ADVERTISEMENT

നീണ്ട ഇടവേളയ്ക്കു ശേഷം മലയാള സിനിമയിൽ സജീവമാവുകയാണ് നിർമാതാവും അഭിനേതാവുമായ വിജയ് ബാബു. ഫ്രൈഡേ ഫിലിംസിന്റെ പത്തൊമ്പതാമത് ചിത്രമായ ‘എങ്കിലും ചന്ദ്രികേ’ റിലീസിനൊരുങ്ങുകയാണ്. പുതുമുഖങ്ങളെ എന്നും പ്രോത്സാഹിപ്പിക്കാറുള്ള ഫ്രൈഡേ ഫിലിംസ് ഈ ചിത്രത്തിലൂടെയും പുതിയൊരു സംവിധായകനെ മലയാളത്തില്‍ അവതരിപ്പിക്കുന്നു. പുതിയ സിനിമയുടെ വിശേഷങ്ങളുമായി വിജയ് ബാബു മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.

 

‘‘എങ്കിലും ചന്ദ്രികേ മനോഹര സിനിമയാണ്. മികച്ച കൂട്ടായ്മയിൽ നിന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആദിത്യൻ ചന്ദ്രശേഖരൻ എന്ന മിടുക്കനാണ് സംവിധായകൻ. സുരാജ് വെഞ്ഞാറമൂടും, ബേസിൽ ജോസഫും, സൈജുകുറുപ്പുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ഒട്ടനവധിപേർ അഭിനയിക്കുന്നുണ്ട്. എല്ലാത്തരം പ്രേക്ഷകർക്കും ചിത്രം ഇഷ്ടപ്പെടുെമന്നാണ് പ്രതീക്ഷ. കുടുംബമായി വന്നാൽ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് തിയറ്ററിൽ നിന്നും പോകാൻ പറ്റുന്ന സിനിമയാണ് എങ്കിലും ചന്ദ്രികേ.

 

സിനിമ ആയാലും ബിസിനസ് ആയാലും ഓരോരുത്തരുടെയും സ്ഥാനങ്ങൾ ആദ്യമേ തീരുമാനിച്ചിട്ടുണ്ടെങ്കിൽ ഏതു പാർട്ണർഷിപ്പും നന്നായിത്തന്നെ മുന്നോട്ടു പോകും. ഒപ്പമുള്ളയാൾ അവരുടെ ജോലി കൃത്യമായി ചെയ്യുന്നില്ലെങ്കിലോ വേവ്‌ലെങ്ത് മാച്ച് ചെയ്യുന്നില്ലെങ്കിലോ ഈഗോ പ്രശ്നങ്ങൾ വരുകയോ ചെയ്താൽ അവിടെ വച്ച് നിർത്തുക എന്നതാണ് നല്ലത്. പാർട്ണർഷിപ്പിൽ മെയിൽ ഫീമെയിൽ എന്നില്ല, മെയിലും മെയിലുമാവാം, ഫീമെയിലും ഫീമെയിലുമാവാം. വേറൊരാൾക്ക് ഞാനാണ് കൂടുതൽ ചെയ്യുന്നത്, മറ്റൊരാൾ ഓവർഷാഡോ ചെയ്യുന്നു എന്നൊക്കെ തോന്നിയാൽ പിന്നെ അവിടെയൊരു പാർട്ണർഷിപ്പ് ഇല്ല.

 

ഞാൻ റിയൽ എസ്റ്റേറ്റോ ഹോട്ടലോ ഒന്നും നടത്തിയിട്ടില്ല. പറനത്തിനു ശേഷം ഞാനെപ്പോഴും എന്റർടെയ്ന്‍മെന്റ് മേഖലയിൽ തന്നെയായിരുന്നു. കഴിഞ്ഞ ഇരുപത്തിരണ്ടു വർഷമായിട്ട് ആ മേഖലയിലേ വർക്ക് ചെയ്തിട്ടുള്ളു. മറ്റ് ജോലി അറിയുകയുമില്ല. ആളുകൾക്ക് ഇഷ്ടപ്പെടുന്ന കണ്ടന്റ് ജനങ്ങളിലേക്ക് എത്തിക്കുക തന്നെയായിരുന്നു ഞാൻ മുൻപും ചെയ്തുകൊണ്ടിരുന്നത്. ടെലിവിഷൻ മേഖലയിലായാലും അങ്ങനെ തന്നെയായിരുന്നു. സിനിമയിലൂടെ ഇപ്പോഴും അതുതന്നെ ചെയ്യുന്നു.

 

മോഹൻലാലിനെ വച്ച് സിനിമ ചെയ്തതു കൊണ്ട് മമ്മൂട്ടിയെ വച്ചും സിനിമ ചെയ്യാമെന്നു കരുതിയിട്ടില്ല. ഞാൻ ഏറെ ആരാധിക്കുന്ന മമ്മൂക്കയെ വച്ച് സിനിമ ചെയ്യാൻ ആദ്യം മുതലേ ആഗ്രഹിക്കുന്നതാണ്. അതിനു വേണ്ടി പല സ്റ്റെപ്പുകൾ എടുക്കുകയും ചെയ്തു. കോട്ടയം കുഞ്ഞച്ചന്റെ റൈറ്റ്സ് വാങ്ങിയതു പോലും മമ്മൂക്കയെ വച്ച് സിനിമ ചെയ്യാൻ വേണ്ടിയാണ്.

 

ജീവിതത്തിൽ കയറ്റവും ഇറക്കവും ഉണ്ടാകും. നമ്മൾ തളരാതെ നിൽക്കുക. കാരണം നമ്മളെ ആശ്രയിച്ച് ഒരുപാട് പേര്‍ കൂടെയുണ്ട്. കുടുംബമുണ്ട്, ജോലിക്കാരുണ്ട്. ഒരുപാട് പേർ ഞാൻ തിരിച്ചുവരാൻ വേണ്ടി കാത്തിരിക്കുന്നുണ്ട്. തളരാതെ നിൽക്കുക, ശക്തമായി മുന്നോട്ടുപോകുക. അതിന്റെ ഭാഗമായാണ് ഈ തിരിച്ചുവരവ്. ജീവിതത്തിൽ പല തരത്തിൽ വെല്ലുവിളികളുണ്ടാകും. മുന്നോട്ടുപോകുക എന്നതാണ് എല്ലാവരോടും പറയുവാനുള്ളത്.’’–വിജയ് ബാബു പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com