അർജന്റീന ആരാധകരെല്ലാം നിരാശയിലാണ്. ഇതിഹാസ താരം ലയണൽ മെസ്സിയുടെ കരിയറിന് പൂർണത നൽകാൻ ഒരു കിരീടം എന്ന ലക്ഷ്യവുമായെത്തിയ അർജന്റീനയുടെ കണ്ണീർ വീഴ്ത്തിയാണു ഖത്തർ ലോകകപ്പിലെ ആദ്യ അട്ടിമറി സൗദി അറേബ്യയുടെ പേരിലായത്. അർജന്റീന ആരാധകർക്കെതിരെ വലിയ രീതിയിലുള്ള ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
സ്വന്തം വീടിനു മുന്നിൽ മെസ്സിയുടെ ചെറിയ കട്ടൗട്ട് ഒക്കെ സ്ഥാപിച്ച കടുത്ത അർജന്റീന ആരാധികയായ മീനാക്ഷിയും ‘എയറിലാണ്’. കൂട്ടുകാരുടെ വക ട്രോൾ ആക്രമാണെന്നും തിരുമ്പി വന്തിടുവേനെന്നും മീനാക്ഷി പറയുന്നു.
നടി ശാലു കുര്യനും മെസ്സിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തുവന്നു. തങ്ങൾ തിരിച്ചുവരുമെന്നും അർജന്റീന ജയിക്കട്ടെയെന്നുമായിരുന്നു ശാലു കുര്യൻ സമൂഹമാധ്യമത്തിൽ കുറിച്ചത്.
തല്ലുമാല സിനിമ ടീം ആയ സംവിധായകൻ ഖാലിദ് റഹ്മാനും തിരക്കഥാകൃത്ത് മുഹ്‍സിൻ പെരാരിയും ലുസെയ്ൽ സ്റ്റേഡിയത്തിൽ കളി കാണാൻ ഉണ്ടായിരുന്നു. അർജന്റീനയുടെ പരാജയത്തില്‍ നിരാശയോടെ ഇരിക്കുന്ന മുഹ്സിൻ െപരാരിയുടെ വിഡിയോ ഖാലിദ് സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയുണ്ടായി.
അർജന്റീനയുടെ തേരോട്ടം കാണാൻ കാത്തുകാത്തിരുന്ന ആരാധക ലക്ഷങ്ങളെ കണ്ണീരിലാഴ്ത്തി, ലുസെയ്ൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യ ഐതിഹാസിക വിജയമാണ് കൈവരിച്ചത്. ആദ്യ പകുതിയിൽ ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിൽ പിന്നിലായിരുന്ന സൗദി, രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോൾ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്.