മമ്മൂട്ടി–ബി. ഉണ്ണികൃഷ്ണൻ ചിത്രം ക്രിസ്റ്റഫറിന് തിയറ്ററുകളിൽ ഗംഭീര വരവേൽപ്പ്. അത്യുഗ്രൻ മേക്കിങും മമ്മൂട്ടിയുടെ സ്വാഗും പശ്ചാത്തല സംഗീതവുമാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. ടൈറ്റില്‍ കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രം ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതകഥയാണ് പറയുന്നത്. നീതി നടപ്പാകാതെ വരുമ്പോൾ നിയമത്തെ അംഗീകരിക്കാതെ നിയമം കയ്യിലെടുക്കുന്ന വിജിലാന്റെ കോപ്പ് ആണ് ക്രിസ്റ്റഫർ. അയാളുടെ ചുറ്റുമുള്ള ആളുകളുമായി ബന്ധപ്പെട്ടാണ് സിനിമയുടെ കഥ മുന്നോട്ടുപോകുന്നത്.
സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ മറ്റൊരു സുപ്രധാന വേഷത്തിൽ തെന്നിന്ത്യൻ താരം വിനയ് റായും എത്തുന്നുണ്ട്. ആർ.ഡി. ഇലുമിനേഷൻസാണ് ചിത്രം നിർമിക്കുന്നത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ 35 ഓളം പുതുമുഖങ്ങൾ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ടെന്നുള്ളതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.
ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിങ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പിആർഒ: പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിങ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.