മലയാള സിനിമകള്‍ ഓസ്കറിലേക്ക് എത്താതതെന്തെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയുമായി മമ്മൂട്ടി. അത് നമ്മുടെ ആരുടെയും കുഴപ്പമല്ലെന്നും ഓസ്കറിന്റെ നിയമചട്ടങ്ങളുടെ കാരണങ്ങൾ കൊണ്ടാണ് ഇന്ത്യയിൽ നിന്നുള്ള സിനിമകൾ അവിടേക്ക് എത്താതിരിക്കുന്നതെന്നും മമ്മൂട്ടി പറയുന്നു.
‘‘ഓസ്കറിന് മത്സരിക്കുന്ന സിനിമകളെക്കുറിച്ച് നമ്മള്‍ മനസ്സിലാക്കണം. ഇംഗ്ലിഷ് സംസാരിക്കുന്ന സിനിമകള്‍ക്കാണ് സാധാരണ ഓസ്കര്‍ ലഭിക്കുക. അമേരിക്കയിലെ ന്യൂയോര്‍ക്കിസും ലോസ് ആഞ്ചല്‍സ് റിലീസ് ചെയ്ത് കുറഞ്ഞത് രണ്ടാഴ്ച്ചയെങ്കിലും ഓടുന്ന സിനിമകളാണ് ഓസ്കറിന് പരിഗണിക്കുക. മോഷൻ പിക്ചേഴ്സ് ഓഫ് അക്കാദമിയിലെ ആറായിരം അംഗങ്ങളെങ്കിലും ആ സിനിമ കണ്ടിരിക്കണം. അവർ നോമിനേറ്റ് ചെയ്യുന്ന സിനിമകളാണ് അവാർഡിന് മത്സരിക്കുക.
നമുക്ക് മത്സരിക്കാവുന്ന വിഭാഗത്തിൽ ഇംഗ്ലിഷ് ഒഴികെയുള്ള ലോകത്തെ എല്ലാ രാജ്യത്തെ സിനിമയും ഉണ്ടാകും. മികച്ച വിദേശ ഭാഷ ചിത്രം. പക്ഷേ ഈ വിദേശ സിനിമകളും ജനറൽ വിഭാഗത്തിൽ പരിഗണിക്കപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പഴയ ഓർമയിൽ നോക്കുകയാണെങ്കിൽ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ഇറ്റാലിയൻ ചിത്രത്തിന് മികച്ച ചിത്രത്തിനും മികച്ച നടനുമുള്ള ഓസ്കർ ലഭിച്ചു.
മികച്ച വിദേശഭാഷാ ചിത്രത്തില്‍ മാത്രമേ മലയാളത്തിന് മത്സരിക്കാന്‍ സാധിക്കൂ. ഇന്ത്യയിലെ എല്ലാ ഭാഷകളിൽ നിന്നും തിരഞ്ഞെടുത്ത് ഒരു സിനിമയാണ് ഓസ്കറിന് വിടുന്നത്. അത് അവിടെ കണ്ടു എന്നൊരു സർട്ടിഫിക്കറ്റ് നമുക്ക് കിട്ടും. അക്കാദമിയിലെ ആറായിരം അംഗങ്ങളിലെ കുറച്ചുപേർ എങ്കിലും കാണണം. അങ്ങനെ കുറേ കടമ്പകൾ കഴിഞ്ഞാലേ ഓസ്കറിൽ എത്താൻ കഴിയൂ.’’–മമ്മൂട്ടി പറഞ്ഞു. പുതിയ ചിത്രമായ ക്രിസ്റ്റഫറിന്‍റെ റിലീസിന് മുന്നോടിയായി ദുബൈയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
ഈമാസം ഒമ്പതിനാണ് ക്രിസ്റ്റഫർ ഗൾഫിലെ തിയറ്ററുകളിൽ എത്തുന്നത്. നടിമാരായ സ്നേഹ, രമ്യ സുരേഷ്, ട്രുത്ത് ഗ്ലോബൽ ഫിലിംസ് ചെയർമാൻ അബ്ദുൽ സമദ്, ആർ.ജെ സൂരജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.