‘ആദ്യം മുതല്‍ സൂപ്പര്‍താര സ്‌ക്രീന്‍ പ്രസന്‍സുള്ള ഉള്ള നടനാണ് ഉണ്ണി മുകുന്ദന്‍’

shrikumar
SHARE

നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ച ‘മാളികപ്പുറം’ സിനിമയെ അഭിനന്ദിച്ച് സംവിധായകൻ വി.എ.ശ്രീകുമാർ. സിനിമകളെ കോടി ക്ലബ്ബുകളിൽ കയറ്റുന്നത് കുടുംബപ്രേക്ഷകരാണെന്നും ഈ വിജയം മലയാള സിനിമയുടെ മഹാ വിജയമാണെന്നും ശ്രീകുമാർ പറയുന്നു.

‘‘മാളികപ്പുറത്തിന്റെ 100 കോടി മഹാവിജയം മലയാള സിനിമയോട് പലതും പറയുന്നതാണ്. തിരിച്ചറിവ് നല്‍കുന്നതാണ്. ലോകം മുഴുവന്‍ സ്‌ക്രീനുള്ള, കാഴ്ചയ്ക്ക് ആളുള്ള, മലയാളികള്‍ അല്ലാത്ത പ്രേക്ഷകരെയും ലഭിക്കുന്ന വിധം അതിരു ഭേദിച്ച മലയാള സിനിമയുടെ വിപണി വലുതാണ്. മലയാള സിനിമയുടെ വിജയമന്ത്രം കുടുംബപ്രേക്ഷകര്‍ തന്നെയാണ് എന്ന് ആവര്‍ത്തിക്കുന്നു മാളികപ്പുറത്തില്‍. ഇപ്പോഴും കോടി തരുന്ന ഓഡിയന്‍സ് ഫാമിലിയാണ്. ആദ്യം മുതല്‍ സൂപ്പര്‍താര സ്‌ക്രീന്‍ പ്രസന്‍സുള്ള ഉള്ള നടനാണ് ഉണ്ണി മുകുന്ദന്‍. വ്യക്തിപരമായി സഹോദര തുല്യനാണ്. ഒരുപാട് കഷ്ടപ്പെടുകയും തഴയപ്പെടുകയും അര്‍ഹതപ്പെട്ടത് കിട്ടാതെ പോവുകയുമെല്ലാം സംഭവിച്ചിട്ടുണ്ട്. കഠിന പ്രയത്‌നവും കാത്തിരിപ്പും ഉണ്ണിയെ 100 കോടി ക്ലബില്‍ എത്തിച്ചു.

മാളികപ്പുറം കുടുംബസമേതമാണ് ഞാന്‍ തിയറ്ററില്‍ കണ്ടത്. അയ്യപ്പന്‍ എന്ന വികാരത്തെ തീവ്രതയോടെ സ്‌ക്രീനില്‍ എത്തിച്ചു മാളികപ്പുറം. ഉണ്ണിക്കൊപ്പം രണ്ടു കുട്ടികളും പെര്‍ഫോമന്‍സില്‍ ഇരുപുറവും ഒന്നിച്ചു നിന്നു ഗംഭീരമാക്കി. സിനിമയുടെ മഹാവിജയത്തിന് ഇങ്ങനെയൊരു ടീമിനെ തിരഞ്ഞെടുത്ത നിര്‍മാതാക്കളായ ആന്റോ ജോസഫ്, വേണു കുന്നപ്പിള്ളി എന്നിവര്‍ക്കും സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവര്‍ക്കും അഭിനന്ദനങ്ങള്‍. 

തിയറ്റര്‍ അനുഭവം നല്‍കുന്ന സിനിമകള്‍ ഇനിയും കോടികള്‍ നേടും. വിജയം സുനിശ്ചിതമായ ഫോര്‍മുലകള്‍ തിയറ്ററില്‍ ആളെക്കൂട്ടും ഇനിയും. മാളികപ്പുറത്തിന് അപ്പുറവും ഇപ്പുറവുമെന്ന ഒരു നാഴികക്കല്ല് സൃഷ്ടിക്കാന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞു. കയ്യടിക്കുന്നു, നിറഞ്ഞ സ്‌നേഹത്തോടെ.’’–വി.എ. ശ്രീകുമാർ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS