ADVERTISEMENT

സിനിമയെക്കുറിച്ച് അഭിപ്രായം പറയാൻ സിനിമ എന്തെന്നു പഠിക്കണമെന്ന വിവാദ പരാമർശത്തിന് വിശദീകരണവുമായി സംവിധായിക അഞ്ജലി മേനോൻ. സിനിമയെക്കുറിച്ച് നല്ലതോ ചീത്തയോ ആയ അഭിപ്രായം പ്രകടിപ്പിക്കാൻ പ്രേക്ഷകർക്ക് അവകാശമുണ്ട്. പ്രേക്ഷകർ പോലും സിനിമയെ മികച്ച രീതിയിൽ വിലയിരുത്തുന്ന ഇക്കാലത്ത് പ്രഫഷനലായി സിനിമാ റിവ്യൂ എഴുതുന്നവർക്കു സിനിമയെക്കുറിച്ചു നല്ല ധാരണയുണ്ടെങ്കിൽ അത് നിരൂപണത്തെ സഹായിക്കുമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും അഞ്ജലി മേനോൻ പറഞ്ഞു. സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അഞ്ജലിയുടെ വിശദീകരണം.

‘‘ആ അഭിമുഖത്തിൽ ഞാൻ പറഞ്ഞത് ഫിലിം മേക്കിങ്ങിനെക്കുറിച്ചു നല്ല ധാരണയുണ്ടെങ്കിൽ അത് പ്രഫഷനലായി ചലച്ചിത്ര നിരൂപണത്തെ എത്രമാത്രം സഹായിക്കും എന്നാണ്. അതിനുള്ള മികച്ച ഉദാഹരണമാണ് വർഷങ്ങളായി പ്രഫഷനലായി സിനിമാ നിരൂപണമെഴുതുന്ന ഫിലിം ജേണലിസ്റ്റ് ഉദയ താര മാഡം എന്നും ഞാൻ പറഞ്ഞു. പ്രേക്ഷകർ തന്നെ വളരെ രസകരമായി വിശദമായ നിരൂപണങ്ങൾ എഴുതുന്ന സമയമാണിത്, അതിനാൽ പ്രഫഷനൽ സിനിമാ നിരൂപകർ അതിലും ഉയരത്തിൽ ലക്ഷ്യമിടണമെന്നാണ് ഞാൻ ഉദ്ദേശിച്ചത്.

പ്രേക്ഷകരുടെ നല്ലതോ ചീത്തയോ ആയ അഭിപ്രായങ്ങളെയും അവലോകനങ്ങളെയും ഞാൻ എല്ലായ്‌പ്പോഴും മാനിക്കുന്നു. ഒരു സിനിമ കാണാനും അഭിപ്രായം പ്രകടിപ്പിക്കാനും പ്രേക്ഷകർക്ക് എല്ലാ അവകാശവും ഉണ്ടെന്നും പ്രേക്ഷകരിൽ നിന്നുള്ള അവലോകനങ്ങൾക്കായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ടെന്നും ഈ അഭിമുഖത്തിൽ ഞാൻ പറഞ്ഞിട്ടുണ്ട്. അഭിമുഖത്തിൽ ഞാൻ പരാമർശിച്ച കാര്യങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനാണ് ഞാൻ ഈ കുറിപ്പ് പങ്കുവയ്ക്കുന്നത് .’’–അഞ്ജലി മേനോൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com