അടൂർ സിസ്റ്റേഴ്സും ചില അറിയാക്കഥകളും

HIGHLIGHTS
  • സിനിമയിലെ കാണാക്കാഴ്ചകൾ : 68
  • തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് എഴുതുന്ന കോളം
adoor-bhavani
അടൂര്‍ ഭവാനിയും പങ്കജവും, കലൂർ ഡെന്നിസ്
SHARE

നവരസങ്ങളിൽ നിങ്ങളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ‘രസഭാവം’ ഏതാണെന്നു ചോദിച്ചാൽ ഓരോരുത്തർക്കും ഓരോ അഭിപ്രായമാണ് പറയാനുണ്ടാവുക. ‘നദികളിൽ സുന്ദരി യമുന’ എന്ന് വയലാർ രാമവർമ എഴുതിയതു പോലെ കലകളിൽ സുന്ദരി സംഗീതമാണെന്നും അഭിനയ കലയാണെന്നുമൊക്കെ പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. എനിക്കു സുന്ദരിയായി തോന്നിയിട്ടുള്ളത് നടന കലയാണെങ്കിലും കൂടുതൽ ആളുകളും പറഞ്ഞു കേട്ടിട്ടുള്ളത് സംഗീതകലയെ കുറിച്ചാണ്. സംഗീതം അനന്തമായി ഒഴുകുന്ന മഹാനദി പോലെയാണെന്നാണ് വലിയ സംഗീതജ്ഞരും പണ്ഡിതശ്രേഷ്ഠരുമൊക്കെ തങ്കലിപികളിൽ എഴുതി വച്ചിരിക്കുന്നത്. എനിക്കു സംഗീതം ഇഷ്ടമാണെങ്കിലും ചെറുപ്പം മുതലേ നാടകവും സിനിമയുമൊക്കെ കണ്ടുകണ്ട് അഭിനേതാക്കളോടു തോന്നിയ ആരാധനയായിരിക്കാം എന്റെ മനസ്സിൽ അഭിനയകലയോട് ഇത്രയ്ക്ക് കമ്പം തോന്നാൻ കാരണമെന്നു തോന്നുന്നു.

ഞാനിപ്പോൾ ഈ വിഷയം സൂചിപ്പിക്കാൻ കാരണം, കഴിഞ്ഞ ദിവസം എന്നെ കാണാൻ രണ്ടു സുഹൃത്തുക്കൾ വന്നപ്പോൾ ഈ രണ്ടു കലാരൂപങ്ങളിൽ ഒന്നാമനാരാണെന്ന് തർക്കമുണ്ടായതുകൊണ്ടാണ്. അവിടെയും ഞാൻ അഭിനയ കലയുടെ കൂടെത്തന്നെയാണ് നിന്നത്. 

ഇതുപോലെ നവരസങ്ങളെക്കുറിച്ച് വളരെ വർഷങ്ങൾക്കു മുൻപ് ഒരു തർക്കം ഉണ്ടായിട്ടുണ്ട്. 1995 ൽ ഞാൻ എഴുതി ജയരാജ് സംവിധാനം ചെയ്ത ‘തുമ്പോളി കടപ്പുറ’ത്തിന്റെ ഷൂട്ടിങ് സമയത്തായിരുന്നു അത്. ആലപ്പുഴയിലെ കടപ്പുറത്തും സമീപപ്രദേശത്തുമായിരുന്നു ഷൂട്ടിങ്. കടപ്പുറത്തെ ഷൂട്ടിങ്ങായതു കൊണ്ട് ചില ദിവസങ്ങളിൽ വൈകുന്നേരമാകുന്നതിനു മുൻപ് സൂര്യൻ പെട്ടെന്ന് പിണങ്ങി കറുത്തിരുണ്ട മുഖവുമായി നിൽക്കുമ്പോൾ ജയരാജ് പാക്കപ്പ് പറയും. ആർട്ടിസ്റ്റുകളും പ്രധാന ടെക്നീഷ്യൻസുമൊക്കെ താമസിച്ചിരുന്നത് ആലപ്പുഴയിലെ പ്രിൻസ് ഹോട്ടലിലായിരുന്നു. 

അന്ന് ഷൂട്ടിങ് കഴിഞ്ഞ് നേരത്തേ എത്തിയതുകൊണ്ട് നടൻ അഗസ്റ്റിന്റെ മുറിയിൽ രാജൻ പി. ദേവ്, അടൂർ ഭവാനി, അടൂർ പങ്കജം, ഫിലോമിന, തുടങ്ങിയവരൊക്കെ കൂടിയിരുന്ന് സൊറ പറയുന്നതിനിടയിൽ അവിചാരിതമായി ഈ നവരസ വിശേഷം കടന്നുവന്നു. 

കലകളിൽ സുന്ദരി സംഗീതമാണെന്ന് അഗസ്റ്റിൻ പറഞ്ഞതു കേട്ട് അഭിനയകലയോടാണ് എനിക്ക് കൂടുതൽ താൽപര്യമെന്ന് പറഞ്ഞപ്പോൾ അടൂർ ഭവാനിയും അടൂർ പങ്കജവും എന്റെ ഭാഗം ചേർന്നു. എന്നെ അദ്ഭുതപ്പെടുത്തിയത് അടൂർ ഭവാനിയുടെ, നവരസങ്ങളെക്കുറിച്ചുള്ള ഭാവനാവിലാസമായിരുന്നു. അടൂരിലെ ഏതോ ഒരു കൊച്ചു ഗ്രാമത്തിൽനിന്ന് ഉപജീവനമാർഗം തേടി സിനിമയിൽ അഭിനയിക്കാൻ എത്തിയ പാവം ഈ അഭിനേത്രിക്ക് നവരസങ്ങളെക്കുറിച്ചും അഭിനയകലയെക്കുറിച്ചുമൊക്കെ ഒന്നുമറിയില്ലെന്ന് വിചാരിച്ചിരുന്ന ആളാണ് ഞാൻ. അവർ അഭിനയ കലയെക്കുറിച്ചു പറഞ്ഞ വാചകങ്ങൾ ഞങ്ങളിലെല്ലാവരിലും വിസ്മയം വിരിയിക്കുകയായിരുന്നു. 

‘‘നവരസങ്ങളിൽ അഭിനയിച്ചു ഫലിപ്പിക്കാൻ ഏറ്റവും പ്രയാസമുള്ളത് ശൃംഗാരമാണ്. അതായത് പ്രണയരംഗം. എല്ലാവരും വിചാരിക്കും ഈ മരംചുറ്റി പ്രേമമൊക്കെ അഭിനയിക്കാൻ ഏറ്റവും എളുപ്പമാണെന്ന്. പ്രേമരംഗങ്ങൾ ഏറ്റവും നന്നായി ചെയ്യുന്നത് തമിഴിലെ കാതൽ മന്നൻ ജെമിനി ഗണേശൻ സാറാണ്. അതു കഴിഞ്ഞാൽ നമ്മുടെ പ്രേം നസീർ സാറും. ജെമിനി സാർ നായികയെ സ്പർശിക്കുന്നതു തന്നെ ഒരു പൂവിതളിനെ തൊടുന്നതുപോലെയാണ്. ജെമിനി സാർ അഭിനയിക്കുന്നതുപോലെ പ്രണയരംഗങ്ങൾ ഇത്രയും മനോഹരമായി ചെയ്യാൻ ഇന്ത്യൻ സിനിമയിൽ തന്നെ ആരുമില്ലെന്നാണ് എനിക്ക് തോന്നുന്നത്.’’

ഭവാനിച്ചേച്ചിയുടെ ഈ അഭിപ്രായം കേട്ടപ്പോഴാണ് ശിവാജി ഗണേശനും മധുസാറുമൊക്കെ പ്രണയരംഗത്തിൽ അഭിനയിക്കുന്നതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചു പറഞ്ഞകാര്യം ഞാൻ ഓർത്തത്. 

അവർ പഴയകാല സിനിമകളെക്കുറിച്ചും അന്നത്തെ നിര്‍മാതാക്കളെക്കുറിച്ചും അഭിനേതാക്കളെക്കുറിച്ചും പറയുന്നതു കേട്ടപ്പോൾ എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ടമായി. പങ്കജം ചേച്ചി അധികം സംസാരിക്കാതെ ഇടയ്ക്ക് പുട്ടിന് പീര ഇടുന്നതുപോലെ ചില നമ്പറുകളൊക്കെ പറഞ്ഞ് സ്വയം ചിരിച്ചു കൊണ്ടിരിക്കും. 

എനിക്ക് പഴയ സിനിമാക്കഥകളൊക്കെ കേൾക്കാൻ വലിയ ഇഷ്ടമായിരുന്നതുകൊണ്ട് രാത്രി ഷൂട്ടിങ് കഴിഞ്ഞു വന്ന് ഭക്ഷണമൊക്കെ കഴിച്ച് അടൂർ സിസ്റ്റേഴ്സിന്റെ മുറിയിൽ സിനിമാക്കഥകൾ കേൾക്കാനായി ചെല്ലും. പ്രൊഡക്‌‍ഷൻ ഡിസൈനറായ റോയിച്ചനെക്കൂടി ഞാൻ കൂട്ടും. 

രാത്രി പന്ത്രണ്ടു മണിയൊക്കെ കഴിഞ്ഞാണ് ഞങ്ങൾ അവിടെ നിന്നിറങ്ങുന്നത്. അവരോടു സംസാരിക്കുമ്പോൾ മലയാള സിനിമയുടെ ഒരു എൻസൈക്ലോപീഡിയയാണ് ഈ സഹോദരിമാരെന്ന് എനിക്കു തോന്നിയിട്ടുണ്ട്.

എത്രയെത്ര രസകരമായ അനുഭവകഥകളാണ് അവർ ഞങ്ങളോടു പറഞ്ഞിട്ടുള്ളത്. കുഞ്ചാക്കോ, പി.സുബ്രഹ്മണ്യം, സത്യൻ, നസീർ, വിജയശ്രീ, ഷീല, ശാരദ, അടൂർഭാസി, രാഗിണി തുടങ്ങി മലയാള സിനിമയിലെ സകലമാനപേരുടെയും ചരിത്രമറിയാവുന്ന അഭിനേത്രികളായിരുന്നു അടൂർ സിസ്റ്റേഴ്സ്. ഓരോ കഥയും നന്നായി പ്രസന്റ് ചെയ്യാൻ മിടുക്കി ഭവാനിച്ചേച്ചിയായിരുന്നു. 

ചില കഥകളൊക്കെ കേട്ട് ഞങ്ങൾ അന്തംവിട്ടുപോയിരുന്നിട്ടുണ്ട്. കൂടുതൽ ആളുകളെക്കുറിച്ചും പോസിറ്റീവ് ആയ കാര്യങ്ങളാണ് അവർ ഞങ്ങളോടു പറഞ്ഞത്. ഇടക്ക് ചിലരെക്കുറിച്ച് ചില നെഗറ്റീവ് കാര്യങ്ങൾ പറയുമ്പോൾ പങ്കജം ചേച്ചി കയറി വിലക്കും. 

‘‘മതി ചേച്ചി ഇനി അധികമൊന്നും വായ തുറക്കണ്ട.’’

ഞങ്ങൾ കഥകൾ കേട്ട് ഇറങ്ങാൻ നേരം ഭവാനിച്ചേച്ചി പറയും. 

‘‘എന്റെ പൊന്നു മക്കളെ, ദേ ഞങ്ങൾ ഈ പറഞ്ഞതൊന്നും ഒരിക്കലും പുറത്തു പറയരുത് കേട്ടോ. അതോടെ ഞങ്ങളുടെ പണി തീരും, പറഞ്ഞേക്കാം.’’

അടൂർ ഭവാനിയാണ് ചേച്ചിയെങ്കിലും പങ്കജം ചേച്ചിയാണ് ആദ്യം സിനിമയിൽ അഭിനയിക്കാൻ വന്നത്. അവർ വന്ന് ഒരു വർഷം കഴിഞ്ഞാണ് ഭവാനിച്ചേച്ചി സിനിമയിൽ എത്തുന്നത്. 

അഭിനയത്തിൽ കൂടുതൽ മികവ് പ്രകടിപ്പിച്ചിരുന്നത് ഭവാനിച്ചേച്ചിയായിരുന്നതു കൊണ്ട് കൂടുതൽ അവസരങ്ങൾ തേടിയെത്തുന്നത് അവർക്കായിരുന്നു. ഏതു വേഷവും അനായാസം കൈകാര്യം ചെയ്യാനുള്ള ഒരു പ്രത്യേക കഴിവ് ഭവാനിച്ചേച്ചിക്കുണ്ടായിരുന്നു. സീരിയസ് വേഷമായാലും കോമഡി ആയാലും പെട്ടെന്നു തന്നെ കഥാപാത്രമായി മാറുന്ന ഒരു അഭിനേത്രിയായിരുന്നു ഭവാനിച്േചച്ചി. അതിന് ഏറ്റവും വലിയ ഒരു ഉദാഹരണമാണ് ‘ചെമ്മീനി’ലെ ചക്കിമരക്കാത്തിയുടെ വേഷം.

1953 ലാണ് ഭവാനിച്ചേച്ചിയുടെ സിനിമാ പ്രവേശം. മലയാള സിനിമയിലെ അന്നത്തെ പ്രശസ്ത സംവിധായകരായ കുഞ്ചാക്കോ, പി. സുബ്രഹ്മണ്യം, തിക്കുറിശ്ശി, പി. ഭാസ്കരൻ, രാമു കാര്യാട്ട്, എ. വിൻസന്റ്, ശശികുമാർ, എ. ബി. രാജ്, ഐ.വി. ശശി, ബാലചന്ദ്രമേനോൻ, പി. ജി. വിശ്വംഭരൻ, ശ്രീകുമാരൻ തമ്പി, പി. എൻ. മേനോൻ, തോപ്പിൽ ഭാസി, ഹരിഹരൻ, ജയരാജ്, സത്യൻ അന്തിക്കാട് തുടങ്ങിയ പ്രഗത്ഭന്മാർ അണിയിച്ചൊരുക്കിയ ശരിയോ തെറ്റോ, ശ്യാമളച്ചേച്ചി, ഓടയിൽ നിന്ന്, തുലാഭാരം, കടൽപാലം, കള്ളിച്ചെല്ലമ്മ, അടിമകൾ, കൂട്ടുകുടുംബം, നദി, മുടിയനായ പുത്രൻ, വിത്തുകൾ, കാക്കത്തമ്പുരാട്ടി, പുതിയ ആകാശം പുതിയ ഭൂമി, ഭാഗ്യജാതകം, നിണമണിഞ്ഞ കാൽപ്പാടുകൾ, സംഭവാമി യുഗേയുഗേ, മായ, സ്വയംവരം, യുദ്ധകാണ്ഡം, ചൂള, ചിരിയോചിരി, ഏപ്രിൽ 18, കോട്ടയം കുഞ്ഞച്ചൻ, േകളി, സുകൃതം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഹിറ്റ്‌ലർ, സേതുരാമയ്യർ സിബിഐ, ടി. പി. ബാലഗോപാലൻ എം. എ. മാടത്തരുവി കേസ്, ഏണിപ്പടികൾ തുടങ്ങിയ അക്കാലത്തെ എല്ലാ ഹിറ്റ് ചിത്രങ്ങളിലും അടൂർ ഭവാനിച്ചേച്ചി അഭിനയിച്ചിട്ടുണ്ട്. 

