മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങളിൽ പിന്തുണയുമായി നടനും എംഎൽഎയുമായ മുകേഷ്. യുവജന പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ പ്രവർത്തിക്കുന്ന സമയത്ത് ഒരു സമരത്തിൽ പങ്കെടുത്തതിന്റെ ഭാഗമായി പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്ന റിയാസിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് മുകേഷ് തന്റെ പിന്തുണ അറിയിച്ചത്.
റിയാസിനെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള ആരോപണങ്ങളും പരാമർശങ്ങളുമായി പ്രതിപക്ഷം സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് മുകേഷിന്റെ ഈ പരസ്യ പിന്തുണ. 'ചില ചിത്രങ്ങൾ സംസാരിക്കും' എന്ന അടിക്കുറിപ്പോടെയാണ് മുകേഷ് റിയാസിന്റെ ഫോട്ടോ പങ്കുവച്ചത്. മുകേഷിന്റെ പോസ്റ്റിനു താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകൾ സജീവമാണ്.
മാനേജ്മെന്റ് ക്വോട്ടയിൽ മന്ത്രിയായ ആളാണ് പി.എ.മുഹമ്മദ് റിയാസ് എന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പരാമർശത്തിൽ, റിയാസിന് പിന്തുണയുമായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയും രംഗത്തുവന്നിരുന്നു. മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ പാരമ്പര്യം വിശദീകരിച്ച ശിവൻകുട്ടി, അദ്ദേഹത്തെ ലക്ഷ്യം വയ്ക്കുന്നവർ ദേശീയതലത്തിലെ ഫാഷിസ്റ്റ് നീക്കങ്ങളെ കുറിച്ച് എന്തെങ്കിലും ഒരു വാക്ക് മിണ്ടിയിട്ട് കാലം എത്രയായി എന്നത് ആലോചിക്കണമെന്ന് ഫെയ്സ്ബുക്കിൽ കുറിച്ചു. ‘നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേൾക്കരുത്’ എന്ന് റിയാസ് നിയമസഭയിൽ പറഞ്ഞതിനു മറുപടിയായി ആണ് മാനേജ്മെന്റ് ക്വോട്ടയിൽ മന്ത്രിയായ ആൾക്ക് ആരാണ് അധികാരം നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചത്.