‘വാത്തി’യും ‘മോമോ’യും ‘വെയ്‌ലും’; ‘പൂവൻ’ അടുത്ത ആഴ്ച; ഒടിടി റിലീസുകൾ

vaathi-ott
SHARE

‘മോമോ ഇൻ ദുബായ്’, ധനുഷിന്റെ ‘വാത്തി’, ഹിന്ദി ചിത്രം ‘കുത്തേ’, ഹോളിവുഡ് ചിത്രം ‘വെയ്‌ൽ’ എന്നിവയാണ് ഈ ആഴ്ച റിലീസിനെത്തിയ ഒടിടി സിനിമകൾ. ആന്റണി വർഗീസിന്റെ പൂവൻ മാർച്ച് 24ന് സീ 5 പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും. മമ്മൂട്ടി–ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ‘ക്രിസ്റ്റഫർ’, സിജു വിൽസന്റെ ‘വരയൻ’, മാളവിക മോഹനൻ–മാത്യു ഒന്നിച്ച ‘ക്രിസ്റ്റി’, സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ‘ചതുരം’, ഷാഹി കബീറിന്റെ ‘ഇലവീഴാ പൂഞ്ചിറ’, വിൻസി അലോഷ്യസിന്റെ ‘രേഖ’, തമിഴ് ചിത്രം ‘ഡാഡ’ എന്നിവയാണ് മാർച്ച് രണ്ടാം വാരം ഒടിടി റിലീസിനെത്തിയിരുന്നു. ജോജു ജോർജ് ചിത്രം ഇരട്ട, ലെജൻഡ് ശരവണന്റെ ലെജൻഡ്, ഡിസിയുടെ ബ്ലാക്ക് ആദം എന്നിങ്ങനെ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളാണ് മാർച്ച് ആദ്യ വാരം ഒടിടി റിലീസ് ചെയ്തത്. മോഹൻലാൽ ചിത്രം എലോൺ മാർച്ച് 3 മുതൽ സ്ട്രീം ചെയ്തു തുടങ്ങി. ചതുരം മാർച്ച് ഒൻപതിന് രാത്രി പത്തു മണിക്ക് സൈന പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും. ജോജു ജോർജ്, നരേൻ, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ അദൃശ്യം, ആമസോൺ പ്രൈം വിഡിയോയിലൂടെ സ്ട്രീമിങ് ആരംഭിച്ചു. ജയിംസ് കാമറണിന്റെ അവതാർ 2 ബ്ലൂറേ പ്രിന്റുകൾ മാർച്ച് 28ന് ഓൺലൈനില്‍ റിലീസ് ചെയ്യും. ആമസോൺ പ്രൈമിലൂടെ വാടകയ്ക്കും ചിത്രം ലഭ്യമാകും.

മോമോ ഇൻ ദുബായ്: മനോരമ മാക്സ്: മാർച്ച് 17

ഹലാൽ ലൗ സ്റ്റോറി എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിർമാണത്തിലും ഒരുങ്ങിയ ചിത്രമാണ് 'മോമോ ഇൻ ദുബായ്’. അനു സിത്താര, അനീഷ് ജി. മേനോൻ, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീൻ അസ്ലം ചിത്രം സംവിധാനം ചെയ്തിരിക്കുന്നു.

വാത്തി: നെറ്റ്ഫ്ലിക്സ്: മാർച്ച് 17

ധനുഷിനെ നായകനാക്കി തെലുങ്ക് സംവിധായകന്‍ വെങ്കി അറ്റ്ലൂരിയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം. ബോക്സ് ഓഫിസിലും വമ്പൻ വിജയം നേടിയ സിനിമയിൽ അധ്യാപകനായാണ് ധനുഷ് എത്തിയത്. സംയുക്തയായിരുന്നു നായിക.

ദ് വെയ്‌ൽ: മാർച്ച് 16: സോണി ലിവ്വ്

ബ്രെൻഡൻ ഫ്രേസർക്ക് മികച്ച നടനുള്ള ഓസ്കർ വാങ്ങിക്കൊടുത്ത ചിത്രം. മദർ, ബ്ലാക് സ്വാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡാരെൻ അരൊണൊഫ്സ്കിയാണ് സംവിധാനം. പൊണ്ണത്തടി മൂലം ജീവിതം വിരസമാകുന്ന മനുഷ്യൻ, തന്റെ പതിനേഴ് വയസ്സ് പ്രായമുള്ള മകളുമായി സ്നേഹബന്ധം നിലനിർത്താൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ കഥ.

ക്രിസ്റ്റഫർ: പ്രൈം വിഡിയോ: മാർച്ച് 9

മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പൊലീസ് ത്രില്ലർ. അമല പോൾ, ഐശ്വര്യ ലക്ഷ്മി, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഉദയ്കൃഷ്ണയാണ് തിരക്കഥ.

വരയൻ: പ്രൈം വിഡിയോ: മാർച്ച് 9

സിജു വിത്സനെ നായകനാക്കി ജിജോ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് വരയന്‍. സത്യം സിനിമാസിന്റെ ബാനറിൽ, എ.ജി. പ്രേമചന്ദ്രൻ നിർമ്മിക്കുന്ന ഈ കുടുംബചിത്രം ‌ഹാസ്യത്തിനും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകുന്നു.

ലിയോണ ലിഷോയ്‌, മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ്‌ ആന്റണി ജോസഫ്‌, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ്, ബൈജു എഴുപുന്ന, അംബിക മോഹൻ, രാജേഷ്‌ അമ്പലപ്പുഴ, ശ്രീലക്ഷ്മി, ഹരിപ്രശാന്ത്‌, സുന്ദർ പാണ്ഡ്യൻ തുടങ്ങിയവരാണ്‌ മറ്റു പ്രധാന അഭിനേതാക്കൾ. സിജു വിൽസനോടൊപ്പം ബെൽജിയൻ മലിനോയ്സ്‌ ഇനത്തിൽപ്പെട്ട‌ നാസ്‌ എന്ന നായ‌ ടൈഗർ എന്ന മുഴുനീള കഥാപാത്രമായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്‌.

ചതുരം: സൈന പ്ലേ: മാർച്ച് 9

സ്വാസിക പ്രധാന വേഷത്തിലെത്തുന്ന ഇറോട്ടിക് ത്രില്ലർ. സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തിനു എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. അലന്‍സിയര്‍, റോഷന്‍ മാത്യു, ജാഫര്‍ ഇടുക്കി എന്നിവരും ചതുരത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഇലവീഴാ പൂഞ്ചിറ: പ്രൈം വിഡിയോ: മാർച്ച് 9

സൗബിൻ ഷാഹിറിനെ നായകനാക്കി ഷാഹി കബീർ സംവിധാനം ചെയ്ത ത്രില്ലർ ചിത്രം. സുധി കോപ്പ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

രേഖ: നെറ്റ്ഫ്ലിക്സ്: മാർച്ച് 10

തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്‌സ്‌ അവതരിപ്പിക്കുന്ന ചിത്രം. ജിതിൻ ഐസക്ക് തോമസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ വിൻസി അലോഷ്യസ് ടൈറ്റിൽ കഥാപാത്രമായി എത്തുന്നു. ഉണ്ണി ലാലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

ക്രിസ്റ്റി: സോണി ലിവ്: മാർച്ച് 10

മാത്യു തോമസ്, മാളവിക മോഹനൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാ​ഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്ത ചിത്രം.

ഇരട്ട: നെറ്റ്ഫ്ലിക്സ്: മാർച്ച് 3

ജോജു ജോർജിനെ നായകനാക്കി നവാഗതനായ രോഹിത് എം.ജി. കൃഷ്ണൻ സംവിധാനം ചെയ്ത ത്രില്ലർ. ഇരട്ടവേഷത്തിലാണ് ജോജു എത്തുന്നത്. അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.

എലോൺ: ഹോട്ട്സ്റ്റാർ: മാർച്ച് 3

മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ത്രില്ലർ.രാജേഷ് ജയരാമനാണ് എലോണിന്‍റെ തിരക്കഥ ഒരുക്കിയത്. പേര് സൂചിപ്പിക്കുന്നതുപോലെ ഒരേയൊരു അഭിനേതാവ് മാത്രമാണ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്.

ലെജൻഡ്: ഹോട്ട്സ്റ്റാർ: മാർച്ച് 3

പ്രമുഖ വ്യവസായിയായ ശരവണന്‍ അരുള്‍ നായക വേഷത്തില്‍ എത്തുന്ന ലെജന്‍ഡ് മാർച്ച് 3ന് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും. തിയറ്ററിലും സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജെ.ഡി. ജെറിയാണ്.

ലെജൻഡ് ശരവണനൊപ്പം മുഖ്യകഥാപാത്രങ്ങളായി പ്രഭു, യോഗി ബാബു, തമ്പി രാമയ്യ, വിജയകുമാർ, നാസർ, മയിൽസാമി, കോവൈ സരള, മൻസൂർ അലിഖാൻ എന്നിങ്ങനെ താരങ്ങളുടെ നീണ്ട നിരയുണ്ട്. ‘ശിവാജി’യിലെപ്പോലെ സുമൻ തന്നെയാണു വില്ലൻ. മലയാളത്തിൽ നിന്ന് ഹരീഷ് പേരടിയും ചിത്രത്തിലുണ്ട്. അന്തരിച്ച നടൻ വിവേക് അവസാനമായി അഭിനയിച്ച ചിത്രങ്ങളിലൊന്നുകൂടിയാണിത്. ഹാരിസ് ജയരാജ് സംഗീതം പകർന്ന ചിത്രത്തിലെ പാട്ടുകൾ ഹിറ്റ് ചാർട്ടിൽ എത്തിയിരുന്നു.

ചതുരം: സൈന: സൈന പ്ലേ: മാർച്ച് 9

സ്വാസികയെ പ്രധാന കഥാപാത്രമാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ഇറോട്ടിക് ത്രില്ലർ. റോഷൻ മാത്യു, അലന്‍സിയർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്.

അദൃശ്യം: പ്രൈം വിഡിയോ: ഫെബ്രുവരി 28

ജോജു ജോര്‍ജ്, നരേൻ, ഷറഫുദ്ദീന്‍ എന്നിവർ  കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന എത്തുന്ന ചിത്രം. നവാഗതനായ സാക് ഹാരിസ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്തിരിക്കുന്നു. മലയാളം, തമിഴ് ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ അദൃശ്യത്തിന്റെ തമിഴ് പതിപ്പിന് യുക്കി എന്നാണ് പേര്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS