ADVERTISEMENT

നടൻ, കാസ്റ്റിങ് ഡയറക്ടർ എന്നീ നിലകളില്‍ ശ്രദ്ധേയനായ രാജേഷ് മാധവൻ സംവിധായകനാകുന്നു. പെണ്ണും പൊറാട്ടും എന്നാണ് സിനിമയുടെ പേര്.ന്നാ താൻ കേസ്‌ കൊട്‌ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം എസ്.ടി.കെ ഫ്രെയിംസിന്റെ ബാനറിൽ പ്രശസ്ത നിർമാതാവായ സന്തോഷ് ടി കുരുവിള ആണ് നിർമാണം.

 

ചിത്രത്തിന്‍റെ രചന രവിശങ്കർ നിർവഹിക്കുന്നു. ഭീഷ്മപർവം, റാണി പദ്മിനി എന്നീ ചിത്രങ്ങളുടെ സഹരചയിതാവ് കൂടിയായിരുന്നു. അദ്ദേഹം. സബിൻ ഉരാളുകണ്ടിയാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. സീ യു സൂൺ സിനിമയുടെ ക്യാമറ നിർവഹിച്ച സബിൻ മാലിക്ക്, ബദായി ഹോ, ശ്യാം സിംഹ റോയ്, ആർക്കറിയാം എന്നീ ചിത്രങ്ങളുടെ ഭാഗമായിരുന്നു. 

 

‘പെണ്ണും പൊറാട്ടും’ പാലക്കാടൻ ഗ്രാമീണപശ്ചാത്തലത്തിലുള്ള ഒരു കോമഡി ഡ്രാമയാണ്. ഈ ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടും. പിആര്‍ഒ മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ്: സ്നേക്ക്‌ പ്ലാന്റ്‌.

 

‘മഹേഷിന്‍റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ വേഷം ചെയ്തു കൊണ്ട് സിനിമാ രംഗത്തേയ്ക്ക് പ്രവേശിച്ച രാജേഷ് മാധവൻ നിരവധി ഹിറ്റ് ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറായും കാസ്റ്റിംഗ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്‌. അഭിനയരംഗത്ത്‌ ശ്രദ്ധേയമായ വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഒരു നടൻ എന്നതിലുപരി,‌ ‘ന്നാ താൻ കേസ് കൊട്‘ എന്ന ചിത്രത്തിൽ പുതുമുഖങ്ങളെ അണിനിരത്തി വൻവിജയം കൈവരിച്ചതിനു പിന്നിൽ പ്രവർത്തിച്ച പരിചയ സമ്പന്നനായ കാസ്റ്റിങ് ഡയറക്ടർ കൂടിയാണ്‌  രാജേഷ് മാധവൻ. 

 

മലയാളത്തിലെ നിരവധി ബോക്സ് ഓഫീസ് ഹിറ്റുകളുടേയും മികച്ച അംഗീകാരങ്ങൾ ലഭിച്ച ചിത്രങ്ങളുടേയും നിർമാതാവാണ് സന്തോഷ് ടി. കുരുവിള. ഡാ തടിയാ, മഹേഷിന്‍റെ പ്രതികാരം, മായാനദി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ആർക്കറിയാം തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവ് കൂടിയാണ് ഇദ്ദേഹം. മോഹൻലാൽ ചിത്രമായ ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന്റെ സഹനിർമ്മാതാവായിരുന്ന സന്തോഷ് ടി. കുരുവിള പതിനാലോളം സിനിമകൾ നിർമിച്ചിട്ടുണ്ട്. പ്രവാസി വ്യവസായിയും നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളുടേയും ഭാഗമായ ഇദ്ദേഹം ഒട്ടേറെ പുതുമുഖങ്ങളെ അഭിനയ രംഗത്തും സംവിധാന രംഗത്തും സിനിമയിലെ മറ്റ് ഒട്ടനേകം മേഖലകളിലും പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com