നടൻ സിബി തോമസിന് ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം; സിനിമയിലല്ല, ജീവിതത്തിൽ

siby-thomas-312
SHARE

സിനിമ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസിന് സ്ഥാനകയറ്റം. വയനാട് വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ ഡിവൈഎസ്പി ആയാണ് നിയമനം. നിലവിൽ കാസർകോട് വിജിലൻസ് ഇൻസ്പെക്ടറാണ്. അഭിനേതാവ് കൂടിയായ സിബി തോമസ് വ്യക്തി ജീവിതത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥനാണ്. 2014, 2019, 2022 വർഷങ്ങളിൽ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015 ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നേടിയിരുന്നു.

പഠനകാലത്ത് യൂണിവേഴ്സിറ്റി തല മത്സരങ്ങളിൽ നാടകത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ദിലീഷ് പോത്തന്‍റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെയാണ് സിബി അഭിനയ രംഗത്തേക്ക് എത്തുന്നത്. ചിത്രത്തില്‍ സിബി ചെയ്ത വേഷം ഏറെ ജനശ്രദ്ധ നേടിയിരുന്നു. തുടർന്ന്, പ്രേമസൂത്രം, കാമുകി, ഒരു കുപ്രസിദ്ധ പയ്യന്‍, ഹാപ്പി സര്‍ദാര്‍, ട്രാന്‍സ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലൂടെ അദ്ദേഹം തിരക്കഥാകൃത്തിന്‍റെ കുപ്പായവും അണിഞ്ഞിരുന്നു. സൂര്യ നായകനായ ജയ് ഭീമിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. 

സിനിമയിൽ വന്നതിനെക്കുറിച്ച് സിബി തോമസ് പറയുന്നു (മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ നിന്നും’: പഠിക്കുന്ന സമയത്തൊക്കെ മനസ്സില്‍ സിനിമ മാത്രമായിരുന്നു. പൂനെ ഫിലിം ഇന്‍സ്റ്റ്യൂട്ട് ആയിരുന്നു  ലക്ഷ്യം. സിനിമാട്ടോഗ്രാഫി പഠിക്കണം, സംവിധായകന്‍ ആകണം എന്നൊക്കെ ആയിരുന്നു മനസ്സില്‍. അതുകൊണ്ടാണ് ഡിഗ്രി കഴിഞ്ഞ ഉടനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള എന്‍ട്രന്‍സ് എഴുതുന്നത്. പക്ഷേ അവസാനഘട്ട അഭിമുഖം വിജയിക്കാനായില്ല. ഭയങ്കരമായ മാനസിക വിഷമം ഉണ്ടാക്കി ആ പരാജയം. പിന്നെയാണ് കാലം കടന്നുപോയപ്പോള്‍ അനിവാര്യതയെന്നോണം പൊലീസ് കുപ്പായത്തിലെത്തുന്നത്. അതിനുള്ളില്‍ ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ് പൂനെ യാത്രയുടെ 25 വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമ എന്നിലേക്ക് വരുന്നത്; തീര്‍ത്തും യാദൃച്ഛികമായി. ഇപ്പോള്‍ സിനിമ ചെയ്യുന്നു, സിനിമകള്‍ കാണുന്നു, സിനിമ പഠിക്കുന്നു, സിനിമക്കായി എഴുതുന്നു, യൂണിഫോം ഇട്ട സര്‍വീസ് ജീവിതത്തിനൊപ്പം പുതിയ കഥാപാത്രങ്ങളെയും കാത്തിരിക്കുന്നു.

ഇനിയൊരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി സിനിമ പഠിക്കാനുള്ള ഭാഗ്യമോ സാഹചര്യമോ എനിക്കില്ല. പക്ഷേ ഇത്രയും കാലത്തെ സര്‍വീസ് തന്ന ഒരുപാട് അനുഭവങ്ങള്‍ സിനിമയില്‍ എനിക്ക് മുതല്‍ക്കൂട്ടാവുമെന്ന് ബോധ്യമായി. കാരണം ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലി തന്നെ ഒരു വലിയ സര്‍വകലാശാലയാണ്. പൊലീസ് ജോലി സാധാരണ ജനങ്ങള്‍ക്കിടയില്‍ ഏറ്റവും അധികം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു മേഖലയാണ്. നമ്മുടെ മുന്നിലേക്ക് വരുന്ന ഓരോ വ്യക്തിയിലും ഒരു കഥ ഉണ്ടാകും. ജീവിതത്തിന്റെ സ്വൈര്യം കെടുത്തുന്ന ചെറുതും വലുതുമായ പ്രശ്‌നങ്ങളുമായി മുന്നിലേക്കെത്തുന്ന ഓരോ മനുഷ്യരും പുതിയൊരു അനുഭവമാണ് മനസ്സില്‍ ചേര്‍ത്തുവയ്ക്കുന്നത്. 

