‘കൈതി’ അടിമുടി പൊളിച്ചുമാറ്റി അജയ് ദേവ്ഗൺ; ഭോല ഗംഭീര ടീസർ

Mail This Article
ലോകേഷ് കനകരാജ്- കാര്‍ത്തി ചിത്രം കൈതിയുടെ ഹിന്ദി റീമേക്ക് പുതിയ ടീസർ എത്തി. അജയ് ദേവ്ഗൺ നായകനും സംവിധായകനുമാകുന്ന സിനിമയുടെ പേര് ഭോല എന്നാണ്. 2023 മാർച്ച് 30ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഭോല.
കൈതി സിനിമയെ അടിമുടി പൊളിച്ചുമാറ്റിയാണ് ഭോലയുമായി അജയ് എത്തുന്നത്. ബ്രഹ്മാണ്ഡ ആക്‌ഷൻ രംഗങ്ങളാകും ത്രിഡിയിലെത്തുന്ന ഈ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.
ചിത്രത്തില്‍ അജയ് ദേവ്ഗൺ ആണ് ഡില്ലിയുടെ വേഷത്തിലെത്തുന്നത്. നടി തബുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. നരേൻ അവതരിപ്പിച്ച ബിജോയ് എന്ന കഥാപാത്രമാണ് ഹിന്ദിയിൽ തബു അവതരിപ്പിക്കുക. കൈതിയുടെ കഥയിൽ നിന്നും ഏറെ മാറ്റങ്ങളോടെയാകും ഹിന്ദി റീമേക്ക് എത്തുക. സഞ്ജയ് മിശ്ര, മകരന്ദ് ദേശ്പാണ്ഡെ, ഗജ്‌രാജ് റാവു എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
റണ്‍വേ 34ന് ശേഷം അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമാണം. 2019ലാണ് കൈതി റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണവും വന്‍ ബോക്‌സ് ഓഫിസ് വിജയവും നേടിയ ചിത്രം കേരളത്തിലും മികച്ച പ്രതികരണം സ്വന്തമാക്കി.