ADVERTISEMENT

തനിക്ക് ഓർമക്കുറവ് നേരിടുന്നതായി വെളിപ്പെടുത്തി നടി ഭാനുപ്രിയ. പഠിച്ച ചില കാര്യങ്ങൾ മറന്നുപോകുന്നുണ്ടെന്നും ഇത് മൂലം നൃത്തത്തോടുള്ള താൽപര്യം വരെ കുറഞ്ഞതായും ഭാനുപ്രിയ പറയുന്നു. അടുത്തിടെ ഒരു സിനിമാ ലൊക്കേഷനിൽ വച്ച് ഡയലോഗുകൾ വരെ മറന്നുപോയതായും നടി പറഞ്ഞു. തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഭാനുപ്രിയയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

 

bhanupriya-husband

‘‘എനിക്ക് ഈയിടെയായി സുഖമില്ല. ഓർമശക്തി കുറയുന്നു. പഠിച്ച ചില കാര്യങ്ങൾ ഞാൻ മറന്നു. പിന്നീട് നൃത്തത്തോടുള്ള താൽപര്യം കുറഞ്ഞു. വീട്ടിൽ പോലും ഞാൻ നൃത്തം പരിശീലിക്കാറില്ല. കഴിഞ്ഞ രണ്ട് വർഷമായി തനിക്ക് ഓർമക്കുറവ് അനുഭവപ്പെടുന്നുണ്ട്. അടുത്തിടെ 'സില നേരങ്ങളിൽ സില മനിദർഗൾ' എന്ന സിനിമയിലൂടെ സെറ്റിൽ വച്ച് ഡയലോഗുകൾ വരെ മറന്നുപോയി.

 

പിരിമുറുക്കമോ വിഷാദമോ എന്നെ അലട്ടുന്നില്ല. മറവിക്ക്‌ കാരണം മോശം ആരോഗ്യാവസ്ഥ മാത്രമാണ്. ചില മരുന്നുകൾ കഴിക്കുന്നുണ്ട്.’’–ഭാനുപ്രിയ പറഞ്ഞു.

 

ഭർത്താവുമായി പിരിഞ്ഞിരുന്നു എന്ന വാർത്ത തെറ്റായിരുന്നുവെന്നും അൻപത്തിയഞ്ചുകാരിയായ നടി പറഞ്ഞു. ഭാനുപ്രിയയുടെ ഭർത്താവ് ആദർശ് 2018-ൽ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ഇരുപതുകാരിയായ അഭിനയ ഏകമകളാണ്. ലണ്ടനിലെ ലോഫ്ബറോ യൂണിവേഴ്സിറ്റി വിദ്യാർഥിനിയാണ്. നാച്ചുറൽ സയൻസ് ആണ് വിഷയം. അവധി കിട്ടുമ്പോൾ മകൾ നാട്ടിൽ വരാറുണ്ടെന്നും നടി പറയുന്നു. ചെന്നൈയിൽ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് ഭാനുപ്രിയ ഇപ്പോള്‍ താമസിക്കുന്നത്.

 

സൗന്ദര്യം കൊണ്ട് മാത്രമല്ല, അഭിനയവും നൃത്തവും കൊണ്ടും സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരമായിരുന്നു ഭാനുപ്രിയ. തെലുങ്കിലും, തമിഴിലും മലയാളത്തിലുമടക്കം മികച്ച സിനിമകൾ ചെയ്ത ഭാനുപ്രിയ തൊണ്ണൂറുകളിൽ തെന്നിന്ത്യൻ താരസുന്ദരിയായി അരങ്ങു വാണിരുന്നു. ഹിന്ദി സിനിമകളിലും നായികയായി തിളങ്ങി. നായികയായ ചിത്രങ്ങളിലധികവും വലിയ ഹിറ്റുകൾ. രാജശില്പി, അഴകിയ രാവണൻ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, ഹൈവേ, കുലം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടവും പിടിച്ചുപ്പറ്റി. 2006 ൽ പുറത്തിറങ്ങിയ രാത്രിമഴയാണ് ഭാനുപ്രിയ അവസാനം അഭിനയിച്ച മലയാള ചിത്രം. 

 

ശിവകാർത്തികേയൻ നായകനാകുന്ന സയൻസ് ഫിക്‌ഷൻ ചിത്രം അയലാന്‍ ആണ് ഭാനുപ്രിയയുടേതായി ഇനി ഇറങ്ങാനുള്ള ചിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com