ADVERTISEMENT

ഗോഡ്ഫാദറിലെ അവിസ്മരണീയ രംഗം പുനഃസൃഷ്ടിച്ച് കോട്ടയം സ്നേഹക്കൂട് ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികൾ. അഞ്ഞൂറാൻ മുതലാളിയെ കണ്ട് സങ്കടം ബോധിപ്പിക്കാൻ കടപ്പുറം നിവാസികൾ എത്തുന്ന സീൻ ആണ് സ്നേഹക്കൂട്  അഭയമന്ദിരത്തിലെ നാണപ്പനും മറ്റ് അന്തേവാസികളും ചേർന്ന് റീൽസ് വിഡിയോയായി പുനഃസൃഷ്ടിച്ചത്. സ്നേഹക്കൂടിന്റെ സ്ഥാപകയായ നിഷയാണ് അഭയമന്ദിരത്തിലെ അച്ഛനമ്മമാർ ജീവൻ കൊടുത്ത വിഡിയോ പങ്കുവച്ചത്.   

 

എൻ.എൻ. പിള്ള അനശ്വരനാക്കിയ അഞ്ഞൂറാൻ മുതലാളി എന്ന ഗോഡ്ഫാദറിലെ കഥാപാത്രം ഇന്നും സിനിമാസ്വാദകരുടെ പ്രിയ കഥാപാത്രങ്ങളിൽ ഒന്നാണ്. അഞ്ഞൂറാനെ കണ്ടു സങ്കടം ബോധിപ്പിക്കാനായി കടപ്പുറം ഇളകി വരുന്ന സീൻ ആ സിനിമയിലെ തന്നെ അവിസ്മരണീയമായ രംഗമായിരുന്നു. ആലംബമറ്റ വയോധികരായ മാതാപിതാക്കൾക്കും അനാഥർക്കുമായി നടത്തുന്ന കോട്ടയത്തെ സ്നേഹക്കൂട് എന്ന അഭയമന്ദിരത്തിലെ അച്ഛനമ്മമാരാണ് ഒറിജിനലിനേക്കാൾ വെല്ലുന്ന തരത്തിൽ ഗോഡ്ഫാദറിലെ രംഗം പുനഃസൃഷ്ടിച്ചത്. അനശ്വരനായ എൻ.എൻ. പിള്ളയോട് സാമ്യമുള്ള നാണപ്പൻ എന്ന മുതിർന്ന അംഗം അഞ്ഞൂറാൻ ആയപ്പോൾ മറ്റ് അംഗങ്ങൾ ഒപ്പത്തിനൊപ്പം തന്നെ മറ്റു കഥാപാത്രങ്ങളായി വിഡിയോയ്ക്ക് ജീവൻ പകർന്നു. സ്നേഹക്കൂടിലെ അച്ഛനമ്മമാരുടെ കലാസൃഷ്ടി പങ്കുവയ്ക്കാനായി തുടങ്ങിയ സ്നേഹക്കൂട് മീഡിയ എന്ന യൂട്യൂബ് ചാനലിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

 

തനിക്കു ചുറ്റുമുള്ള അശരണർക്ക് തണലേകുവാനും അവരെ സമൂഹത്തിനു മുന്നിൽ എത്തിക്കുവാനും വേണ്ടി തന്റെ പത്തൊൻപതാം വയസ്സിൽ ജീവകാരുണ്യ പ്രവർത്തനം തുടങ്ങിയ നിഷയെന്ന സാധാരണക്കാരി പെൺകുട്ടിയുടെ ഇച്ഛാശക്തിയുടെയും ആത്മസമർപ്പണത്തിന്റെയും ഫലമാണ് സ്നേഹക്കൂട് ചാരിറ്റബിൾ ട്രസ്റ്റും അശരണരായ അച്ഛനമ്മമാർക്ക് ആശ്രയമായ സ്നേഹക്കൂട് എന്ന  അഭയമന്ദിരവും. കോട്ടയം ബേക്കർ ജങ്ഷനിൽ ആണ് അനാഥർക്കും ആലംബമറ്റ വയോധികരായ മാതാപിതാക്കൾക്കും അഭയവും നിയമപരിരക്ഷയും നൽകുന്ന സ്നേഹക്കൂട് അഭയ മന്ദിരം.  അഭയ മന്ദിരത്തിനു പുറമെ സ്വന്തമായി സ്ഥലമുണ്ടായിട്ടും വീടുവയ്ക്കാൻ നിവർത്തിയില്ലാതെ കഷ്ടപ്പെടുന്നവർക്ക് വീട് വച്ച് കൊടുത്തും അനാഥരായ കുട്ടികളെ ഏറ്റെടുത്തും നിരവധിയായ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് സ്നേഹക്കൂട് ചാരിറ്റബിൾ ട്രസ്റ്റ് ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com