ഞാൻ തിരക്കഥ എഴുതിയ ഒന്നാണ് നമ്മൾ, ഒപ്പം ഒപ്പത്തിനൊപ്പം, നിറഭേദങ്ങൾ, കൂടിക്കാഴ്ച, അതിനമപ്പുറം, ഇഞ്ചക്കാടൻ മത്തായി ആന്റ് സൺസ്, ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യുഎസ്എ, ഓരോ വിളിയും കാതോർത്ത്, കുടുംബസമേതം, തുമ്പോളിക്കടപ്പുറം, മാർക്ക് ആന്റണി തുടങ്ങിയ പതിനഞ്ചോളം ചിത്രങ്ങളിൽ ഭവാനിച്ചേച്ചിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. അഭിനയിക്കാൻ എത്തിയാൽ യാതൊരുവിധ പരാതിയോ പരിഭവമോ ഒന്നുമില്ലാതെ നിർമാതാക്കളുടെയും സംവിധായകരുടെയും ഗുഡ് ബുക്കിൽ കയറിക്കൂടിയിട്ടുള്ള അപൂർവം നടികളിൽ പ്രഥമഗണനീയയാണ് അടൂർ ഭവാനി. 

അടൂർ പങ്കജവും ഭവാനിച്ചേച്ചിയുടെ പാത തന്നെയാണ് പിന്തുടർന്നിരുന്നത്. പങ്കജം ചേച്ചി നല്ല കറകളഞ്ഞ വില്ലത്തി വേഷങ്ങളും എസ്. പി. പിള്ളയുടെ കൂടെ നർമം കലർന്ന ഒത്തിരി കോമഡി വേഷങ്ങളും ചെയ്തിട്ടുണ്ടെങ്കിലും ചെമ്മീനിലെ വെളുത്ത പെണ്ണ് ആണ് എല്ലാവരും എന്നും ഓർക്കുന്ന ചേച്ചിയുടെ ഒരു കഥാപാത്രം. 

അടൂർ ഭവാനി 160 ൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആദ്യം വന്നത് പങ്കജം ചേച്ചി ആയിരുന്നെങ്കിലും അത്രയും സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല. വിശപ്പിന്റെ വിളി, ശരിയോ തെറ്റോ, ബാല്യകാലസഖി, അവകാശി, അവൻ വരുന്നു, ഹരിശ്ചന്ദ്ര, ന്യൂസ്പേപ്പർ ബോയ്, പാടാത്ത ൈപങ്കിളി, രണ്ടിടങ്ങഴി, നാടോടികൾ, ശബരിമല അയ്യപ്പൻ, ക്രിസ്തുമസ്സ് രാത്രി, ജ്ഞാനസുന്ദരി, ഭാര്യ, കണ്ണും കരളും, സ്നേഹദീപം, സുശീല, കടലമ്മ, കാട്ടുപൂക്കൾ, തൊമ്മന്റെ മക്കൾ, കുമാരസംഭവം, ആരോമലുണ്ണി, ചായം, പൊന്നാപുരം കോട്ട, തുമ്പോലാർച്ച, ആഴക്കടൽ, പാലാട്ട് കുഞ്ഞിക്കണ്ണൻ, ഞങ്ങളുടെ കൊച്ചു ഡോക്ടർ, സ്വാഗതം, ലാൽ സലാം, ഏയ് ഓട്ടോ, പെരുന്തച്ചൻ, കുടുംബസമേതം, തുമ്പോളി കടപ്പുറം, ത്രീമെൻ ആർമി, സൂത്രധാരൻ, കുഞ്ഞിക്കൂനൻ തുടങ്ങിയവയാണ് അടൂര്‍ പങ്കജത്തിന്റെ പ്രധാന ചിത്രങ്ങൾ. അടൂർ പങ്കജം ചേച്ചി ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത് കുഞ്ചാക്കോയുടെയും പി. സുബ്രഹ്മണ്യത്തിന്റെയും ചിത്രങ്ങളിലാണ്. 

അടൂർ പങ്കജത്തിന് കിട്ടാത്ത ഒരു ഭാഗ്യം ചേച്ചി അടൂർ ഭവാനി േചച്ചിക്ക് കിട്ടിയിട്ടുണ്ട്. കേരള സർക്കാരിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം. 

ജീവിതത്തിൽ ഒത്തിരി പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുള്ള ഈ അടൂർ സഹോദരിമാർ എല്ലാം മറന്ന് ചിരിച്ചു മറിയുന്നത് കാണുമ്പോൾ ചിരിക്കുന്ന പല മുഖങ്ങൾക്ക് പിന്നിലും ഒത്തിരി ദുഃഖങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. 

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS