ADVERTISEMENT

ഒരൊറ്റ ഫോൺ കോളിലൂടെയാണ് പൃഥ്വിരാജ് തന്റെ മനസ്സു കീഴടക്കിയതെന്ന് സുപ്രിയ മേനോൻ. സിനിമയുമായി ബന്ധപ്പെട്ടാണ് പൃഥ്വിരാജിനെ വിളിച്ചത്. പതിയെ സുഹൃത്തുക്കളായി. പിരിയാൻ കഴിയാത്ത ബന്ധം തങ്ങൾക്കിടയിൽ ഉണ്ടാകുകയും ചെയ്തു. എന്നാൽ ഒരിക്കലും പൃഥ്വിരാജിനെ ഇന്റർവ്യൂ ചെയ്തിട്ടില്ലെന്നും സുപ്രിയ മേനോൻ പറയുന്നു. ടൈ കേരളയുടെ വിമന്‍ ഇന്‍ ബിസിനസ് കോണ്‍ക്‌ളേവില്‍ സംസാരിക്കവെയാണ് സുപ്രിയ തന്റെ ജീവിതത്തെപ്പറ്റി തുറന്നു പറഞ്ഞത്. ഒരു സിനിമാ നിർമാതാവ് എന്ന നിലയിൽ സിനിമയിൽ സ്ത്രീപ്രാധിനിത്യം ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്നും സുപ്രിയ മേനോൻ കൂട്ടിച്ചേർത്തു.

‘‘എല്ലാവരും കരുതുന്നതുപോലെ അഭിമുഖം ചെയ്യാൻ ഫോണിൽ വിളിച്ചതിനുശേഷം പൃഥ്വിരാജുമായി പ്രണയത്തിലായതല്ല ഞാൻ. സിനിമയുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് തയാറാക്കാൻ വിഷമിച്ചു നിന്ന എനിക്ക് ഒരു കൂട്ടുകാരിയാണ് പൃഥ്വിരാജിന്റെ നമ്പർ തന്നിട്ട് മലയാളത്തിലെ യുവ താരമാണ്, വിളിച്ചു നോക്കൂ എന്ന് പറഞ്ഞത്. അതുവരെ മലയാളത്തിൽ മമ്മൂക്കയെയും ലാലേട്ടനെയും മാത്രമേ എനിക്ക് അറിയാമായിരുന്നുള്ളൂ. ഞങ്ങളുടെ പ്രണയത്തിനു പിന്നിൽ ഒരു വലിയ കഥ തന്നെയുണ്ട്.

എന്നെ ജീവിതം പഠിപ്പിച്ച നഗരമാണ് മുംബൈ. മുംബൈ ഒരു നഗരമാണെങ്കിൽ ബോംബെ എനിക്കൊരു വികാരമാണ്. എന്റെ വീട് എന്നു ഞാൻ വിളിക്കുന്ന സ്ഥലം, വലിയ സ്വപ്നം കാണാൻ എന്നെ പഠിപ്പിച്ച സ്ഥലം. എൻഡിടിവിയിൽ പ്രവർത്തിക്കുന്ന സമയത്ത് പല സാഹചര്യങ്ങളിലുള്ള വാർത്തകൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറീസ്, റിയൽ എസ്റ്റേറ്റ്, മിഡിൽ ക്ലാസ് കുടുംബങ്ങളുടെ ജീവിതം, മാളുകളായി മാറുന്ന സ്ഥലങ്ങൾ അങ്ങനെ നിരവധി. പണത്തിനായി ഡാൻസ് ബാറുകളിൽ നൃത്തം ചെയ്യുന്ന പെൺകുട്ടികളുടെ ആശങ്കകൾ കേൾക്കാനും അവരുടെ അഭിമുഖം എടുക്കാനും അവസരം ലഭിച്ചു.

prithviraj-supriya

മുംബൈയിൽ ഒരു മേഘവിസ്‌ഫോടനം ഉണ്ടായതും ഞാൻ റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് ഏകദേശം 700 പേർ മരിച്ചു. മുംബൈയിലെ ട്രെയിൻ സ്ഫോടന പരമ്പരകളും ഞാൻ റിപ്പോർട്ട് ചെയ്തു. ട്രെയിനിന്റെയും മനുഷ്യന്റെയും ഭാഗങ്ങൾ ഇടകലർന്നു ചിതറിത്തെറിച്ചു കിടക്കുന്നത് നേരിട്ടു കണ്ടു. ആ കാഴ്ചകൾ എന്നെ ജീവിതത്തിലുടനീളം ഹോണ്ട് ചെയ്തുകൊണ്ടേയിരിക്കും. ആയിടയ്ക്കാണ് എനിക്ക് കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ ഇന്റർനാഷനൽ അഫയേഴ്‌സിൽ മാസ്റ്റേഴ്‌സിന് പ്രവേശനം ലഭിച്ചത്. പക്ഷേ ആ പ്രോഗ്രാമിനു വേണ്ട തുക സംഘടിപ്പിക്കാൻ കഴിയാതെ വന്നപ്പോൾ അത് മാറ്റിവച്ചു. ആ സമയത്താണ് എൻഡിടിവിയിലെ എഡിറ്റർ മലയാള സിനിമയെക്കുറിച്ച് ഒരു അസൈൻമെന്റ് ചെയ്യാൻ എന്നെ ഏൽപച്ചത്.

