ദുൽഖർ സൽമാനെതിരെ വിമർശനവുമായി എത്തിയ ആൾക്ക് നടൻ സൈജു കുറുപ്പ് നൽകിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ദുൽഖർ നായകനായെത്തുന്ന ‘കിങ് ഓഫ് കൊത്ത’യുടെ പുതിയ പോസ്റ്റർ സൈജു കുറുപ്പ് തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിരുന്നു. ഇതിനു താഴെയാണ് ദുൽഖറിനെതിരെ വിമർശന കമന്റുമായി ഒരാൾ എത്തിയത്. ‘‘സൈജു, നിങ്ങളുടെ സിനിമയൊന്നും ഒരു വാക്കുകൊണ്ട് പോലും പ്രമോട്ട് ചെയ്യാത്ത ഇവനെയൊക്കെ എന്തിനാണ് ഇങ്ങനെ താങ്ങുന്നത്.’’–ഇങ്ങനെയായിരുന്നു കമന്റ്.
അതിന് സൈജു നൽകിയ മറുപടി: ‘‘സഹോദരാ, നിങ്ങൾ പറയുന്നത് തെറ്റാണ്. ദുൽഖർ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. മാത്രമല്ല എന്നെ ആഴത്തിൽ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ പ്രധാന വേഷത്തിലെത്തിയ ‘ഉപചാരപൂർവം ഗുണ്ടാ ജയൻ’ എന്ന ചിത്രം നിർമിച്ചത് ദുൽഖറാണ്. ഇങ്ങനെയുള്ള കമന്റുകൾ ദയവ് ചെയ്ത് പോസ്റ്റ് ചെയ്യരുതെന്ന് അപേക്ഷിക്കുന്നു. അദ്ദേഹം എല്ലായ്പ്പോഴും നിസ്വാർഥമായി ആളുകളെ സഹായിക്കുന്നു.’’

ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിങ് ഓഫ് കൊത്ത’. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറർ ഫിലിംസും ചേർന്ന് നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് തമിഴ്‌നാട്ടിലെ കാരൈക്കുടിയിൽ പുരോഗമിക്കുകയാണ്. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് ‘കിങ് ഓഫ് കൊത്ത’ പറയുന്നത്. അഭിലാഷ് എൻ. ചന്ദ്രനാണ് തിരക്കഥ. ഛായാഗ്രഹണം നിമിഷ് രവി, എഡിറ്റർ ശ്യാം ശശിധരൻ, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം പ്രവീൺ വർമ, സ്റ്റിൽ ഷുഹൈബ് എസ്ബികെ, പ്രൊഡക്‌ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. സംഗീതം ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ നിർവഹിക്കുന്നു. ആക്‌ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്‌ഷൻ കൊറിയോഗ്രാഫി രാജശേഖറാണ്.