ADVERTISEMENT

‘ഹിഗ്വിറ്റ’ വിവാദത്തിൽ താൻ സംവിധായകൻ ഹേമന്ദിമൊപ്പമാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ഹിഗ്വിറ്റ എന്നത് നമുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ ഒരു വ്യക്തി നാമമാണെന്നും തലക്കെട്ട് ഒരാളുടെയും സ്വന്തമല്ലെന്നും ബി. ഉണ്ണികൃഷ്ണൻ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.

‘‘ഹിഗ്വിറ്റ എന്നത് പ്രശസ്തനായ ഒരു ഗോൾകീപ്പറുടെ പേരാണ്. അദ്ദേഹത്തിന്റെ ഫുട്‌ബോൾ വൈഭവം നമ്മൾ ആസ്വദിച്ചിട്ടുള്ളതുമാണ്. ദുരന്തപര്യവസാനിയായും അല്ലാതെയുമൊക്കെ പല കഥകൾ ആ ബിംബത്തിൽ നിന്നും ഉണ്ടായിട്ടുണ്ട്. ആ ഒരു ബിംബത്തി‌ന്റെ പ്രതിരൂപാത്മകമായി എൻ.എസ്. മാധവൻ സർ ഒരു കഥ എഴുതുകയും നാമെല്ലാം അതിനെ വളരെയധികം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തു എന്നതും സത്യമാണ്. എന്നാൽ ഇനി ഒരിക്കലും ആ ബിംബത്തെ മറ്റൊരാൾ ഉപയോഗിക്കരുത് എന്ന് പറയുന്നതിൽ അർഥമില്ല. അതുപോലെ തന്നെ അതിന് യോജിക്കുന്ന ഒരു തലക്കെട്ടും അദ്ദേഹം ആ കഥയ്ക്ക് കൊടുത്തു. അതുകൊണ്ട് മാത്രം ആ തലക്കെട്ട് അദ്ദേഹത്തിന് സ്വന്തമാകുന്നില്ലല്ലോ. 'ഹിഗ്വിറ്റ' എന്ന ബിംബത്തെ മറ്റൊരാൾക്ക് പ്രയോജനപ്പെടുത്തിക്കൂടാ എന്ന് പറയുന്നതിൽ ഒരു ന്യായമില്ല.

നെപ്പോളിയൻ എന്ന പേരിൽ എത്രയോ കഥകൾ ഇറങ്ങിയിട്ടുണ്ട്. ഗാന്ധി എന്നപേരിൽ ആറ്റൻബർഗ് ഒരു സിനിമയെടുത്തു. എന്നു പറഞ്ഞ് ഗാന്ധി എന്ന പേരിൽ ഒരാൾക്ക് ഇനി ഒരു കഥ എഴുതിക്കൂടാ എന്ന് പറയുന്നതിൽ കാര്യമില്ല. ഉദാഹരണത്തിന് എംടി സാറിന്റെ കഥയാണ് 'വാനപ്രസ്ഥം'. എന്നാൽ ഷാജി എൻ. കരുൺ ഒരു സിനിമയ്ക്കായി ആ ടൈറ്റിൽ ഉപയോഗിച്ചപ്പോൾ അത് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നില്ല. എംടി അന്ന് അതിന് യാതൊരു എതിർപ്പും പറഞ്ഞിരുന്നില്ല. പിന്നീട് എംടിയുടെ 'വാനപ്രസ്ഥം' ആസ്പദമാക്കി ജി.ആർ. കണ്ണൻ ഒരു സിനിമ എടുത്തപ്പോൾ അതിന് 'തീർഥാടനം' എന്നാണ് പേരിട്ടത്.

എഴുത്തുകാരും സംവിധായകരും തമ്മിലുള്ള ഇത്തരം കൊടുക്കൽ വാങ്ങലുകളെല്ലാം ഒരു പാരസ്പര്യത്തിന്റെ ഭാഗമായിട്ടാണ് നടന്നുപോരുന്നത്. ഇതിപ്പോൾ ആദ്യമായിട്ടാണ് ഇത്തരത്തിൽ വിചിത്രമായ ഒരു പ്രശ്നം ഈ വരുന്നത്. ഏതെങ്കിലും തരത്തിൽ കഥയെ സിനിമ കോപ്പി ചെയ്യുന്നുണ്ടെങ്കിൽ അതിന് കോപ്പിറൈറ്റ് ഇഷ്യൂ ഉണ്ടാവും. അദ്ദേഹത്തിന്റെ എഴുത്ത് എന്നത് ഒരു പ്രോപ്പർട്ടിയാണ്. അത് അദ്ദേഹത്തിന്റേത് മാത്രമാണ്. അതിൽ ആർക്കും തർക്കവുമില്ല. അതിൽ ഒരു വിഷയം വന്നാൽ ഞങ്ങൾ മാധവൻ സാറിന്റെ കൂടെ നിൽക്കുകയും ചെയ്യും.

എന്നാൽ ഇപ്പോൾ ഈ പേരിന്റെ വിഷയത്തിൽ ഞങ്ങൾ എഴുത്തുകാരനായ സംവിധായകന്റെ ഒപ്പമാണ്. ഹേമന്ദിന്റെ കൂടെയാണ്. നിയമം അനുശാസിക്കുന്ന പരിരക്ഷ അദ്ദേഹത്തിനു വേണമെന്ന് ഞങ്ങളിപ്പോൾ ആഗ്രഹിക്കുന്നു. അതിനായി കോടതിയെ സമീപിക്കാനും ഞങ്ങൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മാധവൻ സാറിന്റെ പരാതിയുടെ പുറത്താണ് ഫിലിം ചേംബർ ഒരു തീരുമാനമെടുത്തത്. അത് നിർഭാഗ്യകരമായ നിലപാട് ആയിട്ടാണ് ഞങ്ങൾ കാണുന്നതും. അദ്ദേഹത്തെപ്പോലെ ഒരു വലിയ എഴുത്തുകാരൻ ഒരു പരാതി ഉന്നയിക്കുമ്പോൾ അവർക്കതിൽ തീർപ്പ് കൽപ്പിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടാവാം. അതുകൊണ്ടുതന്നെയാവും ആ പരാതി സുതാര്യമാകാൻ വേണ്ടി അവർ കോടതിയുടെ നിലപാട് കൂടി ആവശ്യപ്പെട്ടത്. അതുതന്നെയാണ് ഞങ്ങൾ ഇപ്പോൾ ഹേമന്ദിനോട് ആവശ്യപ്പെട്ടിരിക്കുന്നതും. 'ഹിഗ്വിറ്റ ' എന്നത് നമുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ ഒരു വ്യക്തി നാമമാണ്. ടൈറ്റിൽ കോപ്പിറൈറ്റ് ചെയ്യുമ്പോൾ, പ്രത്യേകിച്ച് ഒരു വ്യക്തിയുടെ നാമം കോപ്പിറൈറ്റ് ചെയ്യുമ്പോൾ അതിന്റെ നിയമവശങ്ങൾ കൂടി നാം അറിയണം. ഈ വിഷയത്തിൽ കോടതിയോട് തന്നെ നമുക്ക് ഒരു നിലപാട് ചോദിക്കാം. കോടതിയുടെ നിലപാട് നമുക്ക് സ്വീകരിക്കാം. ഇന്നലെ എഴുത്തുകാരുടെ യൂണിയനുമായി ഒരു ഓൺലൈൻ ചർച്ച നടത്തിയതിന് ശേഷമുള്ള ഒരു നിലപാടു കൂടിയാണിത്.’’–ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com