സിനിമയെക്കുറിച്ച് ഒന്നും അറിയാതിരുന്ന എനിക്ക് ആകെ അറിയാമായിരുന്നത്, മലയാള സിനിമയിലെ രണ്ട് വലിയ ‘എം’ (മോഹൻലാൽ– മമ്മൂട്ടി) കളെക്കുറിച്ചാണ്. എന്റെ ഒരു സുഹൃത്താണ് പൃഥ്വിരാജിന്റെ നമ്പർ തന്നിട്ട് വിളിക്കാൻ പറഞ്ഞത്. ‘മലയാളത്തിലെ ഒരു യുവനടനാണ്, അദ്ദേഹത്തെ വിളിച്ചാൽ കുറച്ച് കാര്യങ്ങൾ അറിയാൻ സാധിക്കും’ എന്ന് അവൾ എന്നോടു പറഞ്ഞു. ആ ഒരു ഫോൺ കോൾ എന്റെ ജീവിതത്തിന്റെ ഗതി മാറ്റിമറിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. എന്റെ സുഹൃത്ത്, എന്റെ ഭാവി ഭർത്താവ് പൃഥ്വിരാജ് സുകുമാരനെപ്പറ്റിയാണ് അവർ എന്നോടു പറയുന്നതെന്ന് ഞാനന്ന് ഓർത്തില്ല. ആദ്യത്തെ ഫോൺ കോൾ മുതൽ ഞങ്ങൾ തമ്മിൽ ഒരു അടുപ്പം ഉടലെടുത്തു. ഞാനൊരിക്കലും പൃഥ്വിരാജിന്റെ അഭിമുഖം നടത്തിയിട്ടില്ല, അതിനാൽ ഒരു പത്രപ്രവർത്തകയെന്ന നിലയിൽ എന്റെ സത്യസന്ധതയ്ക്ക് ഒരിക്കലും കോട്ടംതട്ടില്ല. ഞങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായി വന്നപ്പോൾ ഞങ്ങൾ ഡേറ്റിങ് ആരംഭിച്ചു.

ആ സമയത്ത് ബിബിസിയിൽനിന്ന് എനിക്ക് ഒരു പുതിയ ബിസിനസ് പ്രോഗ്രാമിന്റെ അസൈൻമെന്റ് ലഭിച്ചു. ഒരു അഭിമുഖത്തിനു ചെല്ലാൻ എന്നോടവർ പറഞ്ഞു, ഞാൻ തിരിച്ചിറങ്ങിയത് ബിബിസിയിലെ ജോലിയുമായി ആയിരുന്നു. ഒരിക്കലും ബിസിനസ് ജേണലിസത്തിൽ പ്രവർത്തിച്ചിട്ടില്ലാത്ത എനിക്ക് സമ്പദ്‌വ്യവസ്ഥയുടെയോ വിപണിയുടെയോ ഉയർച്ച താഴ്ചകളെ കുറിച്ച് ഒരു ബോധ്യവും ഇല്ലായിരുന്നു. ആദ്യ ദിവസം മുതൽ എനിക്ക് പുതിയ കാര്യങ്ങൾ പഠിക്കേണ്ടി വന്നു. ട്രെയിനിങ്ങിൽ പങ്കെടുക്കാൻ ലണ്ടൻ ഓഫിസിൽ ആയിരിക്കുമ്പോഴാണ് മുംബൈയിൽ ഭീകരാക്രമണം ഉണ്ടായത്. തൊട്ടുപിന്നാലെ ആഗോള സാമ്പത്തിക മാന്ദ്യം വന്നു. കൊളംബിയയിലേക്ക് പോകാനുള്ള സ്വപ്നം ഞാൻ ഉപേക്ഷിച്ചു.

എന്റെ പ്രഫഷനൽ ജീവിതം മികച്ചരീതിയിൽ മുന്നേറുന്നതിനൊപ്പം എന്റെ ജീവിതത്തിൽ പ്രണയം പൂത്തുലയുകയും ചെയ്തു. നാലുവർഷത്തെ ഡേറ്റിങ്ങിനു ശേഷം പൃഥ്വിയും ഞാനും അത് ഔദ്യോഗികമാക്കാനും വിവാഹിതരാകാനും തീരുമാനിച്ചു. ഞാൻ ജോലിയിൽനിന്ന് ആറു മാസത്തെ അവധിയെടുത്തു. വളരെ സ്വകാര്യമായ ഒരു ചടങ്ങിൽ ഞങ്ങൾ വിവാഹം കഴിച്ചു. കുറച്ചു മാസങ്ങൾ കേരളത്തിൽ താമസിച്ചതിനു ശേഷം ഞാൻ മുംബൈയിലേക്കുതന്നെ മടങ്ങി. എന്നാൽ ഒരു നടന്റെ ജീവിതം നിലനിർത്തുന്നത് വളരെ കഠിനമായിരുന്നു, അതിനുശേഷം എല്ലാ കാര്യങ്ങളെക്കുറിച്ചും ചിന്തിച്ചുറപ്പിച്ച് ഒടുവിൽ ഞാൻ കേരളത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചു.

prithviraj-and-supriya-shares-adorable-picture-of-alankrita-on-her-birthday

പക്ഷേ നാട്ടിൽ വന്ന എനിക്ക് ജീവിതത്തിൽ ആദ്യമായി, ഒരു ലക്ഷ്യമില്ലാത്തതുപോലെ തോന്നി. അത് എന്നെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പൃഥ്വിയോടൊപ്പം ഞാൻ ഒരുപാട് യാത്ര ചെയ്തു, പൃഥ്വിയുടെ സിനിമാ ലൊക്കേഷനിൽ പോയി. പക്ഷേ എനിക്ക് മുന്നോട്ടുള്ള ജീവിതത്തിൽ ഒരു പ്ലാൻ ആവശ്യമാണെന്ന തീരുമാനത്തിൽ അവസാനം എത്തി. അങ്ങനെ ഞാൻ മാനേജ്‌മെന്റിൽ ഒരു ചെറിയ കോഴ്‌സിന് ചേരാൻ തീരുമാനിച്ചു. വളരെ ഹ്രസ്വവും എന്നാൽ ഒരുപാട് അറിവ് പകർന്നുതന്നതുമായ ഒരു കോഴ്‌സായിരുന്നു അത്. 2014-ൽ എനിക്ക് അലംകൃതയെ കിട്ടി, അതിനുശേഷം മാതൃത്വത്തിന്റേതായ കെട്ടുപാടുകളിൽ ചുറ്റിപ്പിണഞ്ഞ് കുറച്ചു വർഷങ്ങൾ കഴിയേണ്ടിവന്നു. എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടമായിരുന്നു അത്. ഈ സമയമായപ്പോഴേക്കും എനിക്ക് സിനിമയിൽ താൽപര്യം തോന്നിത്തുടങ്ങി. പക്ഷേ എങ്ങനെ പ്രവർത്തിക്കണമെന്നോ അതിന്റെ പിന്നിലെ പ്രശ്നങ്ങളോ ഒന്നും എനിക്കറിയില്ല.

ആദ്യം മുതലേ പൃഥ്വിയും ഞാനുംകൂടി സ്വന്തമായി ഒരു പ്രൊഡക്‌ഷൻ കമ്പനി സ്ഥാപിക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. ഒടുവിൽ 2017 ൽ പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് തുടങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. ഞങ്ങളുടെ ആദ്യ പ്രോജക്റ്റിനായി സോണി പിക്ചേഴ്‌സ് ഇന്റർനാഷനലുമായി സഹകരിച്ച് ചെയ്ത ചിത്രമാണ് നയൻ. അതൊരു സയൻസ് ഫിക്‌ഷൻ ചിത്രമായിരുന്നു. ഞങ്ങളുമായി സഹകരിക്കാൻ സോണി തയാറായതിൽ ശരിക്കും സന്തോഷമുണ്ട്. നയൻ അടിസ്ഥാനപരമായി വിജയമായിരുന്നില്ല, അത് കാലങ്ങൾക്കു മുന്നേ സഞ്ചരിച്ച ചിത്രമാണ്. പക്ഷേ നയൻ എന്നിലെ നിർമാതാവിനെ കണ്ടെത്തിയ ചിത്രമാണ്.

സോണി പോലുള്ള കോർപറേറ്റ് ഭീമനുമായി സഹകരിക്കാനും നിയമപരവും സാമ്പത്തികപരവുമായ രേഖകൾ വളരെ പ്രഫഷനലായി കൈകാര്യം ചെയ്യാനും ആ സിനിമ മൂലം എനിക്കു സാധിച്ചു. മണാലി പോലൊരു സ്ഥലത്ത് എങ്ങനെ ഷൂട്ട് ആസൂത്രണം ചെയ്യാമെന്നും എക്സിക്യൂട്ട് ചെയ്യാമെന്നും എനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു. 2018 ലെ വേനൽക്കാലത്തതാണ് ഞങ്ങൾ ഷൂട്ട് ചെയ്തത്. ചെക്കുകളിൽ ഒപ്പിടുന്ന ഒരാൾ മാത്രമല്ല, ശരിയായ സ്‌ക്രിപ്റ്റ് കണ്ടെത്തുന്നത് മുതൽ ലീഡ് കാസ്റ്റു ചെയ്യുന്നത് വരെ, തുടക്കം മുതൽ ഒടുക്കം വരെ തന്റെ സമയം സിനിമയിൽ നിക്ഷേപിക്കേണ്ട ഒരാളാണ് നിർമാതാവ് എന്ന് ഞാൻ പഠിച്ചു. എന്റെ കാര്യത്തിൽ സിനിമയിലെ നായകനെ കണ്ടെത്താൻ ഏറെ ദൂരം പോകേണ്ടി വന്നില്ല അയാൾ വീട്ടിൽത്തന്നെ ഉണ്ടായിരുന്നു. ഒരു നിർമാതാവ് എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്ന ഒരു സിനിമയാണ് നയൻ. സിനിമ ബജറ്റിന് ഉള്ളിൽ ചെയ്തു തീർക്കുക എന്നത് ആദ്യമായി സിനിമ നിർമിക്കുന്ന ആളിനെ സംബന്ധിച്ച് വിജയം തന്നെയാണ്. നയനു ശേഷം നിരവധി മലയാള ചിത്രങ്ങളും കെജിഎഫ്, ചാർളി തുടങ്ങിയ ചിത്രങ്ങളുടെ മലയാള വിതരണവും ഞങ്ങൾ ചെയ്തു. ഇപ്പോൾ ആദ്യത്തെ ഹിന്ദി ചിത്രം ചെയ്യാൻ തയാറെടുക്കുന്നു. ഒടുവിൽ ചെയ്ത ഗോൾഡും റിലീസിന് തയാറെടുക്കുകയാണ്.

prithviraj-supriya-wedding-anniversary

എന്തുകൊണ്ടാണ് ഞാൻ സിനിമയിലേക്കു പ്രവേശിച്ചതെന്ന് ഞാനെന്നും ഓർക്കാറുണ്ട്. സിനിമയ്ക്ക് മനുഷ്യരുടെ മനസ്സ് മാറ്റാനും ഹൃദയങ്ങളെ ചലിപ്പിക്കാനും ആളുകളെ സ്വാധീനിക്കാനും കഴിവുണ്ട്. നമ്മൾ ഒരു സിനിമ ചെയ്യുമ്പോൾ അത് എന്നും മനസ്സിൽ സൂക്ഷിക്കുന്ന ഒന്നാകണമെന്നുള്ളത് പ്രധാനമാണ്. ഈ തൊഴിലിൽ എന്റെ വ്യക്തിമുദ്ര പതിപ്പിക്കണം, അതിനൊപ്പംതന്നെ കൂടുതൽ സ്ത്രീ കേന്ദ്രീകൃത സിനിമകൾ ചെയ്യാനും ഞാൻ ആഗ്രഹിക്കുന്നു. പുതിയ പ്രതിഭകളെ കണ്ടെത്തുകയും പരിചയപ്പെടുത്തുകയും കൂടുതൽ സ്ത്രീകളെ ഈ തൊഴിലിലേക്ക് കൊണ്ടുവരുകയും ചെയ്യണം. നമുക്ക് ഈ മേഖലയിൽ കുറവുള്ളതും സ്ത്രീകളുടെ സാന്നിധ്യമാണ്. സിനിമ ഒരു വലിയ വ്യവസായമാണ്, അതിൽ ധാരാളം അവസരങ്ങളുണ്ട്, ആ അവസരങ്ങൾ സ്ത്രീകൾക്ക് പ്രാപ്യമാക്കണം, അതാണ് എന്റെ ലക്ഷ്യം. എല്ലാവർക്കും വളരാനുള്ള പിന്തുണ കിട്ടുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആർക്കും എപ്പോൾ വേണമെങ്കിലും സമീപിക്കാനും സംസാരിക്കാനും ഞാൻ ഇവിടെയുണ്ട്.’’ സുപ്രിയ പറഞ്ഞു നിർത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com