റിലീസിനു മുൻപേ റീൽസ്; പ്രമോഷന് പുതുവഴികൾ

reels-promo
ജയജയജയജയഹേ റീൽ (ഇടത്), കടുവയിലെ പാലപ്പള്ളി ഗാനരംഗം (വലത്)
SHARE

ട്രാവൻകൂർ പിക്ചേർസ് അവതരിപ്പിക്കുന്ന വിഗതകുമാരൻ എന്ന ആദ്യ ഫോട്ടോപ്ലേ 1930 ഒക്ടോബർ 23ന് വൈകിട്ട് 6.30നും 9.30നും ക്യാപിറ്റോൾ സിനിമാ ഹാളിൽ പ്രദർശിപ്പിക്കുന്നു. ഞങ്ങളുടെ ഈ തുടക്കത്തിന് പൊതുജനങ്ങളുടെ പിന്തുണയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.’ ജെ.സി.ഡാനിയൽ ഒരുക്കിയ മലയാളത്തിലെ ആദ്യ സിനിമയുടെ ക്ഷണപത്രികയിലെ വരികളാണിവ. 93 വർഷങ്ങൾക്കിപ്പുറം സിനിമ നൂതനമായ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ സിനിമയെ ജനങ്ങളിലേക്കെത്തിക്കുന്ന രീതികളിലും മാറ്റങ്ങൾ വന്നിരിക്കുന്നു. കവലകളിൽ വിതരണം ചെയ്തിരുന്ന നോട്ടിസിൽ നിന്ന്, ഭിത്തികളിൽ പതിച്ചിരുന്ന സിനിമാ പോസ്റ്ററുകളിൽ നിന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളിലേക്കും റീൽസിലേക്കും വളർന്ന പ്രമോഷന്റെ കഥയും ഒരു സിനിമയോളം വലുതാണ്. എന്നാൽ പത്രമാധ്യമങ്ങളിലും ചാനലുകളിലുമുള്ള പരസ്യത്തിനും പ്രാധാന്യമേറി. ഒടിടി റിലീസ് ആണെങ്കിലും തിയറ്റർ റിലീസ് ആണെങ്കിലും പ്രധാന പത്രങ്ങളുടെ ഒന്നാം പേജിൽ വലിയ പരസ്യങ്ങൾ നൽകുന്നുണ്ട്. അച്ചടി മാധ്യമങ്ങളുടെ വിശ്വാസ്യതയും കുടുംബങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള സാധ്യതയും ഇവിടെ ഉപയോഗപ്പെടുത്തുന്നു.

ടീസർ മുതൽ മെറ്റാവേഴ്സ് വരെ 

സാമൂഹിക–ദൃശ്യ മാധ്യമ രംഗത്തിന്റെ വളർച്ചയോടെ അതിന്റെ സാധ്യതകൾ കൂടി ഉപയോഗപ്പെടുത്തിയാണു സിനിമകൾ മാർക്കറ്റ് ചെയ്യപ്പെടുന്നത്. ‘ലിജോ ജോസ് പെല്ലിശേരിയുടെ മോഹൻലാൽ സിനിമ മലൈക്കോട്ടൈ വാലിബന്റെ ഘട്ടംഘട്ടമായുള്ള ഫസ്റ്റ്ലുക്ക് റിലീസും 20 ലക്ഷത്തിലധികം വ്യൂസ് കിട്ടിയ എമ്പുരാൻ ടൈറ്റിൽ വിഡിയോയും തരംഗമായി മാറിയ മിന്നൽ മുരളിയുടെ ട്രയ്‌ലറുമെല്ലാം സിനിമക്കുറിച്ചുള്ള വിവരം ജനങ്ങളിലേക്കെത്തുന്നതിലുണ്ടായ മാറ്റങ്ങളുടെ പ്രതിഫലനമാണ്. റിലീസിനു മുൻപേ ചർച്ചകളിൽ നിറയാനും സിനിമയ്ക്കായുള്ള കൗതുകം നിലനിർത്താനും ഇതുവഴി സാധിക്കുന്നു. ഡിജിറ്റൽ സൈറ്റുകളിൽ മാത്രമല്ല, വിനയന്റെ പത്തൊൻപതാം നൂറ്റാണ്ടോടെ മെറ്റാവേഴ്സിലും ഒരു മലയാള സിനിമ ട്രെയ്‌ലർ റിലീസ് ചെയ്തു ചരിത്രം സൃഷ്ടിച്ചു. കുറുപ്പിന്റെ ട്രെയ്‌ലർ ബുർ‍ജ് ഖലീഫയിൽ പ്രദർശിപ്പിച്ചതും ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. 

സ്പെഷൽ പ്രീമിയർ ഷോ

റിലീസ് ദിവസം ആദ്യ ഷോ കാണുന്നതേറേ ആഘോഷിക്കുമ്പോൾ സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ദ്രുതഗതിയിൽ പങ്കുവയ്ക്കപ്പെടുന്നു. ഇതു സിനിമയ്ക്കു അനുകൂലമോ പ്രതികൂലമോ ആകാം. റിലീസിനു മുൻപേ തന്നെ സിനിമാ നിരൂപകർക്കും, സെലിബ്രിറ്റീസിനുമായി പ്രത്യേകം ഷോ നടത്തി സോഷ്യൽ മീഡിയ പോസ്റ്റുകൾ വഴി അതു പങ്കുവച്ച് ആദ്യ ദിവസങ്ങളിൽ തന്നെ ആളുകൾക്കു സിനിമ കാണാനുള്ള ആവേശം ജനിപ്പിക്കുന്നു. ഫാൻസിന്റെ പിന്തുണ ഉറപ്പിക്കുന്നതും ഒപ്പം മികച്ച പബ്ലിസിറ്റി ഉറപ്പിക്കുന്നതുമായ തന്ത്രമാണിത്.

റിലീസിനു മുൻപൽപ്പം റീൽസാവാം

ടിക്ടോക്കിന്റെ പ്രതാപകാലത്തിനു ശേഷം പിറന്ന ഇൻസ്റ്റഗ്രാം റീൽസ് സിനിമാ പ്രമോഷൻ രീതികളെ പൊളിച്ചെഴുതുന്ന വിപ്ലവമായി തീർന്നിരിക്കുകയാണ്. ജയജയജയജയഹേ എന്ന സിനിമയ്ക്കായി ബേസിൽ ജോസഫും ദർശന രാജേന്ദ്രനും ചെയ്ത റീലിനു കിട്ടിയത് 1.3 കോടി വ്യൂസാണ്. ടൈറ്റിൽ സോങ് ഉപയോഗിച്ചുണ്ടായ റീലുകളും ആയിരക്കണക്കിനാണ്. ജാക് ആൽഡ് ജില്ലിലെ കിം കിം കിം എന്ന പാട്ടിനുള്ള റീൽസ് ഡാൻസ് ചാലഞ്ചും ഏറെ വൈറലായിരുന്നു. മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷയിലെ ചിത്രങ്ങളും പ്രമോഷനായി റീൽസ് ഡാൻസ് വിഡിയോസ് ഉപയോഗിക്കുന്നുണ്ട്. ആർആർആർ സിനിമയിലെ നാട്ട് നാട്ട് എന്ന പാട്ടിനും ബ്രഹ്മാസ്ത്രയിലെ കേസരിയയ്ക്കും ചുവടുവച്ച് വീഡിയോ പങ്കുവച്ചത് ലക്ഷക്കണക്കിനാളുകളാണ്. പ്രമോഷനു വേണ്ടി മാത്രം ഷൂട്ട് ചെയ്യുന്ന പാട്ടുകളും ഒരു ട്രെൻഡാണ്. പാൽതു ജാൻവറിലെയും കടുവയിലെയും പ്രമോഷനൽ പാട്ടുകൾ വൻ ഹിറ്റായിരുന്നു. അവ സിനിമയിൽ അത്തരത്തിൽ ഉപയോഗിച്ചിട്ടില്ല. ഓൺലൈൻ ഇൻഫ്ലുവെൻസേഴ്സും റീൽസോ ഷോട്ട് വീഡിയോയോ ലൈവോ ഒക്കെ ചെയ്ത് സിനിമയെ പ്രമോട്ട് ചെയ്യുന്നു. 

ക്യാംപസും മാളുകളും 

ഡിജിറ്റൽ മാധ്യമങ്ങളിൽ കസറുമ്പോഴും ക്യാംപസുകളും മാളുകളും സിനിമാ പ്രമോഷനുകളുടെ ഹോട്ട് സ്പോട്ടാണ്. സിനിമാ പ്രമോഷനു ക്യാംപസിലെത്തുന്നത് പുതിയ പരിപാടിയല്ലെങ്കിലും മാളുകളിലേക്കുള്ള വരവ് പുത്തനാണ്.‌ കോളജിലെത്തുന്നതോടെ യൂണിയൻ ഭാരവാഹികൾക്കും, സംഘാടകർക്കും തങ്ങളുടെ പരിപാടിക്കു സിനിമാ താരങ്ങളെ കൊണ്ടു വരാൻ കഴിഞ്ഞു എന്ന പേരും കിട്ടും. യൂണിയൻ ഉദ്ഘാടനം, മാഗസിൻ റിലീസ് എന്നിങ്ങനെ കോളജ് പരിപാടികളും സിനിമാ പ്രമോഷനും ഒറ്റ വേദിയിൽ നടക്കുകയും ചെയ്യും. കുമാരി, ജയജയജയജയഹേ, മാളികപ്പുറം തുടങ്ങിയ സിനിമകളൊക്കെയും ക്യാംപസ് പ്രമോഷൻ നടത്തിയിരുന്നു. തല്ലുമാലയും, സാറ്റർഡേ നൈറ്റും പോലെയുളള സിനിമകളുടെ പ്രമോഷൻ മാളുകളെ ജനസാഗരമാക്കുന്ന കാഴ്ചയും കണ്ടതാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS