‘റോബിന്‍ രാധാകൃഷ്ണനുമായുള്ള സിനിമ ഉപേക്ഷിച്ചോ?’; സന്തോഷ് ടി. കുരുവിള പറയുന്നു

dr-robin-santhosh
ഡോ. റോബിൻ, സന്തോഷ് ടി. കുരുവിള
SHARE

റിയാലിറ്റി ഷോ മത്സരാര്‍ഥിയായ റോബിന്‍ രാധാകൃഷ്ണനുമായുള്ള സിനിമയെക്കുറിച്ച് തുറന്നുപറഞ്ഞ് നിർമാതാവ് സന്തോഷ് ടി. കുരുവിള. കഴിഞ്ഞ വർഷം ജൂണിലാണ് റോബിൻ രാധാകൃഷ്ണനെ നായകനാക്കി സിനിമ നിർമിക്കുന്നുവെന്ന് സന്തോഷ് പ്രഖ്യാപിക്കുന്നത്. ഈ അടുത്തിടെ ‘രാവണയുദ്ധം’ എന്ന പേരില്‍ റോബിൻ തന്നെ ഒരു സിനിമ പ്രഖ്യാപിച്ചിരുന്നു. റോബിൻ തന്നെയാണ് ഈ സിനിമയുടെ നിർമാണവും. റോബിന്റേതായി ആദ്യം പ്രഖ്യാപിച്ച പ്രോജക്ട് ആയിരുന്നു സന്തോഷ് ടി. കുരുവിളയുടെ സിനിമ. ഇതോടെ ഈ ചിത്രം പാതിവഴിയിൽ നിർത്തിയെന്നും ഉപേക്ഷിച്ചെന്നുമൊക്കെ വാർത്തകൾ വന്നു. അതിനിടെയാണ് റോബിനുമൊത്തുളള പ്രോജക്ടിനെക്കുറിച്ച് കൂടുതൽ വിശദീകരണവുമായി സന്തോഷ് ടി. കുരുവിള നേരിട്ടെത്തിയത്.

‘‘റോബിൻ രാധാകൃഷ്ണൻ , ബിഗ്ബോസ് ഷോയിൽ നിന്ന് പുറത്ത് വന്നതിനു ശേഷം അദ്ദേഹത്തിന്റെ സിനിമാ പ്രവേശനത്തിനുള്ള സാധ്യതകളാരായാൻ ഒരു നിർമാതാവ് എന്ന നിലയിൽ എന്നെ സമീപിച്ചിരുന്നു എന്നത് വസ്തുതയാണ്. പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു നിർമാണ കമ്പനി എന്ന നിലയിൽ അദ്ദേഹത്തിന്റെ ചലച്ചിത്ര മോഹങ്ങളെ സാകൂതം ശ്രവിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന് അനുയോജ്യമായ ഒരു സബ്ജക്ടും അത് നിർവഹിക്കുവാൻ തയാറായ സങ്കേതിക വിദഗ്ധരെ കണ്ടെത്തുന്നതിനുമായി പരിശ്രമങ്ങൾ എന്റെ നിർമാണ കമ്പനി ആരംഭിക്കുകയും ചെയ്തിരുന്നു.

വരുവാൻ പോവുന്ന പ്രൊജക്ടിനെക്കുറിച്ചുള്ള മീഡിയാ അപ്ഡേഷൻസും കൂടാതെ മോഹൻലാലിന്റെ പേജിലൂടെ നടത്തിയ പ്രഖ്യാപനവും ഡോക്ടർ റോബിന്റേയും ടീമിന്റേയും നേതൃത്വത്തിൽ നടന്നിട്ടുള്ളതാണ്. ആ ഘട്ടത്തിൽ തന്നെ റോബിൻ രാധാകൃഷ്ണൻ മലയാളത്തിലെ നിരവധിയായ നിർമാതാക്കളെ കാണുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു എന്നാണ് അറിഞ്ഞിരുന്നത്. കോവിഡാനന്തരം സിനിമാ മേഖലയിലാകെ ഉണ്ടാകുന്ന മാറ്റങ്ങളെ നിരീക്ഷിക്കുകയും പിന്നീട് വളരെയധികം അവധാനതയോടും കൂടിയുമാണ് ഓരോ പ്രൊജക്ടുകളെയും സമീപിച്ചു വരുന്നത്.

അടിസ്ഥാനപരമായി ഞാനൊരു പ്രവാസി വ്യവസായിയും നിരവധി രാജ്യങ്ങളിൽ ബിസിനസ്സ് ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ്. സിനിമാ നിർമാണം ഒരു ബിസിനസ്സ് നിലയിൽ എന്റെ പ്രഥമ പരിഗണനയിലുള്ള ഒന്നല്ല എന്നതാണ് വാസ്തവം. പക്ഷേ സിനിമ വ്യക്തിപരമായി ഒരു പാഷൻ തന്നെയാണ് ഇപ്പോഴും എപ്പോഴും. ഏതൊരു പ്രൊജക്ടിനും ഒരു മികച്ച സബ്ജക്ടും ടീമും ഉരുത്തിരിയുന്നതുവരെ കാത്തിരിക്കുക എന്നതാണ് ഒരു ശൈലിയായി സ്വീകരിച്ചിട്ടുള്ളത്. അഥവാ അങ്ങനെ സംഭവിച്ചില്ലെങ്കിൽ അത് ഉപേക്ഷിക്കുകയും ചെയ്തേക്കാം.

ഡോ റോബിൻ രാധാകൃഷ്ണൻ സിനിമാ മേഖലയിൽ സ്വപ്രയത്നത്താൽ ഉയർന്ന് വരുന്നതിനും ശോഭിക്കുകയും ചെയ്യുന്നതിന് യാതൊരു വിധ പ്രശ്നങ്ങളും ഉള്ളതായി കരുതുന്നില്ല. നിലവിൽ അദ്ദേഹത്തിനും ചുറ്റും നവമാധ്യമങ്ങളിൽ നടക്കുന്ന വിവാദങ്ങളിൽ ഭാഗഭാക്കാവാൻ വ്യക്തിപരമായും അല്ലാതെയും താൽപര്യമില്ല എന്ന് കൂടി അറിയിച്ചു കൊള്ളട്ടെ.’’–സന്തോഷ് ടി. കുരുവിള പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS