ADVERTISEMENT

അമിതമായി വെള്ളം കുടിച്ചതാകാം 32-ാം വയസിൽ ബ്രൂസ് ലീയുടെ അകാല മൃത്യുവിനു കാരണമായതെന്ന പഠനവുമായി ശാസ്ത്രജ്ഞർ. ബ്രൂസ് ലീ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിനാൽ നടന്റെ മരണം എന്നും ശാസ്ത്രലോകത്തിന് താൽപര്യമുള്ള പഠന വിഷയമാണ്. ലീ മരിച്ച് ഏകദേശം 50 വർഷങ്ങൾക്ക് ശേഷമാണ് ലീയുടെ മരണകാരണത്തിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകളുമായി ശാസ്ത്രജ്ഞർ എത്തുന്നത്. അപകടകരമാം വിധം വെള്ളം കുടിച്ചത് ഹൈപ്പോനാട്രീമിയ എന്ന അവസ്ഥയിലേക്ക് ലീയെ നയിച്ചതാകാമെന്നും, ഇതാണ് മരണകാരണമായതെന്നുമാണ് ശാസ്ത്രജ്ഞർ പറയുന്നത്. "ബീ വാട്ടർ, മൈ ഫ്രണ്ട്" എന്ന ലീയുടെ പ്രശസ്തമായ സന്ദേശം ഉദ്ധരിച്ചുകൊണ്ടാണ് ശാസ്ത്രജ്ഞരുടെ ഈ വെളിപ്പെടുത്തലുകൾ.

1973 ജൂലൈയിൽ ദുരൂഹ സാഹചര്യത്തിൽ മരണമടയുമ്പോൾ ലോകമാരാധിക്കുന്ന മാർഷ്യൽ ആര്‍ടിസ്റ്റും നടനുമായ ബ്രൂസ് ലീക്ക് പ്രായം 32 ആയിരുന്നു. താരത്തിന്റെ മരണസമയത്തെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ലീ കൊല്ലപ്പെട്ടത് മസ്തിഷ്ക വീക്കം കാരണമാണെന്നാണ് എഴുതിയിരിക്കുന്നത്. അമിതമായ അളവിൽ വേദനസംഹാരി കഴിച്ചതിനെ തുടർന്നാണ് മസ്തിഷ്‌ക വീക്കം സംഭവിച്ചതെന്ന് ഡോക്ടർ പറഞ്ഞിരുന്നു. ലീ മരിക്കുന്നതിന് രണ്ട് മാസം മുമ്പ് ഒരു ഡബ്ബിങ് സെഷനിൽ ഹോങ്കോങ്ങിലെത്തിയപ്പോൾ രോഗബാധിതനായതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ മസ്തിഷ്ക വീക്കം കണ്ടെത്തിയിരുന്നു.

ബ്രൂസ് ലീയുടെ മരണം പതിറ്റാണ്ടുകളായി ഗൂഢാലോചന സിദ്ധാന്തങ്ങളാൽ ചുറ്റപ്പെട്ടിരിക്കുകയാണ്. ചൈനീസ് ഗുണ്ടാസംഘങ്ങളാൽ വധിക്കപ്പെട്ടതാകാം, അല്ലെങ്കിൽ അസൂയ മൂത്ത ഒരു കാമുകിയാൽ വിഷം നല്‍കപ്പെട്ടതാകാം, ശാപത്തിന് ഇരയായതാകാം എന്ന തരത്തിലുള്ള ഊഹാപോഹങ്ങളാണ് പ്രചരിച്ചിരുന്നത്. 'എന്റർ ദ് ഡ്രാഗൺ' താരം മരണമടഞ്ഞ സമയത്ത് ക്യാരറ്റിന്റെയും ആപ്പിൾ ജ്യൂസിന്റെയും ദ്രാവകരൂപത്തിലുള്ള ഭക്ഷണമാണ് കഴിച്ചിരുന്നതെന്ന് ലീയുടെ ഭാര്യ ലിൻഡ വെളിപ്പെടുത്തിയിരുന്നു. 2018ൽ 'ബ്രൂസ് ലീ, എ ലൈഫ്' എന്ന ജീവചരിത്രം എഴുതിയ മാത്യു പോളി പറയുന്നത് മരണം നടന്ന സായാഹ്നത്തിൽ അമിത അളവിൽ അദ്ദേഹം വെള്ളം കുടിച്ചിട്ടുണ്ട് എന്നാണ്. പതിവായി കഞ്ചാവ് ഉപയോഗിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.

ഈ റിപ്പോർട്ടുകളയും ഊഹാപോഹങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ടാണ് ശാസ്ത്രജ്ഞന്മാർ പുതിയ പഠനവുമായി രംഗത്തെത്തുന്നത്. ക്ലിനിക്കൽ കിഡ്നി ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗവേഷകരുടെ അഭിപ്രായത്തിൽ, അമിതമായി വെള്ളം കുടിക്കുന്നതിന്റെ ഫലമായി ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയുമ്പോഴാണ് ഹൈപ്പോനാട്രീമിയ ഉണ്ടാകുന്നത്. ഇത് തലച്ചോറിൽ നീർവീക്കമുണ്ടാക്കുകയും ചെയ്യും. ഉയർന്ന അളവിലുള്ള വെള്ളം കുടിക്കുന്നതും കഞ്ചാവ് ഉപയോഗിക്കുന്നതും ഹൈപ്പോനാട്രീമിയ എന്ന അവസ്ഥയ്ക്ക് കാരണമാകുകയും ഇത് ദാഹം വർധിപ്പിക്കുകയും തലച്ചോറിലേതുൾപ്പെടെ ശരീരത്തിലെ കോശങ്ങൾ വീർക്കുന്നതിന് കാരണമാകുകയും ചെയ്യുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

വൃക്കയുടെ പ്രവർത്തന വൈകല്യം മൂലമാണ് ലീ മരിച്ചതെന്ന നിഗമനത്തിലാണ് പഠനമെത്തുന്നത്. വൃക്ക പ്രവർത്തനക്ഷാമം അല്ലാതെ വന്നാൽ മൂത്രത്തിലൂടെ വെള്ളം പുറന്തള്ളുന്നത്തിനു ബുദ്ധിമുട്ടുണ്ടാകുകയും ഇത് തലച്ചോറിൽ വീക്കമുണ്ടാകുന്നതിനു കാരണമാവുകയും ചെയ്യുമെന്ന് പഠനം സൂചിപ്പിക്കുന്നു. ആസ്പിരിൻ, മെപ്രോബാമേറ്റ് തുടങ്ങിയ മരുന്നുകളോടുള്ള അലർജിയും മരണത്തിന്റെ ഔദ്യോഗിക കാരണമായി അന്ന് സൂചിപ്പിച്ചിരുന്നു എന്നും പഠനം പറയുന്നു. ആരാധകരുടെ പ്രിയതാരമായിരുന്ന ബ്രൂസ് ലീ മരണം വരിച്ച് അരനൂറ്റാണ്ടിന് ശേഷമുള്ള ഈ കണ്ടെത്തൽ ശാസ്ത്രലോകം ഏറെ കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com