ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ നിർമാതാക്കൾ താനുൾപ്പടെയുള്ളവർക്ക് പ്രതിഫലം കൃത്യമായി നൽകിയിട്ടുണ്ടെന്ന് സംവിധായകനായ അനൂപ് പന്തളം. സിനിമയുടെ സംവിധായകനും ചില സാങ്കേതിക വിദഗ്ധർക്കും പ്രതിഫലം നൽകിയില്ലെന്ന ബാലയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അനൂപ്.
‘‘നടൻ ബാല ഒരു ഓൺലൈൻ ചാനലിന് നടത്തിയ സംഭാഷണത്തിൽ എന്റെ പേരുൾപ്പെട്ടതുകൊണ്ടാണ് ഈ വിശദീകരണം. ഷെഫീക്കിന്റെ സന്തോഷം എന്ന എന്റെ ആദ്യ സിനിമ എഴുതി സംവിധാനം ചെയ്ത എനിക്ക് കൃത്യമായി പ്രതിഫലം ലഭിക്കുകയുണ്ടായി. മറ്റു ടെക്‌നിഷ്യൻസിനും അവരുടെ പ്രതിഫലങ്ങൾ കൊടുത്തതായി ആണ് എന്റെ അറിവിൽ. അദ്ദേഹത്തെ ഈ സിനിമയിൽ റെക്കമെന്റ് ചെയ്തത് തന്നെ ഉണ്ണി ബ്രോ ആണ്. സിനിമയിൽ നല്ലൊരു കഥാപാത്രമാണ് ബാലയ്ക്ക്. അദ്ദേഹമത് നന്നായി ചെയുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തതിൽ സന്തോഷം. സിനിമ നന്നായി പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കുകയും ഇപ്പോൾ വിജയം നേടിയ സന്തോഷത്തിലും ആണ് ഞങ്ങൾ. ഈ സമയത്ത് ഇത്തരം വിഷയങ്ങളിൽ എന്റെ പേര് വലിച്ചിഴക്കുന്നതിൽ വിഷമമുണ്ട്.’’–അനൂപ് പന്തളം പറഞ്ഞു.
പ്രതിഫലം നൽകാതെ സിനിമയുടെ നിർമാതാവ് കൂടിയായ ഉണ്ണിമുകുന്ദൻ കബളിപ്പിച്ചുവെന്നാണ് ബാലയുടെ ആരോപണം. ‘അമ്മ’യുടെ പ്രതിനിധിയായ ഇടവേള ബാബുവിനോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ പരാതിപ്പെടാനാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ എവിടെയും പരാതിപ്പെടാൻ താൻ തയാറല്ലെന്നും ഇത് സ്വയം മനുഷ്യൻ തിരിച്ചറിയേണ്ട വസ്തുതയാണെന്നും ബാല പറയുന്നു. പ്രതിഫലം കിട്ടിയില്ല എന്ന പരാതിയുള്ള ക്യാമറാമാൻ എൽദോ ഐസക്കിനെ ഫോണിൽ വിളിച്ച് സംസാരിപ്പിച്ചുകൊണ്ടായിരുന്നു ബാല പ്രതികരിച്ചത്.
ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന്റെ സംവിധായകനും ക്യാമറാമാനും മറ്റു ടെക്‌നീഷ്യൻമാർക്കും പ്രതിഫലം ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകിയിട്ടില്ല എന്ന് ബാല പറയുന്നു. തനിക്കും പ്രതിഫലം നൽകിയിട്ടില്ല എങ്കിലും താൻ അത് കാര്യമാക്കുന്നില്ല. എന്നാൽ പാവപ്പെട്ട ടെക്‌നിഷ്യൻമാർക്ക് പ്രതിഫലം നൽകാത്തത് വളരെ മോശം രീതിയാണ്. പടം വലിയ വിജയമായി നല്ല രീതിയിൽ വിറ്റഴിച്ചു. നല്ല കച്ചവടം നടന്നിട്ട് ബാക്കി എല്ലാം മണ്ടന്മാരാക്കുകയായിരുന്നു. സിനിമ വിജയിച്ചപ്പോൾ ഒരു കോടി ഇരുപത്തിയഞ്ചു ലക്ഷം പണം ചെലവാക്കി കാർ വാങ്ങുകയാണ് ഉണ്ണി ചെയ്തത്. സ്ത്രീകൾക്ക് എല്ലാവർക്കും പ്രതിഫലം നൽകിയിട്ടുണ്ട്. ഒരു യൂട്യൂബ് ചാനലിനു നൽകിയ ഇന്റർവ്യൂവിലാണ് ഏറെ വിവാദപരമായ ഇക്കാര്യങ്ങൾ ബാല വെളിപ്പെടുത്തിയത്.