‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം’ രാവിലെ ടിവിയിൽ ഈ പാട്ട്. കാരണം അന്വേഷിച്ചവർ ഞെട്ടി. പ്രേം നസീർ മരിച്ചു. അതിന്റെ അനുസ്മരണമാണ്. സത്യത്തിൽ ഞെട്ടിപ്പോയി. പത്രത്തിൽ വാർത്തയില്ല. തിരുവനന്തപുരത്തും അന്വേഷിച്ചു. അവിടെയുമില്ല. നസീർ ആശുപത്രിയിലാണെന്ന വിവരം പോലും പത്രങ്ങളിൽ വന്നിരുന്നില്ല. വൈകിട്ടായിരുന്നു കബറടക്കം. ഉച്ചയോടെ ചിറയിൻകീഴിലെത്തിയപ്പോൾ ജനസാഗരം തന്നെ. കേട്ടറിഞ്ഞവർ ചിറയിൻകീഴിലേക്ക് എത്തി. റോഡുകൾക്ക് ഇരുവശവും മനുഷ്യമതിൽ. മരങ്ങൾക്കു മുകളിൽവരെ യുവാക്കൾ കയറിയിരിക്കുന്നു. വാഹനങ്ങൾക്കു പോകാൻ അൽപം സ്ഥലമിട്ട് ജനങ്ങൾ റോഡുകളെല്ലാം കയ്യടക്കി. ഒടുവിൽ അനൗൺസ്മെന്റ് വാഹനമടക്കം വലിയൊരു വാഹനവ്യൂഹത്തിന്റെ അകടമ്പടിയോടെ പ്രേംനസീർ അവസാനമായി നാട്ടിലും വീട്ടിലുമെത്തി. അതായിരുന്നു പ്രേംനസീറിന്റെ അന്ത്യയാത്ര. കെഎസ്ആർടിസിയുടെ പകുതി പണിതീർത്ത ബസിലായിരുന്നു മൃതദേഹം. മഞ്ചലുമായി ബസിൽ നിന്നിറങ്ങിയത് മമ്മുട്ടിയും മോഹൻലാലുമടക്കമുള്ള താരനിര ! വീട്ടിലെ ചടങ്ങുകൾക്കുശേഷം അടുത്തുളള കാട്ടുമുറാക്കൽ ജുമാമസ്ജിദിൽ കബറടക്കം. ആ പള്ളിയുടെ നിർമാണം പൂർത്തിയായിരുന്നില്ല. നസീറിന്റെ പ്രത്യേക ഉത്സാഹത്തിലാണ് നിർമാണം നടന്നിരുന്നത്. അതു പൂർത്തിയായി കാണാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.
HIGHLIGHTS
- പ്രേം നസീർ ഓർമയായിട്ട് 35 വർഷം
- 1989 ജനുവരി 16 നായിരുന്നു നസീർ നമ്മെ വിട്ടു പിരിഞ്ഞു പോയത്
- പ്രേം നസീറിന്റെ മരണവും കബറടക്കവും ഓർമിക്കുകയാണ് അന്ന് മലയാള മനോരമ കൊല്ലം ലേഖകനായിരുന്ന ബോബി തോമസ്