വളക്കാപ്പ് ചടങ്ങിൽ സുന്ദരിയായി എത്തുന്ന ഷംന കാസിമിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. സിനിമാ രംഗത്തെ അടുത്ത സുഹൃത്തുക്കളും ഷംനയുടെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ചടങ്ങില്‍ പങ്കെടുത്തു. മെറൂണ്‍ നിറത്തിലുള്ള പട്ടുസാരിയിലാണ് ഷംന തിളങ്ങിയത്. കയ്യിൽ മെഹന്ദിയണിഞ്ഞ് അണിഞ്ഞൊരുങ്ങുമ്പോൾ തന്റെ ഗർഭകാലത്തെ ഇഷ്ടങ്ങളെക്കുറിച്ചും ഷംന സംസാരിക്കുന്നുണ്ട്. ചോക്ലേറ്റ് ആയിരുന്നു തന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്ന്. പക്ഷേ കുഞ്ഞാവ വരവറിയിച്ചതോടെ ചോക്ലേറ്റ് ഇഷ്ടമല്ലാതായെന്ന് ഷംന പറയുന്നു.
‘‘ഒരു പെൺകുട്ടിയെ സംബന്ധിച്ചടത്തോളം ഹാപ്പിയെസ്റ്റ് മൊമന്റ് ആണിത്. മൂന്നാം മാസം മുതലുള്ള കുഞ്ഞിന്റെ അനക്കങ്ങൾ വല്ലാത്തൊരു സന്തോഷമാണ് തരുന്നത്. എനിക്കേറ്റവും പ്രിയപ്പെട്ടയാൾ എന്റെ മമ്മിയാണ്. എന്റെ മമ്മിയോടുള്ള എന്റെ ഇഷ്ടം ഈ നിമിഷത്തിൽ ഇരട്ടിയാകുകയാണ്. എന്നെ വളർത്തിയത് ഓർക്കുമ്പോൾ എന്റെ മമ്മിയോട് ബഹുമാനം കൂടുന്നു. പെട്ടെന്ന് ദേഷ്യം വരുന്ന ഒരാളായിരുന്നു ഞാൻ. ഇപ്പോൾ വളരെ അധികം റിലാക്സ്ഡ് ആയി.’– ഷംന പറയുന്നു.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് താരത്തിന്റെ ഭർത്താവ്.