മോഹൻലാലിനെ പ്രശംസിച്ച് ഹരീഷ് പേരടി എഴുതിയ കുറിപ്പ് ആണ് സമൂഹമാധ്യമങ്ങളിൽ ൈവറൽ. പുതുമുഖ നടൻ മനോജ് മോസസിന്‍റെ പിറന്നാള്‍ ആഘോഷത്തിലെ മോഹന്‍ലാലിന്‍റെ സാന്നിധ്യത്തെക്കുറിച്ചാണ് ഹരീഷിന്റെ പ്രതികരണം. വലിപ്പ ചെറുപ്പുമില്ലാതെ, പകയും വിദ്വേഷവുമില്ലാതെ എല്ലാവരെയും കൂടെ നിർത്തുന്ന, എല്ലാവരെയും മുന്നിലേക്ക് തള്ളി നിർത്തുന്ന താരമാണ് മോഹൻലാലെന്നും അദ്ദേഹം മഹാനടൻ മാത്രമല്ല മഹാ മനുഷ്യത്വവുമാണെന്നും ഹരീഷ് പറയുന്നു. ‘മലൈക്കോട്ടെ വാലിബൻ’ സെറ്റിൽ വച്ച് നടന്ന പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രത്തോടപ്പമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
‘‘ലിജോ അവതരിപ്പിക്കുന്ന പുതുമുഖ നടൻ മനോജിന്റെ പിറന്നാളാണ്. മുന്നിൽ നിൽക്കുന്ന ഞങ്ങളല്ല താരങ്ങൾ. വലിപ്പ ചെറുപ്പുമില്ലാതെ പകയും വിദ്വേഷവുമില്ലാതെ എല്ലാവരെയും കൂടെ നിർത്തുന്ന..എല്ലാവരെയും മുന്നിലേക്ക് തള്ളി നിർത്തുന്ന. ആ പിന്നിൽ നിൽക്കുന്ന ആ മഞ്ഞ കുപ്പായക്കാരനാണ് യഥാർഥ താരം. നമ്മുടെ ലാലേട്ടൻ. അയാൾക്ക് പകരം മറ്റൊരാൾ ആയിരുന്നെങ്കിൽ ഒരു നോ മതി, ഞാനൊന്നും ഈ സിനിമയിലെ ഉണ്ടാകില്ല. പക്ഷേ ആ മനുഷ്യൻ എന്നോടെന്നല്ല ആരോടും അങ്ങനെ പറയില്ല. അഭിമാനത്തോടെ ഞാൻ പറയും, ഇത് മഹാനടൻ മാത്രമല്ല മഹാ മനുഷ്യത്വവുമാണ്. ഒരേയൊരു മോഹൻലാൽ.’’- ഹരീഷ് പേരടി കുറിച്ചു.
രാജസ്ഥാനിലെ പൊഖ്റാനിൽ ‘വാലിബന്റെ’ ചിത്രീകരണം പുരോഗമിക്കുകയാണ്. ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പി.എസ്. റഫീഖിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം. ലിജോയുടെ ശിഷ്യനും സംവിധായകനുമായ ടിനു പാപ്പച്ചനാണ് ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍.