ADVERTISEMENT

കൽക്കി എഴുതിയ തമിഴ് സാഹിത്യത്തിലെ ഇതിഹാസ രചന ‘പൊന്നിയിൻ സെൽ‌വന്’ അതേ പേരിൽ‌ മണിരത്നം രചിച്ച ചലച്ചിത്രഭാഷ്യം തമിഴ് സിനിമയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തിലെ ഒരപൂർവ മുഹൂർത്തമാണ്.  സെന്തമിഴിൽ സൃഷ്ടിച്ച ചിത്രം അഞ്ചു ഭാഷകളിലാണ് മൊഴിമാറ്റം ചെയ്തത്. പൊതുവെ തമിഴ് മനസ്സിലാകുന്ന മലയാളിക്ക് പൊന്നിയൻ സെൽവന്റെ ഭാഷ മനസ്സിലാക്കാൻ പ്രയാസമുണ്ടാകും എന്ന് മനസ്സിലാക്കിയാണ് മണിരത്നം ഈ ചിത്രത്തിന്റെ മൊഴിമാറ്റം ശങ്കർ രാമകൃഷ്‌ണനെ ഏൽപ്പിച്ചത്.  മദ്രാസ് ടാക്കീസിന്റെ തിയറ്ററിൽ സിനിമയുടെ പ്രിവ്യു ഇട്ടു കണ്ടിട്ട് അവരുടെ ആളുകളുമായി ഇരുന്നു ചർച്ച ചെയ്ത് ആണ് മലയാള സംഭാഷണം എഴുതിയത് എന്ന് ശങ്കർ പറഞ്ഞിരുന്നു. ആ പരിശ്രമം വിജയകരമായി തിയറ്ററുകളിൽ പ്രതിഫലിപ്പിക്കുവാനും ശങ്കറിനു കഴിഞ്ഞു. ശങ്കറിനൊപ്പം ഡബ്ബിങ് ആർട്ടിസ്റ്റ് അജിത്ത് കുമാറും അരുൺ സി.എമ്മും ചേർന്ന് നടത്തുന്ന വോക്‌സ്കോം എന്ന പോസ്റ്റ് പ്രൊഡക്ഷൻ കമ്പനിയാണ് പൊന്നിയൻ സെൽവന്റെ മലയാളത്തിലേക്കുള്ള മൊഴിമാറ്റം ഏകോപിപ്പിച്ചത്. 

 

riya-devi

കെജിഎഫിൽ യഷിന് ശബ്ദം കൊടുത്ത അരുൺ സി.എം. ആണ് ആദിത്യ കരികാലൻ ആയ വിക്രമിന്റെ ശബ്ദമായി മാറിയത്. ഡബ്ബിങ് ആർട്ടിസ്റ്റായ അജിത്ത് കുമാർ കാർത്തി അവതരിപ്പിച്ച വന്തിയത്തേവൻ എന്ന രസികൻ കഥാപാത്രത്തിന് ശബ്ദം കൊടുത്തപ്പോൾ സിനിമാതാരം കൈലാഷ് ആണ് ടൈറ്റിൽ കഥാപാത്രമായ പൊന്നിയിൻ സെൽവന് വേണ്ടി മലയാളം പറഞ്ഞത്.  പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റ് ദേവി ഐശ്വര്യ റായ്‌യുടെ നന്ദിനിക്ക് ഡബ്ബ് ചെയ്തു, തൃഷയുടെ കുന്ദവ  എന്ന കഥാപാത്രത്തിന്റെ ശബ്ദമായത് നടിയും ഡബ്ബിങ് താരവുമായ റിയ സൈറ ആയിരുന്നു. 

kailash-dubb
അരുൺ സി.എം., കൈലാഷ്, അജിത് കുമാർ

 

നടൻ ദിനേശ് പ്രഭാകർ വിക്രം പ്രഭുവിന് ശബ്ദം കൊടുത്തപ്പോൾ ഷോബി തിലകൻ ശരത്ത് കുമാറിനും രഞ്ജിത്ത് ലളിതം രവി ദാസൻ എന്ന കഥാപാത്രത്തിനും വേണ്ടി മലയാളം പറഞ്ഞു.  ശോഭിത ധുലിപാലയ്ക്ക് ജൂഡിത്ത് ആൻ ഐയ്പ്പും പാർത്ഥിപന്റെ കഥാപാത്രത്തിന് മനോജ് കുമാറും പ്രകാശ് രാജിന് അംബൂട്ടിയും പ്രഭുവിന് സജിത്ത് ദേവദാസും ജയചിത്രയ്ക്ക് വൽസമ്മ സജിത്തും ആയിരുന്നു മലയാളത്തിൽ ഡബ്ബ് ചെയ്തത്.  സിനിമയിൽ അഭിനയിച്ച മലയാളി താരങ്ങളായ ജയറാം, ഐശ്വര്യ ലക്ഷ്മി, ലാൽ, ബാബു ആന്റണി, റഹ്മാൻ എന്നിവരെല്ലാം തന്നെ സ്വന്തം ശബ്ദത്തിൽ മലയാളത്തിലും ഡബ്ബ് ചെയ്തിരുന്നു.   

 

jayam-kailash

കൈലാഷിന്റെ പൊന്നിയിൻ സെൽവൻ 

 

‘‘മറ്റൊരാൾക്ക് വേണ്ടി ഞാൻ ശബ്ദം കൊടുക്കുന്നത് ആദ്യമാണ്. തമിഴിലെ ഒരു എപിക് ആയ കഥയാണ് പൊന്നിയൻ സെൽവൻ. മണിരത്നം സാറിന്റെ ചിത്രത്തിൽ ശബ്ദം കൊടുക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു.  പഴയ കാലത്തെ കഥാപാശ്ചാത്തലവും ചെന്തമിഴുമാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.  തമിഴ് സിനിമ കണ്ടാൽ ചിലപ്പോൾ മലയാളികൾക്ക് മനസിലാകാതെ വരും അതുകൊണ്ടാണ് മലയാളം വേർഷൻ ചെയ്യാൻ അവർ തീരുമാനിച്ചത്. ശങ്കർ രാമകൃഷ്ണൻ ആണ് മലയാളത്തിൽ സംഭാഷണം എഴുതിയത്.  ശങ്കറേട്ടനാണ് എന്നെ വിളിച്ച് സംസാരിച്ചത്.  ഞാൻ പറഞ്ഞു ചേട്ടാ നമുക്കൊരു ശ്രമം നടത്തിനോക്കാം എന്ന്.  

arun-ajith

 

arun-cm

തമിഴ്നാട്ടിൽ ഉള്ളവരെല്ലാം കേട്ടുവളർന്ന ഒരു കഥയാണിത്. തമിഴ് ഇൻഡസ്ട്രിയിൽ പലരും സിനിമയാക്കാൻ ശ്രമിച്ചതാണ്. ഇപ്പോഴാണ് അത് സാധ്യമായത്. മണി സാറിന്റെ സിനിമയിൽ എല്ലാ താരങ്ങളും വളരെ മൈന്യൂട്ട് ആയ പെർഫോമൻസ് കാഴ്ചവയ്ക്കും.  രണ്ടോമൂന്നോ വർഷമൊക്കെയാണ് ഓരോ താരങ്ങളും ഈ സിനിമയ്ക്കായി ചെലവഴിച്ചത്.  അവർ അത്രയ്ക്ക് എഫോർട്ട്  ഇടുമ്പോൾ നമ്മുടെ ശബ്ദം കൊടുത്തതുകൊണ്ട് ഒരു പോരായ്മ വരാൻ പാടില്ല. ശങ്കറേട്ടൻ പറഞ്ഞു, ‘‘നീ ഒരു സീൻ ഒന്ന് ചെയ്തു അയക്കൂ ഞാൻ അത് മദ്രാസ് ടാകീസിന് അയച്ചു കൊടുക്കട്ടെ.  അവർ കേട്ട് ഓക്കേ പറഞ്ഞാലേ എന്തെങ്കിലും ചെയ്യാൻ പറ്റൂ , ഇനി തിരഞ്ഞെടുത്തില്ലെങ്കിൽ നിനക്ക് വിഷമം തോന്നരുത്’’.  ഞാൻ പറഞ്ഞു ‘‘ഒരിക്കലുമില്ല ചേട്ടാ’’.  

 

arun-vikram

അങ്ങനെ ഒരു സീൻ ചെയ്തു അയച്ചുകൊടുത്തു.  മദ്രാസ് ടാകീസും മണി സർ ഉൾപ്പടെയുള്ളവരും അത് കണ്ടു ഓക്കേ പറഞ്ഞു അത് വലിയ അംഗീകാരമായി. സിനിമ മുഴുവൻ മണി സർ ഇരുന്നു കണ്ടു ഒരു സീൻ പോലും ചെയ്തത് പോരാ എന്ന് പറഞ്ഞില്ല. ടൈറ്റിൽ കഥാപാത്രത്തിനാണ് ഞാൻ ശബ്ദം കൊടുത്തത്, എല്ലാ ഭാഷയിലും വളരെയധികം ശ്രദ്ധിച്ചാണ് ജയം രവിക്ക് ശബ്ദം കൊടുത്തിരിക്കുന്നത്. പടം റിലീസ് ചെയ്തു കഴിഞ്ഞ് ഇപ്പോഴാണ് അത് ഞാനാണ് ചെയ്തത് എന്ന് എല്ലാവരും അറിഞ്ഞത്. വളരെ നന്നായി ചെയ്തു എന്നാണ് കിട്ടുന്ന റിപ്പോർട്ടുകൾ.  എ.ആർ. റഹ്മാൻ സർ സംഗീതം കൊടുത്ത, മണിരത്നം സർ സംവിധാനം ചെയ്ത ഈ എപിക് ചിത്രത്തിൽ ശബ്ദം കൊണ്ടെങ്കിലും ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്.  മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന മഹാറാണി എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ശ്വേതാ മേനോനോടൊപ്പം അഭിനയിച്ച പള്ളിമണി റിലീസിന് തയ്യാറെടുക്കുന്നു ഇതൊക്കെയാണ് ഏറ്റവും പുതിയ വിശേഷം.’’–കൈലാഷ് പറഞ്ഞു.

prabhu-dudding

 

prrakash-sarath

ഐശ്വര്യ റായിയുടെ മലയാളം ഹിറ്റാക്കിയ ദേവി 

 

dinesh-manoj

‘‘പൊന്നിയിൻ സെൽവന് വേണ്ടി ഡബ്ബ് ചെയ്തത് നല്ലൊരു എക്സ്സ്‌പീരിയസ് ആയിരുന്നു. ഐശ്വര്യ റായി അഭിനയിച്ച നന്ദിനി എന്ന കഥാപത്രത്തിനു വേണ്ടിയാണു എന്റെ ശബ്ദം കൊടുത്തത്.  ഇങ്ങനെയൊരു സിനിമ വരുന്നു എന്നറിഞ്ഞപ്പോൾ എല്ലാവരെയും പോലെ ഞാനും ഉറ്റുനോക്കിയിരുന്നു.  അതിലേക്ക് ക്ഷണം വന്നപ്പോൾ സന്തോഷം തോന്നി.  നോർമൽ ആയിട്ട് ഞാൻ സംസാരിക്കുന്നതുപോലെ ഡബ്ബ് ചെയ്‌താൽ അത് ആക്ടറിന്റെ ശരീരത്തിന് ചേരില്ല എന്ന് തോന്നി കുറച്ച് ബേസ് കൂട്ടി ഡബ്ബ് ചെയ്യാൻ ഡബ്ബിങ് ഡയറക്ടർ അരുൺ പറഞ്ഞു.  നായിക ഒരു റാണി ആണ്, ആ കഥാപാത്രത്തിന് ഒരുപാട് ലയേഴ്‌സ് ഉണ്ട്.  ഒരു കാര്യം അവർ പറയുമ്പോൾ അതിൽ മറ്റൊരു നിഗൂഢത ഉണ്ടാകും.  

kishore-3

 

ഐശ്വര്യക്ക് തമിഴിൽ ഡബ്ബ് ചെയ്തയാൾ വളരെ മനോഹരമായി ചെയ്തുവച്ചിട്ടുണ്ടായിരുന്നു.  ഞാൻ ചെയ്തു മോശമാക്കരുത് എന്ന് നിർബന്ധമുണ്ടായിരുന്നു.  ഓരോ ഡയലോഗും പല മോഡുലേഷനിൽ ചെയ്തു.  സാധാരണ കിട്ടുന്നതിനേക്കാൾ സമയം ഇത് ചെയ്യാൻ തന്നിരുന്നു.  എത്ര ദിവസം എടുത്താലും കുഴപ്പമില്ല നന്നായിരിക്കണം എന്നതായിരുന്നു അവരുടെ ആവശ്യം.  സാധാരണ ചെയ്യുന്നതിനേക്കാൾ കൂടുതൽ സമയവയും എഫോർട്ടും ഈ കഥാപാത്രത്തിന് വേണ്ടി ചെയ്തു.  നല്ല ഡെപ്ത് ഉള്ള കഥാപാത്രമാണ് നന്ദിനി.  വളരെ ശാന്തമായി സംസാരിച്ചാലും അതിൽ ഒരുപാട് അർത്ഥങ്ങളുണ്ടാകും.  "ഞാൻ ചെയ്തതിൽ എന്തെങ്കിലും തെറ്റുണ്ടോ?"  എന്ന് അവർ ചോദിക്കുമ്പോ അവർ ചെയ്തതിലെ തെറ്റ് അവർക്കറിയാം. പക്ഷേ ഞാൻ ചെയ്തത് തെറ്റല്ല എന്ന് എന്ന് പറഞ്ഞു സമർഥിക്കാൻ ശ്രമിക്കുകയാണ് അത് തെറ്റല്ല എന്ന് ഭർത്താവ് പറയണം അതാണ് അവരുടെ ആവശ്യം.  ഇത് വെറുമൊരു ഡബ്ബിങ് സിനിമപോലെ തോന്നരുത് എന്ന് മദ്രാസ് ടാക്കീസിനും എനിക്കും ഉണ്ടായിരുന്നു.  ഈ ചിത്രത്തിലെ ഓരോ കഥാപാത്രത്തിലെ ഡബ്ബിങ്ങും അത്രയും ശ്രദ്ധിച്ചാണ് ചെയ്തിട്ടുള്ളത്.  തിയറ്ററിൽ സിനിമ കണ്ടപ്പോൾ ഒരു മോശം പ്രതികരണം ആരും കാണിക്കുന്നത് കണ്ടില്ല. സിനിമ കഴിഞ്ഞപ്പോൾ മാം അല്ലെ ചെയ്തത് നന്നായിട്ടുണ്ട് എന്നുപറഞ്ഞു പലരും വന്നു സംസാരിച്ചു.  എന്തായാലും മണിരത്നം സാറിന്റെ പൊന്നിയിൻ സെൽവന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.’’–ദേവി പറഞ്ഞു.   

 

ആദിത്യ കാരികാലനായ അരുൺ

 

‘‘പൊന്നിയിൻ സെൽവൻ എന്ന സിനിമ ഞാനും അജിത് കുമാറും കൂടി നടത്തുന്ന വോക്‌സ്കോം ആണ് മലയാളത്തിൽ ചെയ്തത്. വിക്രം ചെയ്ത കഥാപാത്രത്തിന് വേണ്ടിയാണ് ഞാൻ ശബ്ദം കൊടുത്തത്.  എനിക്ക് സന്തോഷം തോന്നിയ കാര്യം വിക്രം എന്നോടൊപ്പം വന്നു നിന്ന് പറഞ്ഞു തന്നു ചെയ്യിച്ചു എന്നുള്ളതാണ്.  അത് അഭിനയിച്ച താരം തന്നെ വന്നു നിന്ന് അദ്ദേഹം എക്സ്പീരിയൻസ് ചെയ്ത കാര്യം പറഞ്ഞു തന്നു ചെയ്യിക്കുക എന്നത് വലിയ കാര്യമാണ്. അദ്ദേഹത്തിന്റേതായ മോഡുലേഷൻ കൊണ്ടുവരാൻ അദ്ദേഹം കൂടെയുള്ളത് വളരെ സഹായകമായി. ഉള്ളിൽ വേദനയും പേറി നടക്കുന്ന കഥാപാത്രമാണ് ആദിത്യ കരികാലൻ. നമ്മൾ സങ്കടം വരുമ്പോ കരയുകയും ചിരി വരുമ്പോൾ മനസ്സ് തുറന്ന് ചിരിക്കുകയും ചെയ്യുമല്ലോ, പക്ഷേ ഈ കഥാപാത്രം സങ്കടം ഉള്ളിൽപേറികൊണ്ട് മറ്റൊരു എക്സ്പ്രെഷൻ ആണ് പുറത്തു കൊടുക്കുന്നത്,  "മറക്കാനോ" എന്ന ഡയലോഗ് അദ്ദേഹം എന്നെക്കൊണ്ട് പറയിച്ചത് വല്ലാത്തൊരു രീതിയിലാണ്.  

 

ആ വോയ്‌സിൽ ഒരു തരത്തിലുള്ള ഫീലും പാടില്ല, വളരെ ഡ്രൈ ആയിരിക്കണം ആ ശരീരത്തിൽ നിന്ന് അറിയാതെ ആ ശബ്ദം വരുന്നു. അയാൾ അയാളെ കാണുന്നത് മരിച്ചുപോയ ഒരാളായിട്ടാണ്.  "എന്നെ ഇതുവരെ ചിത്രവധം ചെയ്തുകൊണ്ടിരിക്കുന്നു" എന്ന് പറയുമ്പോൾ ആ വേദന പ്രേക്ഷകർക്ക് കിട്ടണം. ഡയലോഗ് ശരിക്ക് പുറത്തു കേൾക്കണം എന്നുപോലും നിർബന്ധമില്ല ആ ഒരു ഫീൽ പ്രേക്ഷകർക്ക് കിട്ടിയാൽ മാത്രം മതി. നമ്മൾ ഒരു ഡബ്ബിങ് സിനിമയിലും ചെയ്തിട്ടില്ലാത്ത സമീപനമാണ് ഈ ചിത്രത്തിന് വേണ്ടി ചെയ്തത്.  ഒരുപാട് ഡൗൺ ടു എർത്ത് ആയ ആളാണ് വിക്രം.  എല്ലാ ഭാഷയിൽ ഡബ്ബ് ചെയ്തവരെയും കൂടെയിരുത്തി വളരെ ക്ഷമയോടെ പറഞ്ഞുകൊടുത്ത് ആണ് ചെയ്യിച്ചത്.  ചെയ്തത് ശരിയാകുമ്പോൾ ഓടി വന്നു കെട്ടിപ്പിടിച്ച് നന്നായിട്ടുണ്ടെന്ന് പറയും.  ഒരു താരം എന്നതിലുപരി നമ്മളെ ഒരുപാട് കംഫർട്ടബിൾ ആയി ചെയ്യാൻ സുഹൃത്തിനെപ്പോലെ കൂടെ നിന്നു.  

 

ഒരുപാട് വലിയ എക്സ്പീരിയൻസ് ആണ് ഈ സിനിമയിൽ നിന്ന് കിട്ടിയത്. ശങ്കർ രാമകൃഷ്ണൻ ആണ് ഡയലോഗ് എഴുതിയത്, ഞാൻ അദ്ദേഹത്തെ അതിൽ അസിസ്റ്റ് ചെയ്തിരുന്നു, ഡബ്ബിങ് സംവിധാനം ചെയ്തത് ഞാനും അജിത്തും കൂടിയാണ്. ശങ്കർ സർ എഴുതുന്നത് മണിരത്നം സർ വായിച്ചു കേൾക്കും, തിരക്കുപിടിച്ച ജോലിക്കിടയിലും അദ്ദേഹം അതിനു സമയം കണ്ടെത്തിയിരുന്നു.  പൊന്നിയിൻ സെൽവന് ഡബ്ബ് ചെയ്തത് സിനിമാതാരം കൈലാഷ് ആണ് , അജിത് ആണ് കാർത്തിക്ക് വേണ്ടി ഡബ്ബ് ചെയ്തത്, കുന്തവൈ എന്ന കഥാപാത്രത്തിനു ഡബ്ബ് ചെയ്തത് റിയ സൈറ ആണ്, ഡബ്ബിങ് താരം ദേവി ആണ് നന്ദിനി എന്ന ഐശ്വര്യ റായുടെ കഥാപാത്രത്തിന് ശബ്ദം കൊടുത്തത്.  ഷോബി തിലകൻ ശരത് കുമാറിന് ശബ്ദം കൊടുത്തു, രഞ്ജിത്ത് ലളിതം എന്ന താരം രവി ദാസൻ (കിഷോർ) എന്ന കഥാപാത്രത്തിന് ചെയ്തു.  ദിനേശ് പ്രഭാകർ വിക്രം പ്രഭുവിന് ശബ്ദമായത്.  ജയറാമേട്ടൻ തന്നെ മലയാളത്തിനും അദ്ദേഹത്തിന്റെ ശബ്ദം കൊടുത്തു.  ഐശ്വര്യ ലക്ഷ്മി, റഹ്മാൻ സാർ, ലാൽ സാർ, ബാബു ആന്റണി തുടങ്ങിയവർ അവരുടെ ശബ്ദം മലയാളത്തിനും കൊടുത്തു.’’–അരുൺ പറഞ്ഞു.

 

വന്ദിയ ദേവന്റെ ശബ്ദം വോക്‌സ്കോമിലെ അജിത്തിന്റേത്  

 

‘‘പൊന്നിയിൻ സെൽവനിൽ കാർത്തി അഭിനയിച്ച വന്ദിയ ദേവൻ എന്ന കഥാപാത്രത്തിനാണ് ഞാൻ ശബ്ദം കൊടുത്തത്. കാർത്തി ആണ് ഈ സിനിമയിൽ ഏറ്റവും കൂടുതൽ സ്ക്രീൻ ടൈം ഉള്ള താരം. എല്ലാവരുമായി ബന്ധമുള്ള കഥാപാത്രം വന്തിയത്തേവൻ ആണ്. അദ്ദേഹം നർമ്മമുള്ള സ്ത്രീകളോട് കുറച്ചു താല്പര്യമുള്ള ഫ്ലെകെസിബിൾ ആയ കഥാപാത്രമാണ്. ഓരോ കഥാപാത്രത്തിന്റെ അടുത്ത് പോകുമ്പോഴും അദ്ദേഹത്തിന്റെ സ്വഭാവത്തിൽ വ്യത്യാസം ഉണ്ടാകും. ജയറാമിന്റെ അടുത്തുപോകുമ്പോൾ കോമഡിയാണ്, ചക്രവർത്തിയുടെ അടുത്തുപോകുമ്പോ വളരെ സീരിയസ് ആണ്, സ്ത്രീകളുടെ അടുത്തുപോകുമ്പോൾ സെഡ്യൂസ് ചെയ്യുന്ന ആൾ.  ഞാൻ പത്തുവർഷമായി ഡബ്ബ് ചെയ്യുന്ന ആളാണ്, ഞാൻ ഇതുവരെ ചെയ്തതിൽ ഏറ്റവും ചാലഞ്ചിങ് ആയ കഥാപാത്രമാണ് വന്തിയത്തേവൻ എന്ന് പറയാം. ഇദ്ദേഹം ശരിക്കും ഒരു രാജാവാണ് ഇപ്പോൾ രാജ്യവും സ്ഥാനവും ഇല്ലാതെ വിക്രമിന്റെ ആദിത്യ കരികാലന്റെ സന്തത സഹചാരിയായി ജീവിക്കുകയാണ്.  ശരിക്കും തമിഴിന്റെ ഒരു ഫ്ളോ മലയാളത്തിനില്ല.  കാർത്തി നല്ല സ്പീഡിൽ ഈസിയായിട്ടാണ് ഡയലോഗ് പറയുക.  

 

ശങ്കർ സർ ഡയലോഗ് എഴുതിയിട്ടുള്ളത് പഴയ ഭാഷയിലാണ്.  വാക്കുകൾക്ക് നല്ല ക്ലാരിറ്റി വേണം അതിനോടൊപ്പം കാർത്തിയുടെ സ്പീഡിനൊപ്പം പിടിക്കണം ചുണ്ടനങ്ങുന്നതിന് മാച്ച് ആകണം അങ്ങനെ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിച്ച് ചെയ്യണമായിരുന്നു. ജയറാമേട്ടനുമായി കാർത്തിക്ക് കുറെ കോംബിനേഷൻ ഉണ്ട് ജയറാമേട്ടൻ ഓൺ വോയ്‌സ് ആണ് കൊടുത്തത് അത് ഗംഭീരമായിട്ടുണ്ട്.  ഞാൻ ഡയലോഗ് പറയുമ്പോൾ അത് സിറ്റുവേഷനിൽ നിന്ന് മാറി നില്ക്കാൻ പാടില്ല. അതുപോലെ ഐശ്വര്യ ലക്ഷ്മിയുമായി ഉള്ള കാർത്തിയുടെ സീൻ വളരെ രസകരമാണ്, അത് അതുപോലെ ചെയ്യാൻ നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു.

 

ഇങ്ങനെ വളരെ ചലഞ്ചിങ് ആയ ഒരു വർക്ക് ആയിരുന്നു.  ചെയ്തത് നന്നായിട്ടുണ്ട് എന്നാണ് അഭിപ്രായങ്ങൾ വരുന്നത്.  അതിൽ വലിയ സന്തോഷമുണ്ട്.  ഞാൻ പത്തുവർഷമായി ഡബ്ബിങ് മേഖലയിലുണ്ട് അഭിനയത്തിലും കൈവച്ചിട്ടുണ്ട്.  ദുൽഖർ സൽമാന്റെ രണ്ടു തമിഴ് ചിത്രങ്ങൾ മലയാളത്തിലേക്ക് ഡബ്ബ് ചെയ്തു, വിജയ്‌യുടെ ബീസ്റ്റ്, സർക്കാർ, തെരി, കാർത്തിയുടെ ഭയ്യാ, കന്നഡയിലെ രക്ഷിത്ത് ഷെട്ടിക്ക് വേണ്ടി  തുടങ്ങിയവയെല്ലാം ഞാൻ ആണ് ഡബ്ബ് ചെയ്തത്.’’–അജിത് പറഞ്ഞു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com