിമയുടെ ‍‍ഡിസ്ക്കഷനുമായി എറണാകുളത്തു വരുമ്പോൾ മിക്കവാറും എന്നെ വിളിക്കാറുണ്ട്. മേനോന്റെ ‘ഏപ്രിൽ 18’ നോട് ഞാൻ എഴുതിയ ‘സന്ദർഭം’ മത്സരിച്ചപ്പോൾ മേനോൻ തിരുവനന്തപുരത്തുനിന്ന് എന്നെ വിളിച്ചു.

 

മേനോന്റെ സ്വതസിദ്ധമായ തമാശ നിറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു: ‘‘നിങ്ങൾ എന്നോട് മത്സരിക്കുകയാണല്ലേ? ആയിക്കോട്ടെ, നമ്മുടെ എല്ലാ ചിത്രങ്ങളും വളരെ നന്നായിട്ട് ഓടട്ടെ. സിനിമാ ഇൻഡസ്ട്രിക്ക് ഒരു ഉണര്‍വ് ഉണ്ടാകട്ടെ.’’

 

ഞാനും മേനോനുമായി പരിചയപ്പെട്ടിട്ട് നീണ്ട നാൽപത്തിയഞ്ചു വർഷങ്ങൾ ഓടി മറഞ്ഞത് അറിഞ്ഞതേയില്ല. ഇപ്പോഴും ഞാനും മേനോനും തമ്മിൽ ഫോണിലൂടെ ആശയവിനിമയങ്ങൾ നടത്താറുണ്ട്. സിനിമ ഒരു യന്ത്രവത്കൃത കലയായത് കൊണ്ട് അതിൽ സഹകരിക്കുന്നവരിൽ പലരുടെയും മനസ്സും യന്ത്രം പോലെയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും ബാലചന്ദ്രമേനോൻ പഴയ സൗഹൃദങ്ങളെയും ബന്ധങ്ങളെയും എന്നും മനസ്സിൽ സൂക്ഷിക്കുന്ന നല്ലൊരു സ്നേഹത്തണലായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. 

 

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com