ADVERTISEMENT

പഠിച്ച സ്‌കൂളിലെ പ്രിൻസിപ്പലിന്റെ വേർപാടിൽ ഹൃദയം തൊടുന്ന കുറിപ്പുമായി നടി അഹാന കൃഷ്ണ. റവ. സിസ്റ്റർ ലിനിസ് നൊറോണയുടെ വേർപാടിലാണ് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് അഹാന സമൂഹമാധ്യങ്ങളിൽ കുറിപ്പ് പങ്കുവച്ചത്. തന്റെ സ്കൂളിനു ലഭിച്ച ഏറ്റവും നല്ല പ്രിൻസിപ്പലായിരുന്നു സിസ്റ്റർ ലിനിസ് എന്ന് അഹാന പറയുന്നു. തനിക്ക് അവിശ്വസനീയമായ ഒരു ശക്തികേന്ദ്രമായിരുന്ന സിസ്റ്റർ പാർക്കിൻസൺസ് രോഗവുമായുള്ള നീണ്ട പോരാട്ടത്തിന് ശേഷം വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായെന്നും താരം കുറിക്കുന്നു. സിസ്റ്ററിനൊപ്പമുള്ള വിഡിയോയും അഹാന പങ്കുവച്ചിട്ടുണ്ട്.

‘‘എന്റെ സ്കൂളിലെ ഏറ്റവും മികച്ച പ്രിൻസിപ്പൽ റവ. സിസ്റ്റർ ലിനിസ് നൊറോണ. പാർക്കിൻസൺസ് രോഗവുമായുള്ള നീണ്ട പോരാട്ടത്തിന് ശേഷം, വേദനയും കഷ്ടപ്പാടും ഇല്ലാത്ത ഒരു ലോകത്തേക്ക് അവർ യാത്ര തിരിച്ചു. ഇന്ന് രാവിലെയാണ് സിസ്റ്റർ അന്തരിച്ചത്. അവർ അവിശ്വസനീയമായ ഒരു ശക്തികേന്ദ്രമായിരുന്നു. 2007 മുതൽ 2012 വരെ എന്റെ സ്കൂളിലെ പ്രിൻസിപ്പലായിരുന്നു. സ്കൂൾ വിട്ടതിനു ശേഷവും, സിസ്റ്റർ ഉണ്ടായിരുന്ന സമയത്ത് ലഭിച്ച ഊർജസ്വലത ഞങ്ങൾ കാത്തു സൂക്ഷിച്ചു. സ്കൂൾ വിട്ടശേഷം സ്വാഭാവികമായും ഞങ്ങളുടെ ബന്ധം നഷ്ടപ്പെട്ടിരുന്നു. 2021 മേയ് മാസത്തിൽ ഞാൻ സിസ്റ്ററെക്കുറിച്ച് ചെയ്ത ഒരു സ്കൂൾ വ്ലോഗ് ആരോ സിസ്റ്ററിന് അയച്ചു കൊടുത്തു.

ആ വിഡിയോ കണ്ട സന്തോഷം എന്നെ അറിയിക്കാൻ വീണ്ടും ഒരിക്കൽക്കൂടി എന്നെ കാണണമെന്ന് സിസ്റ്റർ അറിയിച്ചതനുസരിച്ച് 11 വർഷത്തിനു ശേഷം ഞാൻ വീണ്ടും സിസ്റ്ററെ കണ്ടു. പക്ഷേ, അപ്പോഴേക്കും വേദനിപ്പിക്കുന്ന പാർക്കിൻസൺസ് രോഗവുമായി സിസ്റ്റർ മല്ലിടുകയായിരുന്നു. 2022 മേയ് മാസത്തിലാണ് ഞാൻ സിസ്റ്ററെ അവസാനമായി കണ്ടത്. ഞാനും സുഹൃത്ത് റിയയും സിസ്റ്ററും ഒരുമിച്ചിരുന്ന് സ്കൂളിൽ പാടിയിരുന്ന പ്രാർഥനകളെല്ലാം പാടി. അസുഖം മൂലം പലതും മറന്നിരുന്നെങ്കിലും ഞങ്ങൾ ഒരുമിച്ച് പഠിച്ച പ്രാർഥനാ ഗാനങ്ങളൊന്നും സിസ്റ്റർ മറന്നിരുന്നില്ല. ഇപ്പോൾ സിസ്റ്റർ വേദനകളില്ലാത്ത ലോകത്തേക്ക് പോയി എന്നത് ആശ്വാസകരമാണെങ്കിലും സിസ്റ്റർ ഇനി ഇല്ല എന്നത് ഹൃദയം തകർക്കുന്നുണ്ട്. പ്രിയ സിസ്റ്റർ, സമാധാനമായി വിശ്രമിക്കൂ. മടങ്ങിപ്പോയെങ്കിലും നിരവധി ഹൃദയങ്ങളിൽ ശക്തമായ ഒരു ഇടം സൃഷ്ടിച്ചിട്ടാണ് നിങ്ങൾ പോയത്. നർമബോധമുള്ള, കഴിവുറ്റ, ശക്തയായ സ്ത്രീയായ നിങ്ങളെ ഞങ്ങൾ എന്നും അഭിമാനത്തോടെ ഓർക്കും.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com