ചെറുപ്പകാലത്ത് താൻ ബാബു ആന്റണിയുടെ കടുത്ത ആരാധകനായിരുന്നുവെന്ന് രമേഷ് പിഷാരടി. ബാബു ആന്റണിയെപ്പോലെ മുടി വളർത്താൻ ശ്രമിച്ചിരുന്നു. അന്ന് ഡയറി എഴുതുന്ന ശീലമുണ്ടായിരുന്ന പിഷാരടി, ഡയറി മറ്റാരും എടുത്ത് വായിക്കാതിരിക്കാൻ ബാബു ആന്റണിയുടെ ഫോട്ടോ ഡയറിയുടെ കവറിൽ ഒട്ടിച്ചു വച്ചിരുന്നു. ഈ ഡയറി ആരെങ്കിലും എടുത്താൽ ബാബു ആന്റണി വന്ന് ഇടിക്കും എന്ന് ഡയറിയിൽ എഴുതിയും വച്ചിരുന്നു. ബാബു ആന്റണിയെ കുട്ടിക്കാലത്ത് തന്റെ രക്ഷകനായിട്ടാണ് കരുതിയിരുന്നതെന്നും 28 വർഷം പഴക്കമുള്ള ആ ഡയറി താൻ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും രമേഷ് പിഷാരടി പറയുന്നു. ബാബു ആന്റണിക്കൊപ്പമിരുന്നായിരുന്നു തന്റെ മധുരസ്മരണകൾ പിഷാരടി പങ്കുവച്ചത്.
‘‘1995 കാലഘട്ടത്തിൽ ബാബു ആന്റണി ചേട്ടൻ വർഷത്തിൽ എട്ട്, ഒൻപത് പടങ്ങളൊക്കെ അഭിനയിച്ചിരുന്നു. അന്ന് ഞാൻ അദ്ദേഹത്തിന്റെ കൊടും ഫാൻ ആണ്. അദ്ദേഹത്തെ പോലെ മുടി വളർത്തണമെന്നുണ്ട്. പക്ഷേ എന്റേത് ചുരുണ്ട മുടി ആയതുകൊണ്ട് ബാക്കിലേക്ക് വളരില്ല, മുടി വളർത്തിയാൽ മുകളിലേക്ക് പൊങ്ങിയേ നിൽക്കൂ. അങ്ങനെ മുടി വളർത്താൻ കഴിയാത്ത സങ്കടമുണ്ടായിരുന്നു.
95 മുതൽ ഇന്നലെ വരെ ദിവസവും ഡയറി എഴുതുന്ന പതിവുണ്ട്. ഞാൻ എപ്പോഴും ഡയറി എഴുതും. അന്നൊന്നും എല്ലാ ഡേറ്റും പ്രിന്റ് ചെയ്ത ഡയറി കിട്ടാറില്ല. അതുകൊണ്ട് സാധാരണ നോട്ട് എഴുതുന്ന ബുക്കിലാണ് ഡയറി എഴുതിയിരുന്നത്. ഞങ്ങൾ അഞ്ചു മക്കളാണ് വീട്ടിൽ. എന്റെ സഹോദരങ്ങൾ എന്റെ ഡയറി എടുത്ത് വായിക്കാതിരിക്കാൻ ബുക്കിന്റെ കവറിൽ ബാബു ചേട്ടന്റെ ഒരു പടം വെട്ടിയെടുത്ത് ഒട്ടിച്ചു വച്ചിട്ട് ‘‘ഇത് രമേഷിന്റെ ഡയറിയാണ്. ഇത് എടുത്താൽ അറിയാല്ലോ ഞാൻ വരും വന്നു നിങ്ങളെ ഇടിക്കും’’ എന്ന് എഴുതി വച്ചിരുന്നു. അന്ന് മനസ്സിൽ എന്റെ രക്ഷകനാണ് ബാബുച്ചേട്ടൻ. ഇതൊരു അതിശയോക്തി അല്ല, ആ ഡയറി ഇപ്പോഴും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്.’’– രമേഷ് പിഷാരടി പറയുന്നു.