ADVERTISEMENT

2022 ലെ ഏറ്റവും ജനപ്രിയരായ 10 ഇന്ത്യൻ താരങ്ങളുടെ പട്ടികയുമായി പ്രമുഖ ഓൺലൈൻ ഡേറ്റ ബേസ് ആയ ഐഎംഡിബി. ജനപ്രിയനായ താരങ്ങളിൽ ഒന്നാമതെത്തിയത് തമിഴ് സൂപ്പർ താരം ധനുഷ് ആണ്. പത്തിൽ ആറ് താരങ്ങളും ദക്ഷിണേന്ത്യയിൽ നിന്നാണെങ്കിലും മലയാളത്തിൽ നിന്ന് ഒരു താരം പോലും ഐഎ ഡിബിയുടെ പട്ടികയിൽ ഇടം പിടിച്ചില്ല.

 

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും ഐശ്വര്യ റായ് ബച്ചനും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.  രാം ചരൺ, സമാന്ത റൂത്ത് പ്രഭു, എൻടിആർ ജൂനിയർ, അല്ലു അർജുൻ, യഷ് എന്നിവരുൾപ്പെടെ മികച്ച പത്ത് താരങ്ങളിൽ ആറ് പേരും തെന്നിന്ത്യയിൽ നിന്നുള്ളവരാണ്. രാം ചരൺ, സമാന്ത റൂത്ത് പ്രഭു എന്നിവർ നാലും അഞ്ചും സ്ഥാനങ്ങളിൽ എത്തിയപ്പോൾ ഹൃതിക് റോഷൻ ആറാം സ്ഥാനത്തും കിയാര അദ്വാനി ഏഴാം സ്ഥാനത്തും ജൂനിയർ എൻടിആർ എട്ടാം സ്ഥാനത്തും അല്ലു അർജുനും യാഷും ഒൻപതാം സ്ഥാനത്തും പത്താം സ്ഥാനത്തും എത്തി.

 

തമിഴ് ചിത്രം മാരൻ, ഹോളിവുഡ് ചിത്രം ദ് ഗ്രേ മാൻ, ബോളിവുഡ് ചിത്രം അത്രംഗിരേ എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ ചിത്രങ്ങളിലാണ് ധനുഷ് ഈ വർഷം അഭിനയിച്ചത്.  മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവനിൽ നന്ദിനിയായി എത്തിയ ഐശ്വര്യ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിച്ചിരുന്നു.  

 

ഗംഗുഭായി, ബ്രഹ്മാസ്ത്ര എന്നീ ചിത്രങ്ങളിൽ അഭിനയിച്ചാണ് ആലിയ ജനപ്രീതി നേടിയത്. തെലുങ്കിൽ ഹിറ്റായ യശോദയിൽ സമാന്ത നായികയായി എത്തിയിരുന്നു. നിലവിൽ ഓസ്കർ നോമിനേഷനായി മത്സരിക്കുന്ന ആർആർ ആറിൽ രാം ചരണും എൻടിആർ ജൂനിയറും ഒരുമിച്ചെത്തിയിരുന്നു. പുഷ്പയിലെ പ്രകടനമാണ് അല്ലു അർജുനെ പട്ടികയിൽ എത്തിച്ചത്.

 

ഈ വർഷം ഇന്ത്യയിലെ ബോക്സ് ഓഫിസ് റെക്കോർഡുകൾ തകർത്ത ആദ്യ ചിത്രമായ കെജിഎഫ് ചാപ്റ്റർ 2 ൽ നായകനായെത്തിയ യഷ് ജനപ്രിയ താരമായി മാറി.  ജുഗ്ഗ്  ജഗ്ജഗ് ജീയോ, ഭൂൽ ഭുലയ്യ 2 തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ കിയാരയും തിളങ്ങി.  വിക്രം വേദയുടെ ഹിന്ദി പതിപ്പിൽ നായകനായെത്തിയത് ഹൃതിക് റോഷൻ ആയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com