പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് ബാബു വരച്ച മോഹൻലാലിന്റെ ഫാമിലി കാരിക്കേച്ചറും അതിനെ അധികരിച്ച് മോഹൻലാൽ തന്റെ പേജിലൂടെ പുറത്തുവിട്ട ‘മോഹൻലാൽ ഒരു ആവാസ വ്യൂഹം’ എന്ന വിഡിയോയും ശ്രദ്ധേയമാകുന്നു. മോഹൻലാലും കുടുംബവും അവർക്കൊപ്പം പത്തോളം വളർത്തുമൃഗങ്ങളും ചേരുന്ന അത്യന്തം കൗതുകകരമായ ഒരു പെയിന്റിങ് ആണ് ഇത്.
പെയിന്റിങിന്റെ രചനാ വഴികളും മോഹൻലാൽ എന്ന മഹാനടനുമായുളള ദീർഘകാല സൂഹൃദത്തിന്റെ ഓർമ്മകളും ഒക്കെ ചേരുന്ന വിഡിയോ ജനത മോഷൻ പിക്ചേഴ്സാണ് നിർമിച്ചിരിക്കുന്നത്. മൃഗങ്ങളോടുള്ള മോഹൻലാലിന്റെ സ്നേഹത്തെക്കുറിച്ചും സുരേഷ് ബാബു വിഡിയോയിൽ പ്രതിപാദിക്കുന്നുണ്ട്്. വാഷ്ബേസനില്‍ ഒരു ഉറുമ്പ് വീണാല്‍ അതെടുത്ത് മാറ്റിയ ശേഷം മാത്രം ടാപ്പ് തുറക്കുന്ന മോഹൻലാലിനെ താന്‍ കണ്ടിട്ടുണ്ടെന്ന് സുരേഷ് ബാബു പറയുന്നു. കാട് കണ്ടാല്‍ കിരീടവും ചെങ്കോലും മറക്കുന്ന മോഹൻലാലിനെ ശിക്കാറില്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിലെ സഹജീവി സ്നേഹിയെപ്പറ്റി എവിടെയും ചര്‍ച്ചയായിട്ടില്ലെന്നും സുരേഷ് ബാബു പറഞ്ഞു.
താന്‍ വരച്ച മോഹന്‍ലാലിന്‍റെ കാരിക്കേച്ചറുകള്‍ എല്ലാം ചേര്‍ത്ത് ഒരു ബുക്ക് പബ്ലിഷ് ചെയ്യാന്‍ ഒരുങ്ങുകയാണ്, അതിനായി 4 ചിത്രങ്ങള്‍ കൂടി വരയ്ക്കണമെന്നും സുരേഷ് ബാബു പറഞ്ഞു.
‘‘സുരേഷ് ബാബുവിന് ഒരുപാട് നന്ദി, എനിക്കുവേണ്ടി നൂറൊന്നുമല്ല, അതിൽ കൂടുതൽ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ഇത് സുരേഷ് ബാബു വരച്ച പുതിയ ചിത്രമാണ്. എന്റെ കുടുംബവും പിന്നെ എന്റെ വളർത്തു മൃഗങ്ങളും. ഇതിൽ ഒരാൾ കൂടി വരാനുണ്ട്. ഒരു പൂച്ച. അത് സുരേഷ് ബാബു വരച്ചുതരും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.' ഇങ്ങനെ പറഞ്ഞു കൊണ്ടാണ് മോഹൻലാൽ വിഡിയോ ആരംഭിക്കുന്നത്.