ADVERTISEMENT

‘ഗാട്ട കുസ്തി’ സിനിമയ്ക്കു വേണ്ടി പരിശീലനം നടത്തുന്ന ഐശ്വര്യ ലക്ഷ്മിയുടെ വിഡിയോ വൈറലാകുന്നു. ഐശ്വര്യ ലക്ഷ്മിയും വിഷ്ണു വിശാലും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ ഗുസ്തിക്കാരിയുടെ മെയ്‌വഴക്കത്തോടെ ഐശ്വര്യ നിറഞ്ഞാടുകയായിരുന്നു. കഥാപാത്രമാകാൻ തയാറെടുപ്പു നടത്തുന്ന ഐശ്വര്യയുടെ ജിം വർക്ക്ഔട്ട് വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഐശ്വര്യയുടെ സുഹൃത്തും ഫിറ്റ്നസ് ട്രെയിനറുമായ ലക്ഷ്മി വിശ്വനാഥാണ് വിഡിയോ പങ്കുവച്ചത്.


‘‘ഒരുപാട് വിയർപ്പും കണ്ണുനീരും (ചിരിച്ചു ചിരിച്ച് കണ്ണിൽ നീര് പൊടിഞ്ഞതാണ്) ഒപ്പം മൊത്തത്തിൽ രസകരവുമായ ഒരു വർക്ക്ഔട്ട് സെഷൻ. എന്നോടും റെനീഷ് സുബൈറിനോടൊപ്പമാണ് ഐശ്വര്യ വർക്ക്ഔട്ട് ചെയ്തത്. ഷൂട്ടിങ്ങിനിടെ ഓൺലൈൻ പരിശീലനത്തിൽ പങ്കെടുത്ത് കഥാപാത്രത്തിന് വേണ്ടി ശരീരഭാരം കൂട്ടുക എന്ന വെല്ലുവിളി പോലും ഏറ്റെടുത്ത ഐശ്വര്യയെക്കുറിച്ച് ഓർക്കുമ്പോൾ അഭിമാനമുണ്ട്. നിങ്ങളുടെ ശരീരം മനഃപൂർവം തടി വയ്പ്പിക്കുക എന്നത് മാനസികമായി അംഗീകരിക്കാൻ പലർക്കും ബുദ്ധിമുട്ടാണ്. പക്ഷേ ഐശ്വര്യ അതൊരു വെല്ലുവിളിയായി, സ്പോർട്സ്മാൻ സ്പിരിറ്റോടെ ഏറ്റെടുത്തു. അവളെക്കുറിച്ചോർക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു. ഗാട്ട കുസ്തി ഇതുവരെ കാണാത്തവർ തിയറ്ററുകളിൽ പോയി കാണുക.’’– വിഡിയോ പങ്കുവച്ചുകൊണ്ട് ലക്ഷ്മി വിശ്വനാഥൻ കുറിച്ചു.

ലക്ഷ്മിക്കു മറുപടിയുമായി ഐശ്വര്യയും എത്തിയിട്ടുണ്ട്. ‘‘റെനീഷ് സുബൈറും ലക്ഷ്മി വിശ്വനാഥനുമാണ് എന്റെ രക്ഷകർ. റെനീഷ് എന്നെ ഗുസ്തി പരിശീലിപ്പിച്ചപ്പോൾ, ശാരീരിക പരിശീലനം നടത്തിയത് ലക്ഷ്മി ആയിരുന്നു. നിങ്ങൾ രണ്ടുപേരുടെയും കീഴിൽ പരിശീലനം നടത്താൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടയാണ്. എനിക്കു വേണ്ടി ഏറെ കഷ്ടപ്പെട്ടതിന് ഒരുപാട് നന്ദിയും ആലിംഗനങ്ങളും’’. ഐശ്വര്യ പറയുന്നു.

മലയാളത്തിന്റെ പ്രിയ താരമായ ഐശ്വര്യ ലക്ഷ്മി തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് തെന്നിന്ത്യയിലെ പ്രിയനായികയായി മാറുകയാണ്. മണിരത്നം ചിത്രം ‘പൊന്നിയിൻ സെല്‍വനി’ലും നടിയുടെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com