ADVERTISEMENT

ജയസൂര്യ നായകനാകുന്ന കത്തനാർ എന്ന ബിഗ് ബജറ്റ് സിനിമയ്ക്കു വേണ്ടി എറണാകുളത്ത് സ്റ്റുഡിയോ ഒരുങ്ങുന്നു. 36 ഏക്കറിൽ 40000 സ്‌ക്വയർ ഫീറ്റിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാർ ഷൂട്ടിങ് ഫ്ളോർ ആണ് ചിത്രത്തിനു വേണ്ടി നിർമിക്കുന്നത്. സിനിമയുടെ നിർമാതാവായ ഗോകുലം മൂവീസ് ആണ് ചിത്രത്തിന്റെ സാങ്കേതികതയ്ക്ക് അവശ്യം വേണ്ട ഷൂട്ടിങ് ഫ്ലോർ നിർമിച്ചു നൽകുന്നത്. ‘‘ഏറെ മുന്നൊരുക്കങ്ങൾ വേണ്ട സിനിമയാണ് കത്തനാർ. ആ പ്രോജക്ടിനെ ലോകനിലവാരത്തിലെത്തിക്കാൻ ഒരു സ്റ്റുഡിയോ തന്നെ നിർമിക്കാൻ മുന്നോട്ടുവന്ന ശ്രീ ഗോകുലം ഗോപാലനെപ്പോലെ ഒരു നിർമ്മാതാവിനെ ലഭിച്ചത് ഈ സിനിമയുടെ അണിയറപ്രവർത്തകർക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണെന്ന് നടൻ ജയസൂര്യ പറഞ്ഞു.  ഭാവിയിൽ മറ്റു സിനിമകൾക്കും പ്രയോജനപ്പെട്ടേക്കാവുന്ന തരത്തിലുള്ള ഇരു സ്റ്റുഡിയോ ഫ്ലോർ യാഥാർഥ്യമാകുന്നതിന് കത്തനാർ ഒരു നിമിത്തമാകുന്നതിൽ സന്തോഷമുണ്ടെന്നും ജയസൂര്യ മനോരമ ഓൺലൈനിനോട് പറഞ്ഞു.

kathanar-3

 

‘‘കടമറ്റത്ത് കത്തനാർ എന്ന സിനിമയുടെ ആലോചന തുടങ്ങിയപ്പോൾ തന്നെ സംവിധായകൻ റോജിനും മറ്റ് അണിയറ പ്രവർത്തകരും ഈ സിനിമയ്ക്കായി പുതിയ ടെക്നോളജി കൊണ്ടുവരണം എന്ന ആലോചന നടത്തിയിരുന്നു. ഒരു മോഡുലാർ ഷൂട്ടിങ് ഫ്‌ളോറിൽ മാത്രമേ ഇത്തരമൊരു ചിത്രം ഷൂട്ട്  ചെയ്യാൻ പറ്റുകയുള്ളൂ. പല സ്റ്റുഡിയോകൾ പോയി നോക്കിയെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നു മനസ്സിലായി. അങ്ങനെയാണ് ഈ സിനിമയ്ക്ക് വേണ്ടി മാത്രം കൊച്ചിയിൽ ഒരു ഫ്ലോർ പണിയാമെന്ന തീരുമാനത്തിൽ ഗോകുലം മൂവീസ് എത്തിയത്. ഇത് മലയാള സിനിമ ചരിത്രത്തിൽ തന്നെ അപൂർവമായി നടക്കുന്ന കാര്യമാണ്. ഭാവിയിൽ മറ്റുള്ള സിനിമകൾക്കും പ്രയോജനപ്പെട്ടേക്കാവുന്ന നേട്ടമാണിത്. ഇങ്ങനെയൊരു സ്റ്റുഡിയോ യാഥാർഥ്യമാകാൻ കത്തനാർ എന്ന ചിത്രം കാരണമാകുന്നു എന്നതിൽ സന്തോഷമുണ്ട്. 

kathanar-2

 

കടമറ്റത്ത് കത്തനാർ എന്ന ചിത്രത്തിന്റെ പ്രസക്തിയും വലിപ്പവും മുൻനിർത്തി തന്നെയാണ് ഇത്തരത്തിൽ ഒരു സ്റ്റുഡിയോ തന്നെ നിർമിക്കാൻ ഗോകുലം മൂവീസ് മുന്നോട്ട് വന്നത്. ഈ സിനിമ ഷൂട്ട് ചെയ്യാൻ പാകത്തിനുള്ള സ്റ്റുഡിയോകൾ ചെന്നൈയിലും മറ്റു പലയിടത്തും ഉണ്ടെന്നിരിക്കെ നമുക്ക് കേരളത്തിൽ തന്നെ സ്റ്റുഡിയോ പണിയാം എന്ന് അദ്ദേഹം പറയുകയായിരുന്നു. കൊച്ചിയിൽ 36 ഏക്കറിൽ 40000 സ്‌ക്വയർ ഫീറ്റിലാണ് ഈ ഫ്ലോർ പണിയുന്നത്. ചെറുതും വലുതുമായി നിരവധി സെറ്റുകളും  അവിടെ ചെയ്യുന്നുണ്ട്. സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മോഡുലാർ ഷൂട്ടങ് ഫ്ളോർ ആയിരിക്കും ഇത്.

 

ഇന്ത്യയിലാദ്യമായി വിർച്വൽ പ്രൊഡക്‌ഷൻ സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണത്തിന് അനുയോജ്യമായ രീതിയിലാണ് ഈ ഫ്ലോറിന്റെ നിർമാണം. വിദേശ സിനിമകളിൽ ഉപയോഗിച്ച് വരുന്ന നിരവധി സാങ്കേതിക വിദ്യകളാണ് ഫാന്റസി അഡ്വഞ്ചർ  വിഭാഗത്തിൽപെടുന്ന കത്തനാറിലുള്ളത്. ഈ സിനിമയ്ക്ക് വേണ്ടി ഏറ്റവും നൂതനമായ ടെക്നോളോജിയുള്ള ആരി അലക്സ 35 എന്ന ക്യാമറ ആവശ്യമായിരുന്നു.  ഇന്ത്യയിൽ ലഭ്യമല്ലാത്ത ആ ക്യാമറയും അദ്ദേഹം ഈ സിനിമയ്ക്കായി വാങ്ങി. ശ്രീ കൃഷ്ണമൂർത്തിയാണ് സ്റ്റുഡിയോ ഫ്ലോർ നിർമ്മാണത്തിനുള്ള മുൻകൈ എടുത്തത്. സിനിമയെ ഇത്രയധികം സ്നേഹിക്കുന്ന ഗോകുലം ഗോപാലനെ പോലെ ഒരു നിർമാതാവിനെ കത്തനാർക്ക്  കിട്ടിയത് ഞങ്ങൾ അണിയറപ്രവർത്തകരുടെ ഭാഗ്യമാണ്. ഗോകുലം ഗോപാലനോടും ഗോകുലത്തിലെ മറ്റെല്ലാ അംഗങ്ങളോടും ഞങ്ങളുടെ നന്ദിയും സ്നേഹവുമുണ്ട്.’’– ജയസൂര്യ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com