siby-thomas-31

ചിലര്‍ക്ക് പറയാനുണ്ടാകുക നീറുന്ന ആഴമുള്ള കഥകളാകും അവയങ്ങനെ മനസ്സില്‍ തങ്ങിനില്‍ക്കും. അവരെയെല്ലാം സിനിമയിലെ കഥാപാത്രങ്ങളായി ഞാന്‍ സങ്കല്‍പിച്ചു നോക്കും, അത് എങ്ങനെയിരിക്കും എന്നൊക്കെ വെറുതെ ചിന്തിക്കും, ഞാന്‍ വേറെ ഏത് സര്‍വകലാശാലയില്‍ പഠിച്ചാലും കിട്ടാത്ത ജീവിത അനുഭവം സിനിമയിലേക്ക് വേണ്ടെന്ന് അറിവുകളെല്ലാം ജോലി തന്നെ തരുന്നുണ്ട്. എന്റെ മുന്നിലേക്ക് വരുന്ന ആളുകള്‍ പറയുന്ന പ്രശ്‌നങ്ങളും അവരുടെ ശരീര ഭാഷയും ശബ്ദ വ്യത്യാസവും അവര്‍ ആ പ്രശ്‌നം നേരിടുന്ന രീതിയുമെല്ലാം എനിക്ക് വലിയൊരു പാഠശാലയാണ്. അവരുമായി സാമ്യമുള്ള കഥാപാത്രം സിനിമയില്‍ കിട്ടുകയാണെങ്കില്‍ എനിക്ക് മറ്റൊന്നും ചിന്തിക്കേണ്ടതില്ല അവരെത്തന്നെ അനുകരിച്ചാല്‍ മാത്രം മതി. അത്ര ആത്മവിശ്വാസം ജോലി തരുന്നുണ്ട്.

അതുപോലെ മേലുദ്യോഗസ്ഥരും സഹ പ്രവര്‍ത്തകരുമൊക്കെ വളരെ നല്ല പിന്തുണയാണ്. അവരെല്ലാവരും ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് വലിയ അഭിമാനമായാണ് കരുതുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും പുറത്തിറങ്ങിയപ്പോള്‍ത്തന്നെ വലിയ സ്വീകാര്യത ആയിരുന്നു. ഈ സിനിമയില്‍ ആകെ മൂന്നു സീനുകളിലേയുള്ളുവെങ്കിലും സൂര്യ -ജ്യോതിക ടീമിന്റെ, സൂര്യ നായകനാകുന്ന സിനിമയില്‍ അഭിനയിക്കാനായത് വലിയ സംഭവം ആയാണ് അവര്‍ കരുതുന്നത്. പൊലീസില്‍ ചേര്‍ന്നാലും കലാ ജീവിതവുമായി മുന്നോട്ടു പോകാം. പക്ഷേ ഡിപ്പാര്‍ട്‌മെന്റിന്റെ പിന്തുണ വേണമെന്ന് മാത്രം. എനിക്കത് ഉള്ളതുകൊണ്ടാണ് സിനിമയുടെ ഭാഗമാകാന്‍ കഴിയുന്നത്.’’–സിബി പറഞ്ഞു.

rajeev-ravi-siby-thomas

കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയായ സിബി, ലീല തോമസ്- എ.എം. തോമസ് ദമ്പതികളുടെ മകനാണ്. രസതന്ത്രത്തിൽ ബിരുദധാരിയായിരുന്നു. പൂനെ സിനിമ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫോട്ടോഗ്രാഫിയിൽ പഠിക്കാൻ അവസരം കിട്ടിയെങ്കിലും തുടർന്ന് പഠിക്കാനായില്ല. പിന്നീട് പരീക്ഷയെഴുതി പൊലീസ് ആയപ്പോൾ കൊച്ചി പാലാരിവട്ടം, കണ്ണൂർ ചൊക്ലി, കാസർകോട് ആദൂർ സ്റ്റേഷനുകളിൽ സിഐ ഉദ്യോഗമണിഞ്ഞു. സിബി തോമസ് എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'കുറ്റസമ്മതം' എന്ന നോവലിന് മലയാള പുരസ്കാരം ലഭിച്ചിട്ടുണ്ട്. വെള്ളരിക്കുണ്ട് ചുള്ളി സ്വദേശിയാണ്. ഭാര്യ: ജോളി എലിസബത്ത്, മക്കൾ: ഹെലൻ, കരോളിൻ, എഡ്വിൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS