അങ്കത്തട്ടിൽ കാന്താരയും പൊന്നിയിൻ സെൽവനും: ജയം ആരുടേത് ?

ponniyin-kantara
ഡോ. മധു വാസുദേവൻ
SHARE

ഇന്ത്യയിലും വെളിനാടുകളിലും വ്യാപകമായ ജനശ്രദ്ധ നേടിയ രണ്ടു സിനിമകളാണ് ‘കാന്താര’യും ‘പൊന്നിയിൻ സെൽവ’നും. ഇവയുടെമേൽ സമൂഹമാധ്യമങ്ങളിൽ തകർപ്പൻ ചർച്ചകൾ നടക്കുന്നു. അവയിൽ ചിലതെങ്കിലും ഈ സിനിമകളുടെ മുടക്കുമുതലും വിറ്റുവരവും കേന്ദ്രീകരിച്ചുള്ളതാണ്. ഇത്രയേറെ പണച്ചെലവിൽ നിർമിച്ച സിനിമ, ഇത്രയേറെ ലാഭമുണ്ടാക്കിയ സിനിമ എങ്ങനെ കാണാതിരിക്കുമെന്ന ചിന്താക്കുഴപ്പം പ്രേക്ഷകരിൽ നിർമിക്കാൻ സാധിച്ചതോടെ ‘കാന്താര’യും ‘പൊന്നിയിൻ സെൽവ’നും പിന്നെയും പണവേട്ട തുടരുന്നു. ഇങ്ങനെ, വമ്പിച്ച മുതൽമുടക്കുകൾ വലിയ സാമ്പത്തികനേട്ടങ്ങൾ കൊണ്ടുത്തരുമെന്ന കണക്കുകൾ വിശ്വാസയോഗ്യമാകുമ്പോൾ, ചെറിയ നിക്ഷേപം മുടക്കി, ചെറിയ ജീവിതങ്ങളുടെ ബദ്ധപ്പാടുകൾ പ്രേക്ഷകനു മുന്നിൽ എത്തിക്കുവാനുള്ള സിനിമാപ്രതീക്ഷകൾ മങ്ങിപ്പോകുന്നുണ്ടോ !

വിഷയം നന്നേ ഗൗരവം അർഹിക്കുന്നതാണെങ്കിലും ഇതേ വഴിയിലൂടെ ഇനിയും മുന്നോട്ടുപോകാൻ ഇപ്പോൾ താൽപര്യപ്പെടുന്നില്ല. അതിനെക്കാൾ ‘കാന്താര’യും ‘പൊന്നിയിൻ സെൽവ’നും തമ്മിലുള്ള താരതമ്യത്തെ ഞാൻ പ്രധാനമായി കരുതുന്നു. അത്രമേൽ ഈ സിനിമകൾ എല്ലാ ഭാഷാചിത്രങ്ങളിലും സ്വാധീനത ചെലുത്തുന്നുണ്ട്. ഇന്ത്യൻ സിനിമയുടെ ചരിത്രരേഖകളിൽ പുതിയ വിജയഗാഥകളും ഇവ എഴുതിച്ചേർത്തുകഴിഞ്ഞു. സ്ഥിതിവിവരക്കണക്കുകൾ നവമാധ്യമങ്ങളിലും ലഭ്യമായി. എളുപ്പത്തിൽ അനുകരിക്കാൻ സാധിക്കുന്ന മാതൃകയല്ലെന്ന തിരിച്ചറിവിലും ഇത്തരം പടുകൂറ്റൻ സിനിമാസംരംഭങ്ങളുടെ ഭാഗമാകാനുള്ള മോഹം ഏതു ചലച്ചിത്രപ്രവർത്തകരിലും തളിർ കാത്തിരിക്കുമോ! എല്ലാവർക്കും ഏതെങ്കിലും തരത്തിലുള്ള ലാഭം ഉറപ്പുനൽകുന്ന ‘വിൻ വിൻ’ സിദ്ധാന്തത്തെ നടപ്പിൽവരുത്തുന്ന ഇത്തരം സിനിമകൾ ഉയർത്തിവിടുന്ന പ്രലോഭനങ്ങളിൽ പ്രേക്ഷകരും ഇടറിവീഴുന്നുണ്ട്. മുന്നിൽ മിന്നി മറഞ്ഞുപോയ കെട്ടുകാഴ്ചകൾ നൽകിയ നിഗൂഢസന്ദേശങ്ങൾ അവർക്കും വായിച്ചെടുക്കാൻ കഴിയുന്നില്ല. ‘കാന്താര’യെയും ‘പൊന്നിയിൻ സെൽവ’നെയും വിവേചനബുദ്ധിയോടെ സമീപിക്കുമ്പോൾ ഇതത്രയും നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കണം.

‘കാന്താര’യിലെ നായകനടനും സംവിധായകനായ ഋഷഭ ഷെട്ടി അവകാശപ്പെടുന്നതുപോലെ ‘കാന്താര’യുടെ മൂലകോശം പഴയ കാലത്തിന്റെ ഗന്ധം വഹിക്കുന്ന പുരാവൃത്തമാണ്. കർണാടകയിലെ ട്രൈബൽ വിഭാഗങ്ങളുടെ പരമ്പരാഗത വിശ്വാസവും പ്രതിരോധവും പോരാട്ടവും വിജയവും വിഷയമാകുന്ന സിനിമ, കുടിയേറ്റങ്ങളുടെയും കുടിയിറക്കുകളുടെയും കൂടി കഥയായി മാറുന്നുണ്ട്. ‘കാന്താര’യുടെ പ്രാധാന്യവും അതാകുന്നു. കാരണം ഏറ്റവും കൂടിയ ചൂഷണങ്ങൾക്കു വിധേയമാകുന്നതും എന്നാൽ ഏറ്റവും കുറഞ്ഞ പ്രതിഷേധം ഉയർത്തുന്നതും ഏറ്റവും നിന്ദ്യമായ മനുഷ്യാവകാശ ലംഘനങ്ങൾക്കു വിധേയമാകുന്നതും ഇന്നും ഇതേ ട്രൈബൽ വിഭാഗമാണല്ലോ! അവരുടെ വിശ്വാസം മുഴുവൻ വരാഹമൂർത്തിയുടെ കല്ലിനു മുന്നിൽ അടിമകിടക്കുന്നു. മനുഷ്യരിലുള്ള വിശ്വാസം പൊലിഞ്ഞുപോകുമ്പോൾ സ്വാഭാവികമായും കല്ലുകളിൽ അഭയം തേടിപ്പോകുന്ന നിസ്സഹായരുടെ മാനസികാവസ്ഥ വളരെക്കാലമായി നമുക്കും പരിചിതമല്ലേ! ‘കാന്താര’ ഈ മുറിവിൽ ആർദ്രമായി സ്പർശിക്കുന്നു. 

ട്രൈബൽ വിഭാഗങ്ങളുടെ ജീവിതദുരിതങ്ങളും പ്രതിസന്ധികളും പ്രതിപാദിക്കുന്ന ചെറിയ സിനിമകൾ ഇന്ത്യൻ ഭാഷകളിൽ ഇതിനുമുമ്പും വന്നിട്ടുണ്ട്. അതിനെ ബൃഹത്തായ ഒരു കാൻവാസിൽ അവതരിപ്പിക്കുവാനുള്ള സാഹസം ഋഷഭ ഷെട്ടി പ്രദർശിപ്പിച്ചു. കേവല വിശ്വാസത്തിൽ മുങ്ങിക്കിടക്കുന്നവരെ ജീവിതയാഥാർഥ്യം കാണിച്ചുകൊടുക്കാൻ സഹായിക്കുന്ന വരാഹമൂർത്തിയുടെ സങ്കൽപം, മിത്തുകളെ എങ്ങനെ പുതുക്കി നിർമിക്കാമെന്നു പറഞ്ഞുതന്നു. കഥാന്ത്യത്തിൽ, അധികാരികളും സാധാരണക്കാരും ഉൾപ്പെടെയുള്ള സകലരും ഒരുമിച്ചു നിൽക്കുന്നതിലൂടെ കൈവരുന്ന സന്തോഷത്തെ പകർന്നാടിയശേഷം ഇടതൂർന്ന കാടിനുള്ളിൽ ഓടിമറയുന്ന വരാഹമൂർത്തി, ട്രൈബൽ സമൂഹം വ്യാപകമായി നേരിട്ടുകൊണ്ടിരിക്കുന്ന വിഷമസന്ധികൾ പരിഹരിക്കാനുള്ള മാർഗവും തൊട്ടുകാട്ടി. ഇങ്ങനെ, ലോകത്തെവിടെയും, ജനിച്ച മണ്ണിൽനിന്നു പേശിബലത്താൽ പുറത്താക്കപ്പെടുന്നവരുടെ ഉള്ളിൽ നീറിപ്പുകയുന്ന അനിശ്ചിതത്വങ്ങളുമായി ഹൃദയബന്ധം സ്ഥാപിക്കാൻ ‘കാന്താര’ സഹായകമാകുന്നു.

‘കാന്താര’ കച്ചവടതാൽപര്യങ്ങളോടെ നിർമിക്കപ്പെട്ട സിനിമയാണെന്ന യാഥാർഥ്യത്തെ ആരും ചോദ്യം ചെയ്യുകയില്ല. തുടക്കംമുതൽ ഒടുക്കംവരെ വാണിജ്യസിനിമയുടെ മസാലക്കൂട്ടുകൾ ഇതിൽ വേണ്ടയളവിൽ ഉപയോഗിച്ചിട്ടുണ്ട്. ആധുനിക സമൂഹത്തെ അന്ധവിശ്വാസത്തിലേക്കു തള്ളിവിടുന്ന സിനിമയാണെന്ന വിമർശനത്തെയും ഞാൻ നിസ്സാരമായി കരുതുന്നില്ല. പക്ഷേ ഈ വിചാരങ്ങളെ ഇത്തിരി നേരത്തേക്കെങ്കിലും നീക്കിനിർത്താൻ സാധിച്ചാൽ ‘കാന്താര’യിൽ ചില നന്മകൾ കണ്ടെടുക്കാനാവും. ധനവും അധികാരവും ജാതിപ്പെരുമയുമുള്ള വലിയവരുടെ ചൂഷണങ്ങൾക്കു നിരന്തരം വിധേയമാക്കപ്പെടുന്ന ഒരു ചെറു വിഭാഗത്തിൽ ‘കാന്താര’യുടെ ക്യാമറക്കണ്ണുകൾ എത്തുന്നതോടൊപ്പം അവരുടെ തുച്ഛജീവിതവും സംസ്കാരവും വിശ്വാസപ്രമാണങ്ങളും സംരക്ഷിച്ചുകിട്ടാൻ വേണ്ടിവരുന്ന സമരങ്ങളും ‘കാന്താര’ കാണിച്ചുതരുന്നു. ‘കാന്താര’ നേടിയ ജനപ്രീതിയെ ചിലർ ‘കെജിഎഫു’കളുമായി ഘടിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഒരേ നാട്ടിൽനിന്നുള്ള സിനിമകൾ എന്നതിലധികമായി ഇവ തമ്മിൽ സന്ധിക്കുന്ന വിദൂര രേഖകൾ പോലും ലഭിക്കുന്നില്ല! വെളിച്ചം എത്തിച്ചേരാത്ത ഖനിയാഴങ്ങളിൽ അടിമജീവിതം നയിക്കുന്ന നിരാലംബരുടെ ദുരിതങ്ങളെ പശ്ചാത്തലമാക്കിയുള്ള ‘കെജിഎഫു’കൾ പക്ഷേ, കോട്ടിട്ട റോക്കിമാരുടെ ചോര മണക്കുന്ന ദിഗ്വിജയങ്ങളാണ് വെള്ളിത്തിരയിൽ ആഘോഷിക്കുന്നത്! വെടിവച്ചിട്ടും വെട്ടിമുറിച്ചും തല്ലിക്കൊന്നും ബോംബുകൾ പൊട്ടിച്ചും പ്രേക്ഷകരെ പേടിപ്പിച്ചുനേടിയ ഭീമാകാരമായ സാമ്പത്തികവിജയത്തെ ഇപ്പോൾ ‘കാന്താര’ മറികടക്കുന്നതായി കണക്കുകൾ വന്നുതുടങ്ങി.

