വിവാഹത്തിന് സ്വർണമണിഞ്ഞ് ഇളിച്ചു നിൽക്കാൻ എങ്ങനെ മനസ്സ് വരുന്നു: സരയു ചോദിക്കുന്നു

sarayu-mohan
SHARE

അച്ഛനമ്മമാരുടെ പണം ചെലവഴിച്ച് ആർഭാട വിവാഹം കഴിക്കുന്ന പെൺകുട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി നടി സരയു. വിവാഹദിവസം സ്വർണത്തിൽ മൂടണമെങ്കിലോ അൻപതിനായിരം രൂപയുടെ സാരി വാങ്ങണമെങ്കിലോ അത് പെൺകുട്ടികൾ സ്വയം അധ്വാനിക്കുന്ന പണം മുടക്കിയാണ് ചെയ്യേണ്ടതെന്നും അല്ലാതെ അച്ഛനമ്മമാർ മുണ്ടു മുറുക്കിയുടുത്ത് കൂട്ടിവയ്ക്കുന്ന പണം കൊണ്ടാകരുതെന്നും സരയു പറയുന്നു. അടുത്ത തലമുറയ്ക്കുവേണ്ടി പണം കൂട്ടി വച്ച്, ജീവിക്കാൻ മറക്കുന്ന ജനതയെ നമ്മുടെ നാട്ടിലേ കാണാൻ കഴിയൂ. പെൺകുട്ടി പിറക്കുമ്പോൾ ആധി പിടിച്ചു ജീവിക്കുന്ന മാതാപിതാക്കളെ ഇനി തിരുത്താൻ കഴിയില്ലെന്നും പുതിയ തലമുറ മാറി ചിന്തിക്കേണ്ട കാലം അതിക്രമിച്ചെന്നും സരയു പറയുന്നു

‘‘അധ്വാനിച്ച്, വിയർപ്പൊഴുക്കി അച്ഛനമ്മാർ ഉണ്ടാക്കിയെടുത്ത സ്വർണവുമിട്ട് പട്ടുസാരിയും ഉടുത്ത് ഇങ്ങനെ ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്കു മനസ്സ് വരുന്നു? എന്താണ് സോഷ്യൽ മീഡിയയിൽ വലിയ വലിയ ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കുന്ന ഈ കുട്ടികൾക്ക് വിവാഹം ആകുമ്പോൾ നാവിടറുന്നത്.

നിങ്ങൾക്ക് വിവാഹദിവസം മനോഹരം ആക്കണോ, സ്വർണത്തിൽ മൂടണോ, 50,000 ന്റെ സാരി വേണോ.... സ്വന്തം പൈസയ്ക്ക്, സ്വയം അധ്വാനിച്ചു നേടൂ.അതിന് ആദ്യമൊരു ജോലി നേടൂ... എന്നിട്ട് മതിയെന്ന് തീരുമാനിക്കൂ വിവാഹം.

അടുത്ത തലമുറയ്ക്ക് കാശ് കൂട്ടി വച്ച് സ്വയം ജീവിക്കാൻ മറക്കുന്ന ജനത നമ്മൾ അല്ലാതെയുണ്ടോ? പെൺകുട്ടി ആണേ എന്നു പറഞ്ഞു നെട്ടോട്ടമൊടുന്ന മാതാപിതാക്കളെ എത്രത്തോളം തിരുത്താൻ ആകുമെന്ന് അറിയില്ല. അവളുടെ കല്യാണദിവസം ലക്ഷ്യം വച്ച്, നടുമുറിയെ പണി എടുക്കുന്ന, ഇനി കെട്ട് കഴിഞ്ഞാൽ കൊച്ചിന്റെ ഇരുപത്തിയെട്ടിനു കാശ് വേണം എന്നോടുന്ന പാവം പിടിച്ച അച്ഛനമ്മമാരെ എങ്ങനെ മനസ്സിലാക്കിയെടുക്കും.

നാടടച്ച് കല്യാണം വിളിച്ചു സോഷ്യൽ സ്റ്റാറ്റസ് കാണിക്കാൻ മക്കളെ സ്വർണത്തിൽ കുളിപ്പിച്ചിരുത്തുന്ന അച്ഛനമ്മമാരെയും പറഞ്ഞു മനസ്സിലാക്കലും ബുദ്ധിമുട്ടാണ്. അതിലുമൊക്കെ എളുപ്പം നിങ്ങൾ മാറുന്നതല്ലേ?.’’–സരയുവിന്റെ വാക്കുകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS