ADVERTISEMENT

പ്രിയപ്പെട്ടവർ ഓരോരുത്തരായി വിട പറഞ്ഞു പോകുന്നതിന്റെ വേദനയിലാണ് നടൻ മഹേഷ് ബാബു. സഹോദരൻ രമേഷ് ബാബുവിനും അമ്മ ഇന്ദിരയ്ക്കും പിന്നാലെ ഇപ്പോൾ മഹേഷ് ബാബുവിന്റെ അച്ഛൻ കൃഷ്ണയും വിട പറഞ്ഞിരിക്കുകയാണ്.

 

രണ്ടു ഭാര്യമാരാണ് കൃഷ്ണയ്ക്കുള്ളത്. ആദ്യ ഭാര്യ ഇന്ദിര ദേവി. രമേഷ് ബാബു, മഹേഷ് ബാബു, പത്മാവതി, മഞ്ജുള, പ്രിയദർശിനി എന്നിങ്ങനെ അഞ്ചു മക്കളാണ് കൃഷ്ണ- ഇന്ദിര ദമ്പതികൾക്ക്. നടിയും നിർമാതാവുമായ വിജയ നിർമലയാണ് കൃഷ്ണയുടെ രണ്ടാമത്തെ ഭാര്യ. ഇവർ 2019ൽ മരണപ്പെട്ടിരുന്നു.

 

mahesh-babu-mother
അമ്മ ഇന്ദിര ദേവിക്കൊപ്പം മഹേഷ് ബാബു

2022 ജനുവരി 10ന് മഹേഷ് ബാബുവിന്റെ മൂത്തസഹോദരൻ രമേഷ് ബാബു അന്തരിച്ചു. സെപ്റ്റംബർ 28ന് ഇന്ദിരയും ലോകത്തോട് വിട പറഞ്ഞു. രണ്ടു മാസം കഴിയും മുൻപെ മഹേഷ് ബാബുവിന് അച്ഛനെയും നഷ്ടമായിരിക്കുകയാണ്.

mahesh-babu-father
അച്ഛൻ കൃഷ്ണയ്‌ക്കൊപ്പം മഹേഷ് ബാബു

 

ചൊവ്വാഴ്ച പുലർച്ചെയാണ് മഹേഷ് ബാബുവിന്റെ പിതാവും മുതിർന്ന നടനുമായ കൃഷ്ണ (ഘട്ടമനേനി ശിവരാമ കൃഷ്ണ മൂർത്തി) അന്തരിച്ചത്. 79 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 

1942 മേയ് 31ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് കൃഷ്ണയുടെ ജനനം. 1960-കളുടെ തുടക്കത്തിൽ തെലുങ്ക് സിനിമകളിലൂടെ കരിയർ ആരംഭിച്ച കൃഷ്ണ താമസിയാതെ ശ്രദ്ധേയ നടനായി മാറി. 1960 മുതൽ 80 വരെയുള്ള കാലഘട്ടത്തിൽ തെലുങ്കിലെ സൂപ്പർസ്റ്റാറായി തിളങ്ങിയ കൃഷ്ണ 50 വർഷത്തോളം നീണ്ട തന്റെ കരിയറിൽ ഏതാണ്ട് 350ൽ ഏറെ സിനിമകൾ ചെയ്തു. 

 

ഗുഡാചാരി 116, മാഞ്ചി കുടുംബം, ലക്ഷ്മി നിവാസം, വിചിത്ര കുടുംബം, ദേവദാസ്, ഭലേ കൃഷ്ണുഡു, ഗുരു ശിഷ്യുലു തുടങ്ങിയ ചിത്രങ്ങൾ കൃഷ്ണയുടെ കരിയറിലെ വലിയ ഹിറ്റുകളാണ്. സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലും ശ്രദ്ധ നേടി. 2009ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. ഇടക്കാലത്ത് രാഷ്ട്രീയത്തിലും സജീവമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com