ഋഷബ് ഷെട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം കാന്താര, നിവിൻ പോളിയുടെ പടവെട്ട്, ദുൽഖർ സൽമാന്റെ ചുപ്, ശിവകാർത്തികേയന്റെ പ്രിൻസ് എന്നിവയാണ് ഈ ആഴ്ച ഒടിടി റിലീസിനെത്തുന്ന ചിത്രങ്ങൾ.
അഞ്ജലി മേനോന്റെ വണ്ടർ വുമൺ, ഐശ്വര്യ ലക്ഷ്മി– ഷൈൻ ടോം പ്രധാനവേഷങ്ങളിലെത്തിയ കുമാരി, കാർത്തിയുടെ സർദാർ എന്നീ ചിത്രങ്ങളാണ് കഴിഞ്ഞ ആഴ്ച ഒടിടി റിലീസിനെത്തിയ പ്രധാന സിനിമകൾ. ഇതിൽ വണ്ടർ വുമൺ നേരിട്ട് ഒടിടി റിലീസിനെത്തുന്ന സിനിമയായിരുന്നു. ജർമൻ സീരിസ് ആയ ഡാർക്കിന്റെ അണിയറ പ്രവർത്തകർ സംവിധാനം ചെയ്യുന്ന 1899 എന്ന ടൈം ട്രാവൽ ത്രില്ലറും നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിട്ടുണ്ട്.
മമ്മൂട്ടി–നിസാം ബഷീർ ചിത്രം റോഷാക്ക്, സുരേഷ് ഗോപി–ജിബു ജേക്കബ് ചിത്രം മേ ഹൂം മൂസ, അനൂപ് മേനോന്റെ വരാൽ എന്നിവയാണ് നവംബർ രണ്ടാം വാരം ഒടിടി റിലീസ് ചെയ്തു. റോഷാക്ക് ഹോട്ട്സ്റ്റാറിലൂടെയും മൂസ സീ 5 പ്ലാറ്റ്ഫോമിലൂടെയുമാണ് റിലീസിനെത്തിയത്. വരാൽ സൺ നെക്സ്റ്റിലൂടെ നവംബർ 12ന് പുറത്തിറങ്ങി. നവംബർ ആദ്യ വാരം രണ്ട് ബ്രഹ്മാണ്ഡ സിനിമകളാണ് ഒടിടി റിലീസിനെത്തിയത്. മണിരത്നത്തിന്റെ മൾടിസ്റ്റാർ ചിത്രം പൊന്നിയിൻ സെൽവൻ പ്രൈമിലും രൺബീർ കപൂറിന്റെ ബ്രഹ്മാസ്ത്ര ഹോട്ട്സ്റ്റാറിലൂടെയും റിലീസിനെത്തി. 2020ൽ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത സൂപ്പർഹിറ്റ് ചിത്രം എനോല ഹോംസിന്റെ രണ്ടാം ഭാഗവും നവംബര്‍ 4ന് റിലീസ് ചെയ്തിരുന്നു.
കാന്താര: നവംബർ 24: ആമസോൺ പ്രൈം
16 കോടി മുടക്കി 400 കോടി വാരിയ കന്നഡ ചിത്രം. ഋഷബ് ഷെട്ടിയുടെ സംവിധാനത്തിലൊരുങ്ങിയ കാന്താര ഇന്ത്യ മുഴുവൻ തരംഗമായി മാറിയിരുന്നു. കേരളത്തിൽ നിന്നും 19 കോടിയാണ് വാരിയത്.
പടവെട്ട്: നവംബർ 25: നെറ്റ്ഫ്ലിക്സ്
നിവിൻ പോളിയെ നായകനാക്കി ലിജു കൃഷ്ണ ഒരുക്കിയ പൊളിറ്റിക്കൽ ത്രില്ലർ. രവി എന്ന യുവാവിന്റെ അതിജീവനമാണ് ചിത്രം ചർച്ച ചെയ്യുന്നത്. അദിതി ബാലൻ നായികയാകുന്നു.
ചുപ്: നവംബർ 25: സീ 5
ദുൽഖർ സൽമാന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രം. ആർ. ബാൽകിയാണ് സംവിധാനം. പ്രമുഖ ബോളിവുഡ് സംവിധായകൻ ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുങ്ങിയത്. സണ്ണി ഡിയോള്‍, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വണ്ടർ വുമൺ: നവംബർ 18: സോണി ലിവ്
പാർവതി തിരുവോത്ത്, പദ്മപ്രിയ, നിത്യ മേനൻ, സയനോര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്ടർ വുമൺ. സോണി ലിവ്വിലൂടെ നവംബർ 18നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നദിയ മൊയ്തു, അർച്ചന പത്മിനി, അമൃത സുഭാഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
സർദാർ: നവംബർ 18: ആഹാ, സിംപ്ലി സൗത്ത്
കാർത്തിയെ നായകനാക്കി പി.എസ്. മിത്രൻ സംവിധാനം ചെയ്ത സ്പൈ ത്രില്ലർ. ചിത്രത്തിൽ കാർത്തി ഇരട്ടവേഷത്തിലെത്തുന്നു. രജിഷ വിജയൻ, റാഷി ഖന്ന എന്നിവരാണ് നായികമാർ.
കുമാരി: നവംബർ 18: നെറ്റ്ഫ്ലിക്സ്
ഐശ്വര്യ ലക്ഷ്മി, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിർമൽ സഹദേവ് ഒരുക്കിയ ഹൊറർ ത്രില്ലർ. ഐതിഹ്യമാലയിൽ നിന്നും ഉരുത്തിരിഞ്ഞെടുത്ത കഥയെയും കുറച്ചു കഥാപാത്രങ്ങളെയും മുൻനിർത്തി സൃഷ്ടിച്ചെടുത്ത കഥയാണ് സിനിമയുടേത്.
ശ്രീധന്യ കാറ്ററിങ് സർവീസ്: നവംബർ 17: ആമസോൺ പ്രൈം
ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങൾക്കു ശേഷം ജിയോ ബേബി രചനയും സംവിധാനവും നിര്‍വഹിച്ച ശ്രീധന്യ കാറ്ററിംഗ് സര്‍വീസ് ഒടിടിയിലെത്തി. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. രചനയ്ക്കും സംവിധാനത്തിനുമൊപ്പം ജിയോ ബേബി ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. മൂർ, പ്രശാന്ത് മുരളി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.
പത്മ: നവംബർ 17: ആമസോൺ പ്രൈം
അനൂപ് മേനോൻ സംവിധാനം ചെയ്ത് നായകനായി എത്തിയ സിനിമ. ടൈറ്റിൽ റോളിൽ സുരഭി ലക്ഷ്മി അഭിനയിക്കുന്നു. ശങ്കര്‍ രാമകൃഷ്‍ണന്‍, ശ്രുതി രജനീകാന്ത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നതും അനൂപ് മേനോന്‍ തന്നെയാണ്.
ഗോഡ്ഫാദർ: നവംബർ 19: നെറ്റ്ഫ്ലിക്സ്
ചിരഞ്ജീവിയെ നായകനാക്കി മോഹൻരാജ ഒരുക്കിയ തെലുങ്ക് ചിത്രം. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ റീമേക്ക് ആണ് ഗോഡ്ഫാദർ. ഒക്ടോബർ അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. 80 കോടി മുതൽമുടക്കുള്ള ചിത്രത്തിന്റെ ആഗോള കലക്‌ഷൻ 160 കോടിയാണ്.
റോഷാക്ക്: നവംബർ 11: ഹോട്ട്സ്റ്റാർ
മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ ഒരുക്കിയ സൈക്കളോജിക്കൽ ത്രില്ലർ. ജഗദീഷ്, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ആസിഫ് അലി അതിഥി വേഷത്തിലെത്തുന്നു.
മേ ഹൂം മൂസ: നവംബർ 11: സീ 5
സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് ഒരുക്കിയ കോമഡി ചിത്രം. മൂസ എന്ന പൊന്നാനിക്കാരൻ പട്ടാളക്കാരനായി സുരേഷ് ഗോപി എത്തുന്നു.
വരാൽ: നവംബർ 12: സൺ നെക്സ്റ്റ്
അനൂപ് മേനോനെ പ്രധാന കഥാപാത്രമാക്കി കണ്ണൻ താമരക്കുളം ഒരുക്കിയ പൊളിറ്റിക്കൽ ത്രില്ലർ.
പത്തൊൻപതാം നൂറ്റാണ്ട്: നവംബർ 7: പ്രൈം
സിജു വിൽസനെ നായകനാക്കി വിനയൻ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെയും നങ്ങേലിയുടെയും പോരാട്ടകഥയാണ് ചിത്രം പറയുന്നത്.
ബ്രഹ്മാസ്ത്ര: നവംബർ 4: ഹോട്ട്സ്റ്റാർ
രൺബീർ കപൂർ–ആലിയ ഭട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അയാൻ മുഖർജി ഒരുക്കിയ സയൻസ് ഫിക്‌ഷൻ ത്രില്ലർ. നാഗാർജുന, അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ എന്നിവരും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നു.
പൊന്നിയിൻ സെൽവൻ: നവംബർ 4: പ്രൈം
മണിരത്നത്തിന്റെ മൾടിസ്റ്റാർ ചിത്രം. ഐശ്വര്യ റായി, വിക്രം, കാര്‍ത്തി, ജയറാം, ജയം രവി, തൃഷ, ശരത് കുമാർ, ഐശ്വര്യ ലക്ഷ്മി, ലാൽ, പ്രകാശ് രാജ് തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ബോക്സ്ഓഫിസിൽ റെക്കോർഡ് സൃഷ്ടിച്ചിരുന്നു.
എനോല ഹോംസ് 2: നവംബർ 4: നെറ്റ്ഫ്ലിക്സ്
മില്ലി ബോബി ബ്രൗൺ ടൈറ്റിൽ വേഷത്തിലെത്തുന്ന മിസ്റ്റെറി ത്രില്ലർ. 2020ൽ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത സൂപ്പർഹിറ്റ് ചിത്രം എനോല ഹോംസിന്റെ രണ്ടാം ഭാഗമാണ് എനൊല ഹോംസ് 2.
ബുള്ളറ്റ് ട്രെയ്ൻ: നവംബർ 5: നെറ്റ്ഫ്ലിക്സ്
ഡേവിഡ് ലീച്ച് സംവിധാനം ചെയ്ത് ബ്രാഡ് പിറ്റ് നായകനായെത്തുന്ന ആക്‌ഷൻ കോമഡി ത്രില്ലർ. ഓഗസ്റ്റ് അഞ്ചിന് റിലീസ് ചെയ്ത ചിത്രം ബോക്സ്ഓഫിസിൽ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു.
പ്രിൻസ്: നവംബർ 25: നെറ്റ്ഫ്ലിക്സ്
ശിവകാർത്തികേയനെ നായകനാക്കി അനുദീപ് ഒരുക്കിയ കോമഡി എന്റർടെയ്നർ. 21 ഒക്ടോബറിന് റിലീസിനെത്തിയ ചിത്രം ബോക്സ് ഓഫിസിൽ സമ്മിശ്രപ്രതികരണമാണ് നേടിയത്.