ദേവാസുരം എന്ന ചിത്രത്തിൽ മുണ്ടക്കൽ ശേഖരനായി എത്തി മലയാളികളെ വിറപ്പിച്ച താരമാണ് നെപ്പോളിയൻ. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഇംഗ്ലിഷ് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം കഴിഞ്ഞ പതിനഞ്ച് വർഷമായി സൂപ്പർതാരം വിജയ്‌യുമായി പിണക്കത്തിലായിരുന്നുവെന്ന് കേട്ടാൽ പ്രേക്ഷകർ വിശ്വസിക്കുമോ? സംഗതി സത്യമാണ്. നെപ്പോളിയൻ തന്നെയാണ് ഇക്കാര്യം ഒരഭിമുഖത്തിൽ തുറന്നു സംസാരിച്ചത്.
2007-ൽ പോക്കിരി എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും അകലാനിടയായ സംഭവം നടന്നത്. വിജയ്‌യുടെ കടുത്ത ആരാധകരായിരുന്നു നെപ്പോളിയന്റെ ചില അടുത്ത സുഹൃത്തുക്കൾ. വിജയ്‌യെ ഒരു തവണനേരിൽ കണ്ട് ഫോട്ടോ എടുക്കുവാനുള്ള ആഗ്രഹം ഇവർ നെപ്പോളിയനോട് പറഞ്ഞു. മറ്റൊന്നും ആലോചിക്കാതെ നെപ്പോളിയനും ഓക്കെ പറഞ്ഞു. അടുത്ത ദിവസം തന്നെ നെപ്പോളിയന്റെ സുഹൃത്തുക്കൾ പോക്കിരി സെറ്റിലെത്തി. എന്നാൽ ഇവർ വരുന്ന കാര്യത്തെക്കുറിച്ച് നെപ്പോളിയൻ വിജയ്‌യോട് സൂചിപ്പിച്ചിരുന്നില്ല. ആക്‌ഷൻ ചിത്രീകരണം കഴിഞ്ഞ് കാരവനിൽ വിശ്രമിക്കുകയായിരുന്ന വിജയ്‌യുടെ അടുത്തേക്കാണ് ഇവര്‍ നേരെപോയത്. കാരവനിൽ തട്ടുന്നത് കണ്ട വിജയ്‌യുടെ സെക്യൂരിറ്റി ഉടൻ അവർക്കരികിലെത്തി. നിങ്ങൾ വരുന്ന കാര്യം സർ പറഞ്ഞിട്ടില്ലെന്നും അകത്തുപോയി അദ്ദേഹത്തെ അനുവാദം ചോദിച്ചതിനു ശേഷം അകത്തേക്കു കയറ്റിവിടാമെന്നും സെക്യൂരിറ്റി നെപ്പോളിയനോട് പറഞ്ഞു. എന്നാൽ ഇത് നെപ്പോളിയന് ഭയങ്കര നാണക്കേടുണ്ടാക്കി. അദ്ദേഹം സെക്യൂരിറ്റിയുമായി വഴക്കിട്ടു. പുറത്ത് ബഹളം കേട്ട വിജയ് കാരവാനിൽ നിന്നും പുറത്തെത്തി. വിജയ്‌യെ കണ്ടതും നെപ്പോളിയൻ തന്റെ ആവശ്യം പറഞ്ഞു. ഷൂട്ടിങിന്റെ ടെൻഷനിലും മറ്റും തളർന്നിരിക്കുകയായിരുന്ന വിജയ് പെട്ടന്ന് നെപ്പോളിയനോട് ദേഷ്യപ്പെട്ടു.
ഇതിനു ശേഷം ഇരുവരും തമ്മിൽ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ആ സംഭവത്തിനുശേഷം വിജയ് അഭിനയിച്ച ചിത്രങ്ങൾ കാണുന്നതുപോലും നിർത്തിയെന്ന് നെപ്പോളിയൻ പറഞ്ഞു. എന്നാലിപ്പോൾ വിജയിയുമായുള്ള പിണക്കം അവസാനിപ്പിക്കാനും ഒരുമിച്ച് അഭിനയിക്കണമെന്നുമാണ് നെപ്പോളിയൻ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്.
‘‘പിണക്കം അവസാനിപ്പിക്കാൻ തയാറുണ്ടോ എന്ന് വിജയ്‌യോട് ചോദിക്കണമെന്നുണ്ട്. പതിനഞ്ച് വർഷമായി ഞങ്ങൾ തമ്മിൽ കാണുകയോ സംസാരിക്കുകയോ ചെയ്യാതായിട്ട്. ഇത്രയും ഇടവേളയ്ക്കുശേഷം അദ്ദേഹം എന്നോട് സംസാരിക്കാൻ തയാറാകുമോ എന്ന് അറിയില്ല. പക്ഷേ സംസാരിക്കാൻ ഞാൻ റെഡിയാണ്.” നെപ്പോളിയൻ വ്യക്തമാക്കി.
വിജയ്‌യുടെ മാതാപിതാക്കളായ എസ്.എ ചന്ദ്രശേഖറുമായും ശോഭാ ചന്ദ്രശേഖറുമായും അനുരഞ്ജനത്തിന് തീരുമാനിച്ചതായ അഭ്യൂഹങ്ങളോട് നെപ്പോളിയന്‍ പ്രതികരിച്ചതിങ്ങനെ. ‘‘സത്യമാണോ അല്ലയോ എന്ന് എനിക്കറിയില്ല. എന്നാല്‍ ഈ വാര്‍ത്ത അമേരിക്കയില്‍ വരെ എത്തിയിരിക്കുകയാണ്.’’– നടന്‍ പറഞ്ഞു.
കുടുംബമായി അമേരിക്കയിലാണ് നെപ്പോളിയൻ ഇപ്പോൾ താമസിക്കുന്നത്. പ്രത്യേക പരിഗണനയർഹിക്കുന്ന മകനു വേണ്ടിയാണ് നെപ്പോളിയൻ അമേരിക്കയിൽ സ്ഥിര താമസമാക്കിയത്. ഹിപ്പ് ഹോപ്പ് ആദി നായകനായ അൻപറിവാണ് അദ്ദേഹത്തിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം.