ADVERTISEMENT

സംഭവബഹുലമായിരുന്നു തട്ടാശ്ശേരി കൂട്ടം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവമെന്ന് ഛായാഗ്രാഹകൻ ജിതിൻ സ്റ്റാൻസ്. ജൂൺ എന്ന സിനിമ കണ്ടിട്ട് ദിലീപാണ് ചിത്രത്തിന്റെ ക്യാമറ ചെയ്യാൻ ജിതിനെ വിളിച്ചത്. ദിലീപിനും അദ്ദേഹത്തിന്റെ സഹോദരനും സംവിധായകനുമായ അനൂപിനും ഒപ്പം പ്രവർത്തിച്ചത് വളരെ നല്ല അനുഭവമായിരുന്നു. ശബരിമലയിൽ ചിത്രീകരണ സമയത്ത് പമ്പയിലെ പ്രളയത്തിൽ അകപ്പെട്ടുപോയെന്നും മലകയറുന്ന രംഗങ്ങൾ വളരെ സാഹസികമായി ചിത്രീകരിച്ചതാണെന്നും ജിതിൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.    

anoop-jithin-3

 

jithin-cameraman-3

‘‘സംഭവബഹുലമായ ഷൂട്ടിങ് അനുഭവങ്ങളാണ് തട്ടാശ്ശേരി കൂട്ടം എന്ന ചിത്രത്തിൽ വർക്ക് ചെയ്യുമ്പോൾ കിട്ടിയത്. ദിലീപേട്ടനാണ് ഈ ചിത്രത്തിന്റെ ക്യാമറ ചെയ്യാൻ എന്നെ ക്ഷണിച്ചത്. എന്റെ ആദ്യ ചിത്രം ജൂൺ ആയിരുന്നു. ജൂണിന്റെ വിജയാഘോഷത്തിനു കണ്ടപ്പോഴാണ് അദ്ദേഹത്തിന്റെ അനുജൻ അനൂപേട്ടൻ സംവിധാനം ചെയ്യുന്ന തട്ടാശേരിയിൽ വർക്ക് ചെയ്യുന്നതിനെപ്പറ്റി പറഞ്ഞത്. ജൂണിന്റെ വർക്ക് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു എന്നു പറഞ്ഞു. ഗ്രാൻഡ് പ്രൊഡക്‌ഷനിൽനിന്ന് വിളിച്ചപ്പോൾ വലിയ സന്തോഷമായി. അർജുൻ അശോകനുമായി ജൂണിനു വേണ്ടി വർക്ക് ചെയ്ത പരിചയമുണ്ട്. സന്തോഷ് ഏച്ചിക്കാനം ആണ് ചിത്രത്തിന്റെ തിരക്കഥ. കൊറോണയ്ക്കൊക്കെ മുൻപ് 2019 ൽ ആണ് ഷൂട്ടിങ് തുടങ്ങിയത്. 

  

jithin-cameraman-34

തട്ടാശേരികൂട്ടത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളൊക്കെ ചിത്രീകരിച്ചത് ശബരിമലയിൽ ആയിരുന്നു. മൂന്നുപ്രാവശ്യം ശരംകുത്തി വരെ കയറി ഇറങ്ങി ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. മുകളിൽ ചെന്നിട്ട് ഓടുന്ന ഒരു സീക്വൻസ് ഒക്കെ എടുക്കാനുണ്ടായിരുന്നു. ലൊക്കേഷൻ കാണാനായി കയറി, പിന്നെ ഷൂട്ട് ചെയ്യാനായി കയറി, അങ്ങനെ ഒരുപാടു പ്രാവശ്യം മല കയറിയിറങ്ങി. ശബരിമല സീസണിലല്ല ഷൂട്ട് ചെയ്തത്. കുറെയധികം ജൂനിയർ ആർട്ടിസ്റ്റുകളെ തീർഥാടകരായി അഭിനയിപ്പിക്കുകയായിരുന്നു.  

jithin-cameraman

 

പിന്നെ കുറെ ഫുട്ടേജ് ശബരിമല സീസണിൽ വന്നു ഷൂട്ട് ചെയ്തു. അതിന് പെർമിഷൻ ഒക്കെ ഗ്രാൻഡ് പ്രൊഡക്​ഷൻ വാങ്ങിയിരുന്നു. ശബരിമലയിൽ ഷൂട്ടിങ് നടക്കുമ്പോൾ മഴ പെയ്ത് പ്രളയം വന്നു ഞങ്ങൾ പമ്പയിൽ പെട്ടുപോയി. പിന്നെ രണ്ടു ദിവസം കഴിഞ്ഞിട്ടാണ് ഇറങ്ങാൻ കഴിഞ്ഞത്. ദിലീപേട്ടന്റെ പോർഷൻ കുറേക്കഴിഞ്ഞാണ് ഷൂട്ട് ചെയ്തത്. നല്ല പിന്തുണയാണ് അദ്ദേഹം നൽകിയത്. തട്ടാശ്ശേരി കഴിഞ്ഞു ‘വോയിസ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിനും അദ്ദേഹം എന്നെ വിളിച്ചു.  ദിലീപേട്ടനോടൊപ്പം വർക്ക് ചെയ്യാൻ നല്ല രസമാണ്. അനൂപേട്ടൻ ആദ്യമായി സംവിധാനം ചെയ്യുകയാണെന്നൊന്നും തോന്നില്ല. നല്ല എക്സ്പീരിയൻസ്  ഉള്ള ഒരു സംവിധായകൻ ചെയ്യുന്നതുപോലെ ആണ് അദ്ദേഹം ചെയ്തത്. തന്റെ സിനിമയ്ക്ക് എന്താണ് വേണ്ടതെന്നു കൃത്യമായി അദ്ദേഹത്തിന് അറിയാം. കുറെ നാൾ വൈകിയതിന് ശേഷം ഇപ്പോഴാണ് തട്ടാശ്ശേരി റിലീസ് ചെയ്യാൻ കഴിഞ്ഞത്. ചിത്രം പ്രേക്ഷകർ നല്ല രീതിയിൽ സ്വീകരിച്ചതിൽ സന്തോഷമുണ്ട്.’’–ജിതിൻ പറയുന്നു. 

 

‘ജൂൺ’, ‘മധുരം’, ‘വോയിസ് ഓഫ് സത്യനാഥൻ’, ഐഎഫ്എഫ്കെയിൽ തിരഞ്ഞെടുക്കപ്പെട്ട ‘ആയിരത്തൊന്നു നുണകൾ’ തുടങ്ങിയവയാണ് ജിതിൻ ഛായാഗ്രാഹണം ചെയ്ത മറ്റു ചിത്രങ്ങൾ. ‘ലൈഗർ’ എന്ന ചിത്രത്തിന്റെ യുഎസ് ഷെഡ്യൂൾ ചിത്രീകരിച്ചത് ജിതിൻ ആയിരുന്നു. ഫ്രൈഡേ ഫിലിം ഹൗസ് നിർമിക്കുന്ന ‘എങ്കിലും ചന്ദ്രികേ’ ആണ് ജിതിൻ ക്യാമറ ചെയ്യുന്ന അടുത്ത ചിത്രം. ഒരു വെബ് സീരീസിന്റെ ജോലിയിലാണ് ജിതിൻ ഇപ്പോൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com