ADVERTISEMENT

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി പ്രഖ്യാപിച്ച ‘ഹിഗ്വിറ്റ’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഫിലിം ചേംബർ ഇടപെടൽ. ചിത്രത്തിന് ‘ഹിഗ്വിറ്റ’ എന്ന പേര് നല്‍കരുതെന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് ഫിലിം ചേംബര്‍ നിർദേശം നല്‍കി. ‘ഹിഗ്വിറ്റ’ എൻ.എസ്.മാധവന്റെ പ്രശസ്തമായ ചെറുകഥയാണെന്നും ആ പേരു നല്‍കണമെങ്കില്‍ അദ്ദേഹത്തിന്റെ അനുമതി വാങ്ങണമെന്നും ഫിലിം ചേംബർ വ്യക്തമാക്കി. മാധവൻ അയച്ച കത്തിനെ തുടർന്നാണ് ഫിലിം ചേംബര്‍ ഈ വിഷയത്തിൽ ഇടപെട്ടത്.

 

ചേംബറിന്റെ തീരുമാനത്തിനു പിന്നാലെ അവർ നടത്തിയ ഇടപെടലിന് എൻ.എസ്.മാധവൻ നന്ദി പറഞ്ഞു. ‘‘ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്ക് ഉപയോഗിക്കില്ലെന്ന് ഫിലിം ചേംബർ അറിയിച്ചിട്ടുണ്ട്. ഇതിനായി ഇടപെട്ട, എല്ലാ പിന്തുണയും നല്‍കിയ കേരള ഫിലിം ചേംബറിനോട് നന്ദി അറിയിക്കുകയാണ്. യുവസംവിധായകന്‍ ഹേമന്ത് നായര്‍ക്കും അദ്ദേഹത്തിന്റെ സിനിമയ്ക്കും വിജയാശംസകള്‍ നേരുന്നു. സൂരജ്-ധ്യാന്‍ ചിത്രം കാണാന്‍ ആളുകള്‍ ഒഴുകിയെത്തട്ടെ.’’ – മാധവൻ ട്വീറ്റ് ചെയ്തു.

 

സുരാജ് വെഞ്ഞാറമൂട്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നവംബര്‍ 28 നാണ് പുറത്തുവിട്ടത്. ഫുട്ബോളും രാഷ്ട്രീയവും പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വഹിച്ചിരിക്കുന്നത് ഹേമന്ത് ജി.നായരാണ്. സെക്കന്റ് ഹാഫ് പ്രോഡക്ഷന്റെ ബാനറില്‍ ബോബി തര്യനും സജിത്ത് അമ്മയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

 

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വന്നതിനു പിന്നാലെ എൻ.എസ്.മാധവൻ നടത്തിയ പ്രതികരണത്തോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ‘ഹിഗ്വിറ്റ’ എന്ന പേരില്‍ സിനിമ പുറത്തിറങ്ങുമ്പോള്‍ ‘ഹിഗ്വിറ്റ’ എന്ന തന്റെ പ്രശസ്തമായ കഥയുടെ പേരിനു മേല്‍ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നു എന്ന ദുഃഖമാണ് അദ്ദേഹം പങ്കുവയ്ക്കാന്‍ ശ്രമിച്ചത്. ‘‘ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല. എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദുഃഖകരമാണ്.’’ എന്നായിരുന്നു എൻ.എസ്.മാധവൻ ട്വിറ്ററിലൂടെ നടത്തിയ ആദ്യ പ്രതികരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com