ADVERTISEMENT

മലയാള സിനിമകളിൽ അത്ര കണ്ടു ശീലിക്കാത്ത അത്ര പരിചിതമല്ലാത്തൊരു പ്രമേയത്തിൽ നടക്കുന്ന കഥയുമായെത്തിയ 'തങ്കം' സിനിമാപ്രേമികൾ നെഞ്ചേറ്റിയിരിക്കുകയാണ്. വ്യത്യസ്തമായൊരു സിനിമാനുഭവം എന്നാണ് സിനിമ കണ്ട പലരുടേയും അഭിപ്രായം. തൃശൂരിൽ നിന്നു തുടങ്ങി തമിഴ് നാട്ടിലും മുംബൈയിലുമൊക്കെെയായി വികസിക്കുന്ന കഥാഗതിയിൽ നീങ്ങുന്ന ചിത്രം വേറിട്ടൊരു കാഴ്ചാനുഭവം സമ്മാനിക്കുന്നുണ്ട്. 

 

തൃശൂരിലെ സ്വർണ പണിക്കാരനായ മുത്ത്, സ്വർണ ഏജന്‍റായ കണ്ണൻ എന്നീ രണ്ടുപേരുടെ ജീവിത വഴികളിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില വഴിത്തിരിവുകളാണ് സിനിമയുടെ പ്രമേയം. പല ലെയറുകളിലുള്ള വേഷമാണ് മുത്തിന്‍റേയും കണ്ണന്‍റേയും. ഈ രണ്ട് വേഷങ്ങളും വളരെ മികച്ച രീതിയൽ ബിജു മേനോനും വിനീത് ശ്രീനിവാസനും അവതരിപ്പിച്ചിട്ടുണ്ട്. 

 

ബിജു മേനോന്‍റെ മുത്ത് എന്ന കഥാപാത്രത്തെപോലെയൊരു സുഹൃത്തിനെ നമുക്ക് വളരെ പരിചയം തോന്നാം. അതുപോലെ തന്നെ കണ്ണനെപോലെയുള്ള പലരെയും നമ്മൾ നമ്മുടെ ചുറ്റുവട്ടങ്ങളിൽ എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടിയിട്ടുള്ളതായി തോന്നാം. അത്രയേറെ ജീവിതത്തോട് കണക്ട് ചെയ്യുന്ന രീതിയിലാണ് ഈ രണ്ട് കഥാപാത്രങ്ങളേയും ഒരുക്കിയിരിക്കുന്നത്. കൂടാതെ ഗിരീഷ് കുൽക്കർണി, അപർണ ബാലമുരളി, വിനീത് തട്ടിൽ ഡേവിഡ്, കൊച്ചുപ്രേമൻ തുടങ്ങി നിരവധി താരങ്ങളുടെ ശ്രദ്ധേയ പ്രകടനങ്ങളും സിനിമയ്ക്ക് മുതൽക്കൂട്ടാണ്. 

 

'ജോജി'ക്ക് ശേഷം വീണ്ടും ശക്തമായ, പല അടരുകളുള്ള തിരക്കഥയും ഉള്ളിൽ തറയ്ക്കുന്ന സംഭാഷണങ്ങളും ശ്യാം പുഷ്കരൻ. തിരക്കഥയുടെ പിടിച്ചിരുത്തുന്ന ശക്തി ഒരുവേളപോലും നഷ്ടമാകാത്ത രീതിയിൽ ചിത്രം സംവിധാനം ചെയ്തിരിക്കുന്ന സഹീദ് അറാഫത്തിന്‍റെ മേക്കിംഗും എടുത്തു പറയേണ്ടതാണ്. പതിഞ്ഞ താളത്തിൽ തുടങ്ങി മെല്ലെ ട്രാക്കിലേക്ക് കയറുന്നൊരു ക്രൈം ഡ്രാമ കൂടിയാണ് ചിത്രം. 

 

ഭാവന സ്റ്റുഡിയോയുടെ ബാനറിൽ നിർമിച്ചിരിക്കുന്ന ചിത്രത്തിൽ  ഗൗതം ശങ്കര്‍ ഒരിക്കിയിരിക്കുന്ന ദൃശ്യങ്ങൾ ഒരു സിനിമാറ്റിക് ഫീൽ സമ്മാനിക്കുന്നുണ്ട്. രാത്രി ദൃശ്യങ്ങളും ആക്ഷൻ രംഗങ്ങളും തെളിവെടുപ്പ് രീതികളുമൊക്കെ ഏറെ മനോഹരമായി ഗൗതം പകർത്തിയിട്ടുണ്ട്. അതുപോലെ തന്നെ സിനിമയുടെ ടോട്ടൽ മൂഡിന് യോജിക്കുന്ന രീതിയിൽ ബിജിബാൽ ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും ഏറെ മികച്ചതായിരുന്നു. ഒട്ടും ലാഗടിപ്പിക്കാതെ സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ കിരണ്‍ ദാസിന്‍റെ എഡിറ്റിങും മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com