‘കാന്താര’യുടെ പിന്നാലെ അശ്വമേധത്തിനു പുറപ്പെട്ടിറങ്ങിയ ‘പൊന്നിയിൻ സെൽവൻ’ ഇന്ത്യൻ സിനിമകളുടെമേൽ ബോളിവുഡ് പുലർത്തിപ്പോന്ന ഏകഛത്രാധിപത്യത്തെ പരസ്യമായി വെല്ലുവിളിക്കുന്നു. സമീപകാലത്തായി ദക്ഷിണേന്ത്യൻ സിനിമകൾക്കു ലഭിച്ചുകൊണ്ടിരിക്കുന്ന രാജ്യാന്തര അംഗീകാരങ്ങൾ ‘പൊന്നിയിൻ സെൽവ’നും തരപ്പെടുമ്പോൾ ബോളിവുഡ് പിന്നെയും പതറുന്നു. ബോളിവുഡ് അടക്കിവാണ ഖാൻത്രയം പഴങ്കഥയായി മാറുന്നതും പുതിയതരത്തിൽ കഥയൊരുക്കാൻ കഴിവുള്ള പ്രതിഭാധനന്മാരായ സംവിധായകർ ബോളിവുഡിൽ ലോപിച്ചതും അന്നാടുകളിലും വിജയപതാക പറത്താൻ ‘പൊന്നിയിൻ സെൽവ’നെ  സഹായിക്കുന്നു. സത്യത്തിൽ തമിഴിൽ നിർമിച്ച ബോളിവുഡ് സിനിമയായി ഈ സിനിമയെ കരുതുന്നതിൽ തരിമ്പും അസ്വാഭാവികതയില്ല! അവരുടെ സൂത്രവാക്യങ്ങളിലും കാര്യമായ വ്യത്യാസങ്ങൾ സംഭവിച്ചിട്ടില്ല. ആക്‌ഷനും ആട്ടവും പാട്ടും കണ്ണടിച്ചുപോകുന്ന സെറ്റുകളും അങ്ങനെതന്നെ ‘പൊന്നിയിൻ സെൽവ’നിലും മണിരത്‌നം സ്വീകരിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ ‘പൊന്നിയിൻ സെൽവൻ’ നേടിയ ഹൈപ്പും നാനൂറിലധികം ദശലക്ഷം ഡോളറുകളുടെ സാമ്പത്തിക മുന്നേറ്റവും മാത്രമേ ‘കാന്താര’യുമായി ചേരുന്നതായുള്ളൂ. ഈ രണ്ടു സിനിമകൾക്കുമിടയിൽ മറ്റെവിടെയും സാദൃശ്യം പ്രകടമാകുന്നില്ല. അതിലധികമായി നിരവധി വ്യത്യാസങ്ങൾ പുലർത്തുന്നുമുണ്ട്. ഒരു കൂട്ടർ മിത്തിനെ ഉയർത്തിക്കൊണ്ടുവരുന്നു. മറുപക്ഷം ചരിത്ര കാലഘട്ടത്തിലേക്കു മടങ്ങുന്നു. ‘കാന്താര’യുടെ പ്രമേയം വരാഹമൂർത്തി എന്ന മിത്തിനെ ആധാരമാക്കിയുള്ളതാണെങ്കിൽ ‘പൊന്നിയിൻ സെൽവൻ’ ചോള -പാണ്ഡ്യ ചരിത്രത്തെ അവലംബിക്കുന്നു. ‘കാന്താര’യുടെ പശ്ചാത്തലം കുന്തപുരത്തെ കാട്ടുപ്രദേശമാണ്, വെറും സാധാരണക്കാരായ മനുഷ്യർ കഥാപാത്രങ്ങളും. അവരെ അവതരിപ്പിക്കുന്നവരിലും വളരെ കുറച്ചു പേരുകളേ പരിചിതമായിട്ടുള്ളൂ. നായകവേഷം കെട്ടിയ ഋഷഭ ഷെട്ടി പോലും പരദേശികൾക്കു പുതിയ കാഴ്ചയാണ്! ഇതിനു വിപരീതമായി ഭീമാകാരങ്ങളായ എടുപ്പുകളും കോട്ടകൊത്തളങ്ങളും അലങ്കാരവേലകളും ആടയാഭരണങ്ങളുടെ പളപളപ്പുംകൊണ്ട് സമൃദ്ധമായിരിക്കുന്നു, ‘പൊന്നിയിൻ സെൽവൻ’. വീരശൂരപരാക്രമികളായ രാജകുമാരന്മാരും സൗന്ദര്യധാമങ്ങളായ രാജകുമാരിമാരും ഉഗ്രപ്രതാപികളായ രാജാക്കന്മാരും പ്രഭുക്കളും ചമയങ്ങളണിഞ്ഞ ഭടന്മാരും ആന-കുതിരകളും നിറഞ്ഞുനിൽക്കുന്ന വർണശബളമായ ദൃശ്യവിരുന്നിൽ പ്രേക്ഷകലക്ഷങ്ങളെ ഭ്രമിപ്പിച്ചുകളയാൻ ‘പൊന്നിയൻ സെൽവ’നു സാധിക്കുന്നു.

the-story-of-panchuruli-in-kantara-movie-explained-6

അത്രതന്നെ വ്യത്യാസം രണ്ടു സിനിമകളുടെയും സംവിധായകന്മാർ തമ്മിലുമുണ്ട്. കണ്ടു പരിചയമില്ലാത്ത നടനും വിരൽപരിമിതങ്ങളായ സിനിമകളുടെ സംവിധായകനുമായ ഋഷഭ ഷെട്ടിയുടെ മുന്നിൽ മണിരത്നം ഹിമാലയപർവതമാണ്, ദക്ഷിണേന്ത്യൻ സിനിമയിൽ ഉയർന്ന സ്വാധീനശേഷിയുള്ള ബ്രാൻഡാണ്. എങ്ങനെയും വിൽക്കാം, എന്നും നല്ല വിപണിമൂല്യമുണ്ട്. അദ്ദേഹത്തോടൊപ്പം വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ്, തൃഷ, ജയറാം, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, എ.ആർ.റഹ്മാൻ തുടങ്ങിയ വമ്പൻ തലക്കെട്ടുകൾ ചേർന്നുവരുമ്പോൾ കോടികളുടെ മുതൽമുടക്കിൽ ഞെട്ടേണ്ടതായി ഒന്നുമേയില്ല! ഇവരെല്ലാവരും പൊന്നിയിൻ സെൽവനിൽ സ്വന്തം പങ്കാളിത്തം മികവോടെ നിർവഹിച്ചിട്ടുണ്ട്. അതുകൊണ്ടും ‘സെൽവകാവ്യം’ പ്രേക്ഷകരെ സങ്കടപ്പെടുത്തുന്നില്ല. എങ്കിലും ‘കാണുവിൻ രസിപ്പിൻ മറക്കുവിൻ’ എന്നതിൽ ഒതുങ്ങിപ്പോകുന്നില്ലേ ഈ ബ്രഹ്മാണ്ഡചിത്രം! അതിനപ്പുറമുള്ള സാമൂഹികവിചാരങ്ങൾക്കു വല്ല പ്രസക്തിയും ‘പൊന്നിയിൻ സെൽവൻ’ ഇട്ടുതരുന്നുണ്ടോ? ചോള - പാണ്ഡ്യവംശങ്ങളുടെ കുടിപ്പകയിലും കുടിലതന്ത്രങ്ങളിലും യുദ്ധങ്ങളിലും രാജകുമാരന്മാരുടെ ശൗര്യങ്ങളിലും പ്രേമങ്ങളിലും എതിരാളികളെ നിലംപരിശാക്കുന്നതിൽ പ്രകടിപ്പിക്കുന്ന വീരതയിലും ചാരുതയിലും കൊട്ടിക്കലാശിക്കുന്ന സിനിമയുടെ രണ്ടാംഭാഗം ഈ വിഷയത്തിൽ കൂടുതൽ ചിന്തിക്കുമായിരിക്കും എന്നു ഞാൻ പ്രതീക്ഷിക്കുന്നു.

നിരവധി ഉൾപ്പിരിവുകളുള്ള ‘പൊന്നിയിൻ സെൽവ’നിൽ നിറയെ സങ്കീർണതകളാണ്. സങ്കീർണതകളുടെ ഉന്തും തള്ളുംകാരണം കഥാഗതി മനസ്സിലാക്കിയെടുക്കാൻ കൽക്കി കൃഷ്ണമൂർത്തിയുടെ അഞ്ചു വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ള മഹാഖ്യായിക കൂടെക്കൂടെ മറിച്ചുനോക്കണം. അതിലേറെയായി, ഭൂതകാലത്തിലൂടെ കുതിരയോടിച്ചുപോകുന്ന പൊന്നിയിൻ സെൽവനും കൂട്ടാളികളും ഒരർഥത്തിൽ ശിവാജി ഗണേശൻ - എംജിആർ കാലഘട്ടത്തെ പുനർജനിപ്പിക്കുകയാണ്. പണ്ടത്തെ പുണ്യപുരാണ സിനിമകളുടെ പൊതുസ്വഭാവങ്ങൾ പകർത്തുക വഴി സിനിമയെ മണിരത്‌നം ‘വീരപാണ്ഡ്യക്കട്ടബൊമ്മൻ’ യുഗത്തിലേക്കു തിരിച്ചുവിടുകയാണെന്നു കരുതുന്ന പ്രേക്ഷകരും കുറവല്ല. ‘പൊന്നിയിൻ സെൽവ’നെ ഇത്തരത്തിൽ നിരീക്ഷിക്കുമ്പോൾ ചില യാഥാർഥ്യങ്ങൾ ഞാനും മറന്നുകൂടെന്നുണ്ട്. അവയിൽ പ്രധാനമായത്, എല്ലാ സിനിമാ സംവിധായകർക്കും അവകാശപ്പെട്ട സ്വാതന്ത്ര്യമാണ്. ഏതു കഥ പറയണം, ആരുടെ കഥ പറയണം, എങ്ങനെ കഥ പറയണം എന്നതൊക്കെ സംവിധായകരുടെ ചോയിസിൽ ഉൾപ്പെടുന്നു. ‘ബാഹുബലി’യുടെ മാതൃകയിൽ പ്രേക്ഷകരുടെ മനോവിനോദം ലക്ഷ്യമാക്കി നിർമിച്ച സിനിമയാണെങ്കിൽ ‘പൊന്നിയിൻ സെൽവ’നുമേൽ ഗൗരവമുള്ള വിമർശനങ്ങൾ ഉയർത്താൻ നമുക്കു കഴിയുകയില്ല. എങ്കിലും ഈ ശാസ്ത്രയുഗത്തിൽ ഇങ്ങനെയൊരു പഴമ്പുരാണം തിരഞ്ഞെടുത്തതിനു പിന്നിലെ ചലച്ചിത്രചിന്തയും പ്രേരണയും എന്താണെന്നു മനസ്സിലാക്കാൻ വ്യഗ്രതപ്പെടുന്നവരുടെ മാസികാവസ്ഥ ഞാനും ഉൾക്കൊള്ളുന്നു.

മുഖ്യധാരാ സിനിമയെ ധനലാഭം ലക്ഷ്യംവച്ചുള്ള വ്യവസായമായി തിരിച്ചറിയുന്നതിൽ ആരെയുംപോലെ എനിക്കും പ്രയാസമില്ല. എന്നാലും ഞാൻ മനസ്സിലാക്കുന്നുണ്ട്, കലയുടെ സാമൂഹികബോധത്തെ പ്രതിഫലിപ്പിക്കുവാൻ സിനിമകൾക്കു സാധിക്കുന്നതുപോലെ മറ്റൊരു ദൃശ്യമാധ്യമത്തിനും കഴിയുന്നതല്ല. ഈ സാധ്യതയെ പ്രയോജനപ്പെടുത്തിയിട്ടുള്ള സംവിധായകനാണ് മണിരത്‌നം. തെളിവുകളുണ്ട്. മതങ്ങളുടെ പേരിൽ ജനങ്ങൾ വിഭജിക്കപ്പെടുന്ന മതതീവ്രതാബോധം ഇന്നത്തെപ്പോലെ ഭയാനകമായി വളരുന്നതിനും എത്രയോ മുമ്പേ ‘ബോംബെ’ നിർമിക്കാൻ ധൈര്യം പ്രദർശിപ്പിച്ച ചലച്ചിത്രകാരനല്ലേ മണിരത്‌നം! അത്രമേൽ പ്രതിജ്ഞാബദ്ധതയുള്ള ഒരു സംവിധായകൻ പണ്ടത്തെ രാജാക്കന്മാരുടെയും അവരുടെ വീരസ്യങ്ങളുടെയും പ്രതികാരദാഹങ്ങളുടെയും പുറകേ സഞ്ചരിക്കുന്നതിൽ അപരാധമൊന്നുമില്ല, ആക്ഷേപിക്കത്തക്കതായും ഇല്ല. സിനിമയുടെ സാമൂഹിക ഉത്തരവാദിത്തം നിലനിർത്താൻ വാണിജ്യസിനിമകളിലും ഇത്തിരി ഇടം ബാക്കിയുണ്ടെന്ന സത്യം ഓർമിപ്പിക്കുന്ന ‘കാന്താര’യെ ‘പൊന്നിയിൻ സെൽവ’നുമായി തട്ടിച്ചുനോക്കുമ്പോൾ അനുഭവപ്പെട്ട ചില അസ്വസ്ഥതകൾ തുറന്നവതരിപ്പിച്ചു എന്നതിനപ്പുറം ഇതിനെ ഒരു ചലച്ചിത്രവിമർശനമായി ഞാനും കരുതുന്നില്ല. ഈ ലഘു നിരീക്ഷണങ്ങൾ വെളിച്ചത്തിലെത്തുന്നതുപോലും രണ്ടു സിനിമകളും തീയറ്റർ വിട്ടുപോയതിനുശേഷമാണല്ലോ !

ponniyin-selvan-trisha-aiswharya

ലോകത്തിനു മുന്നിൽ മലയാളസിനിമയെ അഭിമാനപൂർവം അവതരിപ്പിച്ച മുതിർന്ന സംവിധായകൻ പങ്കുവച്ച പഴയ അനുഭവം, ഇതിങ്ങനെ എഴുതിനിർത്തുമ്പോൾ ഓർമയിൽ തെളിഞ്ഞുവരുന്നു. ചലച്ചിത്രമേളയിൽ വിവിധ സെഷനുകളിലായി ഒട്ടേറെ ഇന്ത്യൻ സിനിമകൾ കാണാൻ അവസരമുണ്ടായ വിദേശസംവിധായകൻ അദ്ദേഹത്തോടു ചോദിച്ചുപോലും- ‘ഇക്കൂട്ടത്തിൽ നിങ്ങൾ ഇന്ത്യക്കാരുടെ സിനിമ ഏതാണ് ?’ വളരെ കുഴപ്പംപിടിച്ച ഈ ചോദ്യം ഇനിയും പല വേദികളിലും ഉന്നയിക്കപ്പെട്ടേക്കാം. അപ്പോൾ കൃത്യമായ മറുപടി നൽകാൻ മണിരത്നവും ഋഷഭ ഷെട്ടിയും ഉൾപ്പെടെയുള്ള സംവിധായകർക്കു സാധിക്കണം. അതിനുള്ള മുന്നൊരുക്കമാകട്ടെ, 'കാന്താര’യും ‘പൊന്നിയിൻ സെൽവ’നും.

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും എറണാകുളം മഹാരാജാസ് കോളജിൽ പ്രഫസറുമാണ്).

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS