ADVERTISEMENT

പൃഥ്വിരാജിനോട് എന്നും കടപ്പെട്ടിരിക്കുമെന്ന് ഷാജി കൈലാസ്. സിനിമയിൽ രണ്ടാമതൊരു എൻട്രി തന്ന ചിത്രമാണ് കടുവ. പൃഥ്വിരാജ് വിളിച്ച ഒരു ഫോൺ കോളിൽ നിന്നാണ് കടുവ എന്ന വിജയ ചിത്രമുണ്ടായതെന്നും എല്ലാ പിന്തുണയും തന്നു കൂടെ നിന്ന ലിസ്റ്റിൻ സ്റ്റീഫനും കടുവയ്ക്കായി ഒരുപാട് കഷ്ടപ്പെട്ട ജിനുവിനും തന്റെ കടപ്പാടും സ്നേഹവും എന്നുമുണ്ടാകുമെന്നും ഷാജി കൈലാസ് പറഞ്ഞു.  കടുവയുടെ വിജയാഘോഷവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 

‘‘ഞാൻ ഈ വേദിയിൽ നിൽക്കാൻ കാരണം ഒരു ഫോൺ കോൾ ആണ്. നല്ല സ്ക്രിപ്റ്റ് ഒന്നും കിട്ടാത്തത് കൊണ്ട് ഞാൻ സിനിമയിൽ നിന്ന് കുറച്ച് ഇടവേള എടുത്തു. ഒരു ഹെവി സബ്ജക്റ്റ് എനിക്ക് വരണം എന്ന പ്രാർഥനയിൽ ഇരിക്കുകയായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് എനിക്കൊരു കോൾ വരുന്നത്. ഫോണിൽ നോക്കുമ്പോൾ പൃഥ്വിരാജ്.  എന്താണ് ഇദ്ദേഹം പെട്ടെന്നെന്നെ വിളിക്കുന്നതെന്ന് ഞാൻ ആലോചിച്ചു. ഫോൺ എടുത്തിട്ട് ഞാൻ ചോദിച്ചു, ‘മോനെ എന്താ’.  

 

‘ചേട്ടൻ എവിടെയുണ്ട്’ എന്ന് രാജു ചോദിച്ചു.  ഞാൻ പറഞ്ഞു ‘തിരുവനന്തപുരത്താണ്’.  ‘ചേട്ടൻ കൊച്ചിയിൽ എപ്പോ വരും.’ ‘എനിക്കിപ്പോ വരേണ്ട ആവശ്യമില്ല, ആവശ്യമുണ്ടെങ്കിൽ വരും’.  ‘ചേട്ടൻ വരുമ്പോൾ മതി ഒരു സബ്ജക്ട് ഞാൻ കേട്ടിട്ടുണ്ട് എനിക്കത് ചേട്ടനോട് പറയണം.  ചേട്ടൻ ഓക്കേ ആണെങ്കിൽ നമുക്കത് പ്രൊസീഡ് ചെയ്യാം.’’  രാജു പറഞ്ഞു.  

 

രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഞാൻ കൊച്ചിയിൽ എത്തി.  രാജു ഡ്രൈവിങ് ലൈസൻസിന്റെ ലൊക്കേഷനിൽ ആണ്. ഞാൻ വിളിച്ചപ്പോൾ രാജു പറഞ്ഞു വണ്ടി വിടാം, വേഗം വരണം.  അങ്ങനെ ചെല്ലുമ്പോഴാണ് കടുവ എന്ന പ്രോജക്ടിനെപ്പറ്റി പറയുന്നത്. കേട്ടിട്ട് ഓക്കേ ആണെങ്കിൽ നമുക്ക് ചെയ്യാമെന്നും പറഞ്ഞു. അങ്ങനെ രണ്ടു മണിക്കൂർ കൊണ്ട് ആ വീട്ടിലിരുന്ന് ഞാൻ കഥ കേട്ടു. രാജു ഷോട്ട് കഴിഞ്ഞു തിരിച്ചു വന്ന് എന്തായി എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു എനിക്കെടുക്കാൻ പറ്റുന്ന ഒരു ഐറ്റം ഉണ്ട് ഇതിൽ.  അപ്പോഴാണ് രാജു പറയുന്നത് ഇത് ഞങ്ങൾ തന്നെ നിർമിക്കാം എന്നാണു കരുതുന്നതെന്ന്.  

 

എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു നിമിഷമാണ് അത്. എനിക്ക് എപ്പോഴും കടപ്പാടുള്ള എന്റെ കുഞ്ഞ് സഹോദരനാണ് രാജു. എനിക്ക് സിനിമയിൽ രണ്ടാമതൊരു എൻട്രി തന്നത് കടുവയാണ്. നന്ദി ഒന്നും പറഞ്ഞു തീർക്കുന്നില്ല. പക്ഷേ എന്നും ഞാൻ രാജുവിനോട് കടപ്പെട്ടവനായിരിക്കും. ചേട്ടാ എന്തുവേണേൽ എടുത്തോ എന്നുപറഞ്ഞ ലിസ്റ്റിന്റെ സപ്പോർട്ട് വളരെ വലുതാണ്. ജിനു എന്നെ വളരെയധികം സ്നേഹിക്കുകയും ടോർച്ചർ ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നെ ഒരുപാട് ഇഷ്ടപെട്ടതുകൊണ്ടായിരിക്കാം. ഇത് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ് എന്നാണ് ജിനു പറഞ്ഞത് അത് കേൾക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഈ സിനിമയ്ക്ക് വേണ്ടി അദ്ദേഹം കോടതിയിലും പ്രളയത്തിലും കോവിഡിലും ഒക്കെ  ഓടിനടന്ന് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ആ കഷ്ടപ്പാടിന് ദൈവം കൊടുത്ത സമ്മാനമാണ് ഈ സിനിമയുടെ വിജയം’’.– ഷാജി കൈലാസ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com