ADVERTISEMENT

നല്ല കഥകൾ ഉണ്ടാകാത്തതാണ് ഇന്നത്തെ മോഹൻലാൽ ചിത്രങ്ങളുടെ കുഴപ്പമെന്ന് സംവിധായകൻ ഭദ്രൻ. മോഹൻലാൽ നൈസർഗിക പ്രതിഭയുള്ള നടനാണ്. ആ പ്രതിഭ എവിടെയും പോയിട്ടില്ല. ഒരു കഥ കേൾക്കുമ്പോൾത്തന്നെ അദ്ദേഹത്തിന്റെ മനസ്സിൽ ഒരു കെമിസ്ട്രി ഉണ്ടാകും. ഇനിയും നല്ല കഥകൾ അദ്ദേഹത്തെ തേടി എത്തിയാൽ പഴയ മോഹൻലാലിനെ നമുക്കു തിരിച്ചു കിട്ടുമെന്നും ഭദ്രൻ പറഞ്ഞു. സ്ഫടികം 4 കെ റിലീസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുകയായിരുന്നു അദ്ദേഹം.

‘‘നല്ല സിനിമകൾ ഉണ്ടാകാത്തത് മോഹൻലാലിന്റെ കുഴപ്പമല്ല, മോഹൻലാലിന്റെ കൂടെ കൂടുന്ന കഥകളുടെ കുഴപ്പമാണ്. അദ്ദേഹം ഇന്നും മോഹൻലാൽ തന്നെയല്ലേ? മോഹൻലാലിന് ജനിച്ചപ്പോൾത്തന്നെ നൈസർഗികമായി കിട്ടിയതാണ് ആ പ്രതിഭ. പുള്ളി അത് ട്യൂൺ ചെയ്തെടുത്തതൊന്നും അല്ല. മറ്റു നടന്മാരിൽനിന്നു വ്യത്യസ്തമായി ലാലിൽ ഉള്ള ഒരു പ്രത്യേകത, ഏതു കഥാപാത്രം പറഞ്ഞാലും ഉള്ളിൽത്തന്നെ ഒരു കെമിസ്ട്രി പുള്ളി പോലും അറിയാതെ ഉണ്ടാകാറുണ്ട്. ആ കെമിസ്ട്രി എന്താണെന്ന് അദ്ദേഹത്തിനു പോലും ഡിഫൈൻ ചെയ്യാൻ കഴിയുന്നില്ല. ആ കെമിസ്ട്രിക്ക് അനുസരിച്ച് മോഹൻലാൽ പെരുമാറുകയാണ്. ആ മോഹൻലാൽ ഇപ്പോഴും ഉണ്ട്. അതുകൊണ്ടാണല്ലോ അദ്ദേഹം ഇപ്പോഴും ശരീരം ഒക്കെ സൂക്ഷിച്ച് നിൽക്കുന്നത്. അദ്ദേഹത്തിലേക്ക് ഇപ്പോൾ നല്ല ഉള്ളടക്കമുള്ള കഥകൾ കടന്നു ചെല്ലുന്നില്ല.

നല്ല കണ്ടന്റ് ഉള്ള കഥകൾ കടന്നു ചെന്നാൽ മോഹൻലാൽ തീർച്ചയായും പഴയ മോഹൻലാൽ തന്നെ ആകും. കുറെ ശബ്ദങ്ങളും ബഹളങ്ങളും സ്റ്റണ്ടും കാണിക്കുന്നതൊന്നുമല്ല സിനിമ. കഥയുമായി ചെല്ലുന്നവർ മനസ്സിലാക്കേണ്ട കാര്യം അതാണ്. എവിടെയെങ്കിലും രണ്ടുമൂന്ന് സ്ഥലത്ത് നമ്മുടെ ഹൃദയത്തെ പിഞ്ചിെടുക്കുന്ന നിമിഷങ്ങൾ ഉണ്ടെങ്കിൽ, അത് പ്രേക്ഷകന് തന്റെ ജീവിതമാണെന്ന തോന്നൽ ഉണ്ടായാൽ, അതു നല്ല കണ്ടന്റ് ഉള്ള സിനിമയായി മാറും. ഇതൊക്കെ അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടാകും, അദ്ദേഹം തിരിച്ചു വരും. എല്ലാത്തിനും അതിന്റെതായ സമയമുണ്ടല്ലോ.

നല്ല കണ്ടന്റ് ഇല്ലാത്ത സിനിമകൾ വരുന്നതാണ് തിയറ്ററിൽ കലക്‌ഷൻ കുറയാൻ കാരണം. ‘ജയ ജയ ജയ ജയ ഹേ’ എന്ന സിനിമ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. എന്തുകൊണ്ടാണ്, ഭാര്യാഭർത്താക്കൻമാർ തമ്മിലുള്ള ആ ബന്ധമൊക്കെ നമ്മളെ കുറെ നേരത്തേക്ക് തിയറ്ററിൽ പിടിച്ചിരുത്തുന്നു. ‘ന്നാ താൻ കേസ് കൊട്’ ഈ അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും നല്ല സിനിമയാണ്. അതിൽ കുഞ്ചാക്കോ ബോബൻ എന്തൊരു നല്ല പ്രകടനമായിരുന്നു. എനിക്ക് ആ സിനിമ തിയറ്ററിൽ കാണാൻ കഴിഞ്ഞില്ല. എന്റെ വീട്ടിലെ തിയറ്ററിൽ ആണ് കണ്ടത്. അതിന്റെ തിരക്കഥയും മേക്കിങ്ങും കുഞ്ചാക്കോ ബോബന്റെ വേഷവും അതിലെ ജഡ്ജും ഒക്കെ എന്തു രസമായിരുന്നു. പൊളിറ്റിക്കൽ സറ്റയർ മലയാളത്തിൽ അതാത് കാലഘട്ടത്തിൽ സംഭവിക്കും. അങ്ങനെ കുറെ കാലം മുൻപ് സംഭവിച്ചതാണ് കെ.ജി. ജോർജിന്റെ പഞ്ചവടിപ്പാലം. എന്തൊരു ഗംഭീര സിനിമയിരുന്നു അത്. നമ്മുടെ നാട്ടിൽ നടക്കുന്ന കുഴപ്പങ്ങൾ തിരുത്താൻ ആർക്കാണ് കഴിയുക. ഇങ്ങനെയുള്ള സിനിമകൾ അതാത് കാലഘട്ടത്തിൽ സ്വാഭാവികമായി സംഭവിക്കും.’’– ഭദ്രൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com