സൂപ്പർഹിറ്റ് ചിത്രം മാളികപ്പുറം ഒടിടി റിലീസിനെത്തുന്നു. ഫെബ്രുവരി 15ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യും. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം ആസ്വദിക്കാനാകും. 2022 ലെ അവസാന റിലീസുകളില്‍ ഒന്നായി ഡിസംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രം സ്വപ്നസമാനമായ വിജയമാണ് ബോക്സ്ഓഫിസിൽ നിന്നും നേടിയത്. ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയെന്ന് അണിയറ പ്രവര്‍ത്തകർ വെളിപ്പെടുത്തിയിരുന്നു.
കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്‌ലർ, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ വിഷ്ണു ശശി ശങ്കറാണ് സംവിധാനം. ചിത്രത്തിന്റെ എഡിറ്റിങ്ങും വിഷ്ണുവാണ് നിർവഹിക്കുന്നത്. ആന്റോ ജോസഫിന്റെ ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും ചേര്‍ന്ന് വലിയ മുതൽമുടക്കിൽ നിർമിക്കുന്ന ചിത്രത്തിന് അഭിലാഷ് പിള്ള തിരക്കഥ എഴുതുന്നു. മനോജ് കെ. ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ആൽഫി പഞ്ഞിക്കാരൻ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്.
ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണുനാരായണൻ, സംഗീതം, പശ്ചാത്തല സംഗീതം രഞ്ജിൻ രാജ്, വരികൾ സന്തോഷ് വർമ, ആർട്ട് സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂർ, കോസ്റ്റ്യൂം അനിൽ ചെമ്പൂർ, ആക്‌ഷൻ കൊറിയോഗ്രാഫി കനൽ കണ്ണൻ, പ്രൊഡക്‌ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ രജിസ് ആന്റണി, ക്രിയേറ്റീവ് ഡയറക്ടർ ഷംസു സെയ്‌ബ, അസോഷ്യേറ്റ് ഡയറക്ടർ ജിജോ ജോസ്, അസിസ്റ്റന്റ് ഡയറക്ടേഴ്സ് അനന്തു പ്രകാശൻ, ബിബിൻ എബ്രഹാം, സ്റ്റിൽസ് രാഹുൽ ടി., പിആർഒ മഞ്ജു ഗോപിനാഥ്. ശബരിമലയും പരിസരപ്രദേശങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.