‘ആ ദൈവവിളിയിൽ അപ്പനിട്ട പേരാണ് ഇന്നസന്റ്’

HIGHLIGHTS
  • സിനിമയിലെ കാണാക്കാഴ്ചകൾ : 83
  • തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് എഴുതുന്ന കോളം
kaloor-innocent
കലൂർ ഡെന്നിസ്, ഇന്നസന്റ്
SHARE

ഈ ലോകത്ത് ജീവിക്കുന്ന എല്ലാ മനുഷ്യർക്കും ഓരോ നാമധേയമുണ്ടാകും. നമ്മൾ ഒരിക്കലും കേൾക്കാത്ത, പഴമയും പുതുമയുമുള്ള ഒത്തിരി പേരുകൾ കൊണ്ട് സമ്പന്നമാണ് ഈ മഹാവിശാല ലോകമെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാൻ പല വിദേശ രാജ്യങ്ങളിലും പോയിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു പ്രത്യേക പേര് കേൾക്കുന്നത് നമ്മുടെ നാട്ടിലുള്ള ഒരു വ്യക്തിയിലാണ്. കേൾക്കാൻ നല്ല രസമുള്ള പേരാണെന്ന് തോന്നിയെങ്കിലും ചിലപ്പോൾ പള്ളിയിലിട്ടിരിക്കുന്ന ഒറിജിനൽ പേരു വേറെ ഉണ്ടാകുമെന്ന് എനിക്കു തോന്നി. ആരാണ് ഈ നവ പേരുകാരൻ എന്നറിയണ്ടേ? ഇരിങ്ങാലക്കുടക്കാരൻ തെക്കേത്തല വറീതിന്റെയും മാർഗലീത്തയുടെയും മകനായ, മലയാള സിനിമയിൽ അന്നേവരെ കാണാത്ത വ്യത്യസ്തമായ ഒരു ഹാസ്യധാര സൃഷ്ടിച്ച, നമ്മുടെയെല്ലാം ചിരിപ്രസാദമായ സാക്ഷാല്‍ ഇന്നസന്റാണ് ഈ ന്യൂജൻ പേരിനുടമ.

ഈ പേര് കേട്ടപ്പോൾ എന്റെ സുഹൃത്തും തിരക്കഥാകാരനുമായ ജോൺ പോളിനോടു ഞാൻ ചോദിച്ചു: ‘‘കൊള്ളാമല്ലോടാ ഈ പേര്, നിഷ്കളങ്കൻ എന്നു പറയുന്നതിന് പകരം ഇട്ട പേരായിരിക്കും അല്ലേ ജോണേ?’’

ജോൺ അൽപം വിശാലമായ ഫലിതത്തിന്റെ മേമ്പൊടിക്കൂട്ടോടെ പറഞ്ഞതിങ്ങനെയാണ്: ‘‘അത് നിനക്കറിയില്ലേ, ഇന്നസന്റ് ജനിച്ച സമയത്ത് അവന്റെ അപ്പനിട്ട പേരാണത്. അവൻ പഠിക്കാൻ വളരെ മോശക്കാരനും വല്ലാത്ത ഉഴപ്പനും ആയിരിക്കുമെന്ന് അവന്റെ അപ്പന് പെട്ടെന്നൊരു ദൈവവിളിയുണ്ടായി. അത് കേട്ടപ്പോൾ അപ്പന് വല്ലാത്ത വിഷമവുമായി. അപ്പോൾ തന്റെ മകൻ നല്ലവനും നിഷ്കളങ്കനുമാണെന്നു നാട്ടുകാർക്കു തോന്നാൻ വേണ്ടി അപ്പനിട്ട പേരാണ് ഈ ഇന്നസന്റ്.’’

ജോണിന്റെ അതിഭാവന കേട്ട് ഞാൻ ചിരിച്ചു. 1980 കാലത്ത് ജോൺ പോൾ പറഞ്ഞാണ് ഇന്നസന്റ് എന്ന പേര് ഞാൻ ആദ്യമായി കേൾക്കുന്നത്. അന്ന് ഇന്നസന്റ് ചെറിയ വേഷങ്ങൾ ചെയ്യാൻ തുടങ്ങിയ സമയമാണ്. അന്നുമുതലേ ഈ നവ നാമധേയനെ നേരിട്ടു കാണണമെന്ന് എനിക്കു തോന്നി. ജോൺ പോളിന് സിനിമാ നിർമാതാക്കളായ ഡേവിഡ് കാച്ചപ്പള്ളിയേയും ഇന്നസന്റിനെയുമൊക്കെ നേരത്തേ അറിയാം. 

innocent-a

1981 സെപ്റ്റംബർ അവസാനം ‘അവളുടെ രാവുകളു’ടെ നിർമാതാവായ മുരളീ മൂവീസ് രാമചന്ദ്രന്റെ മദ്രാസിലെ വീട്ടിൽ വച്ചാണ് ഞാൻ ഇന്നസന്റിനെ ആദ്യമായി കാണുന്നത്. ജോൺ പോളാണ് എന്നെ അവിടെ കൊണ്ടുപോയത്. അന്ന് ഞാൻ ഇന്നസന്റഭിനയിച്ച ഒരു സിനിമയും കണ്ടിട്ടില്ല. ഞങ്ങൾ അവിടെ ചെല്ലുമ്പോൾ രാമചന്ദ്രന്റെ കൂടെ വിടപറയും മുൻപെയുടെ സംവിധായകനായ മോഹനനും ഡേവിഡ് കാച്ചപ്പള്ളിയും ഇന്നസന്റും ഉണ്ടായിരുന്നു. ഓണത്തിന് റിലീസ് ചെയ്ത വിടപറയും മുൻപെ വൻ വിജയം നേടുന്നതിന്റെ ആഹ്ലാദ തിമിർപ്പിലായിരുന്നവർ. ജോൺ പോളിനെ കണ്ട മാത്രയിൽ്തന്നെ ഡേവിഡും മോഹനും ഇന്നസന്റും കൂടി ജോണിനെ ഇറുകെ പുണർന്നുകൊണ്ട് അൽപനേരം സിനിമ നന്നായി പോകുന്നതിനെക്കുറിച്ചും മറ്റുമുള്ള ആഹ്ലാദവചനങ്ങൾ ചൊരിഞ്ഞു. പെട്ടെന്നാണ് എന്നെ ഇന്നസന്റിനു പരിചയപ്പെടുത്തിയില്ലല്ലോ എന്നകാര്യം ജോൺ പോൾ ഓർത്തത്.  

‘‘എടാ ‍ഡെന്നി, നിനക്ക് ഇന്നസന്റിെന പരിചയമില്ലല്ലോ. കക്ഷി വിടപറയും മുൻപെയുടെ സഹനിർമാതാവാണ്.’’

അതുകേട്ട്ഞാൻ ചിരിച്ചു തലകുലുക്കി. 

പിന്നെ ജോൺ എന്നെക്കുറിച്ചുള്ള വീരഗാഥയിലേക്ക് കടന്നു. 

‘‘ഇവൻ തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്ത ‘രക്ത’മാണ് നമുക്ക് ഓപ്പോസിഷനായി ഇപ്പോൾ വെല്ലുവിളി ഉയർത്തിക്കൊണ്ടിരിക്കുന്നത്. നസീർ സാറും മധുസാറും അഭിനയിച്ച മൾട്ടി സ്റ്റാർ ചിത്രമാണ്. ഈ കമ്പനിയുടെ അടുത്ത പടവും ചെയ്യുന്നതും ഇവനാണ്. ഇന്നച്ചൻ ഇവനെ വിടാതെ മുറുകെ പിടിച്ചോ.’’

അതു കേട്ടപ്പോൾ ഇന്നസന്റിന്റെ മുഖം ഒരു പൗർണമിത്തിങ്കൾ  വിരിഞ്ഞപോലെയായി. 

തെല്ലുനേരം കഴിഞ്ഞ് ജോൺ പോൾ മോഹനും ഡേവിഡ് കാച്ചപ്പള്ളിയുമിരുന്നിടത്തേക്ക് പോയി. ഇന്നസന്റ് തൃശൂർ ഭാഷയുടെ രസച്ചുവടോടെ കൊച്ചു കൊച്ചു വിശേഷങ്ങളിലേക്കു കടന്നു. അപ്പോൾ എന്റെ മനസ്സിലേക്ക് വന്നത് ഞങ്ങളുടെ കലൂരിലുള്ള പലചരക്കു കച്ചവടക്കാരൻ ദേവസ്യാച്ചന്റെ മുഖമാണ്. ഇന്നസന്റിന് അദ്ദേഹവുമായി നല്ല രൂപസാദൃശ്യം ഉണ്ടെന്നെനിക്ക് തോന്നി. ദേവസ്യാച്ചായൻ ധരിക്കുന്നതുപോലെ ഒറ്റമുണ്ടും സ്ളാക്കുമാണ് ഇന്നസന്റും ഇട്ടിരിക്കുന്നത്. ഒരാളെപ്പോലെ ഏഴ് ആളുകൾ ഉണ്ടെന്നുപറയുന്നത് ശരിയാണെന്ന് എനിക്കപ്പോൾ തോന്നുകയും ചെയ്തു. 

innocent-3

ഞങ്ങൾ കുറച്ചു നേരം കൂടി അവിടെയിരുന്ന് തമാശയും നിർദോഷമായ പരദൂഷണവുമൊക്കെ പറഞ്ഞ ശേഷം രാമചന്ദ്രന്റെ കുക്കിന്റെ സ്പെഷൽ ഐറ്റംസായ ചിക്കൻ ഫ്രൈയും ബീഫ് ഉലർത്തിയതുമൊക്കെ കഴിച്ച്ഇറങ്ങിയപ്പോൾ സമയം നാലുമണിയോടടുത്തിരുന്നു. അതോടെ ഞാനും ഇന്നസന്റുമായുള്ള സൗഹൃദം വളരുകയായിരുന്നു. 

അന്ന് അവിടെനിന്നു പോന്നതിനു ശേഷം ഇടയ്ക്ക് ഞാൻ ഇന്നസന്റിനെ വിളിക്കുമായിരുന്നു. ഇന്നസന്റിന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്. പലപ്പോഴും ഫോണിലൂടെ ഇന്നസന്റിന്റെ തമാശകളും രസികത്വവും കേട്ടുകേട്ട് ഞങ്ങളുടെ ബന്ധം ഒരു എടാ പോടാ വിളിവരെ വളർന്നു. 

ഇന്നസന്റിന്റെ തമാശകൾ കേൾക്കാൻ വേണ്ടി എന്റെ പല സിനിമകളിലും അവന് ഞാൻ ചില കഥാപാത്രങ്ങൾ എഴുതിച്ചേർക്കാൻ തുടങ്ങി. മിക്കതിലും ഡ്രൈവറും ചെറുവാല്യക്കാരനുമൊക്കെയായ ചെറിയ ചെറിയ വേഷങ്ങളായിരുന്നു. ഞാൻ ജോഷിക്കുവേണ്ടി എഴുതിയ ജൂബിലിയുടെ ആ രാത്രിയും, സന്ദർഭവും വൻഹിറ്റായപ്പോൾ എനിക്കു ചുറ്റും നിർമാതാക്കൾ വട്ടമിട്ടു നടക്കുന്നതറിഞ്ഞ് ഇന്നസന്റ് ഇടക്ക് മദ്രാസിൽ നിന്ന് എന്നെ വിളിക്കും.

‘‘എടാ ഡെന്നിസേ ഞാനിവിടെ ഉണ്ടെട്ടോ.’’ ചാൻസിനു വേണ്ടിയുള്ള ഇന്നസന്റിന്റെ തൃശൂർ ഭാഷയിലുള്ള ഓര്‍മപ്പെടുത്തൽ ആയിരുന്നു അത്. 

എറണാകുളത്തു കൂട്ടിനിളംകിളിയിൽ അഭിനയിക്കാൻ വന്നപ്പോഴാണ് ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന് വീണ്ടും തുടർച്ചയുണ്ടാകുന്നത്. പിന്നീട് ഞാനെഴുതിയ ഒരു നോക്കു കാണാൻ, ഇനിയും കഥ തുടരും, എന്റെ എന്റേതുമാത്രം, കഥ ഇതുവരെ, ഈ കൈകളിൽ എന്നീ സിനിമകളിലെല്ലാം ഇന്നസന്റിന്റെ സാന്നിധ്യമുണ്ടായി. ഇതോടെ ഇന്നസന്റിനെ തേടി കൂടുതൽ അവസരങ്ങൾ എത്താൻ തുടങ്ങി. 

innocent-alice

1989 ൽ പി. ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ഗജകേസരിയോഗത്തിലെ ആനപ്പാപ്പാന്റെ വേഷം ചെയ്തതോടെയാണ് ഇന്നസന്റിന്റെ തലവര മാറിയത്. ഹിന്ദിമാത്രം അറിയാവുന്ന ആനയോടു ഹിന്ദി പറയാൻ വല്ലാതെ ബുദ്ധിമുട്ടുന്ന ആനക്കാരന്റെ നിസ്സഹായതയും വിഷമവുമൊക്കെ ഇന്നസന്റിന്റെ സ്വാഭാവികമായ അഭിനയശൈലിയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നെ ഇന്നസന്റിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 

പിന്നെയും പല ലൊക്കേഷനിലും വച്ച് ഞങ്ങൾ സ്ഥിരമായി കണ്ടുമുട്ടാൻ തുടങ്ങി. അപ്പോഴൊക്കെ തന്റെ എട്ടാംക്ലാസും ഗുസ്തിയുമൊക്കെ സംസാരത്തിനിടയിൽ ഒരു തവണയെങ്കിലും ഇന്നസന്റ് പറയാതിരിക്കില്ല. കൂടുതൽ പഠിക്കാൻ കഴിയാത്തതിന്റെ നിരാശകൊണ്ടൊന്നുമല്ല.

‘‘എന്റെ ജ്യേഷ്ഠൻമാരൊക്കെ നന്നായി പഠിച്ച് വലിയ ഡോക്ടർമാരും ഉദ്യോഗസ്ഥന്മാരുമൊക്കെ ആയെങ്കിലും എന്നെപ്പോലെ അവരെ ആരെങ്കിലും അറിയുമോടാ. സ്കൂൾ പരീക്ഷയിൽ തോറ്റാലും ജീവിത പരീക്ഷയിൽ ഫസ്റ്റ് ക്ലാസ്സോടെ പാസ്സായവനാടാ ഞാൻ.’’ ഇന്നസന്റ് ചിരിച്ചുകൊണ്ട് പറയും. ചിരി അവനു എന്നും ഒരു മാനസിക ടോണിക്ക് ആയിരുന്നു. 

ഇന്നസന്റ് എപ്പോഴും ഒരു പോസിറ്റിവിറ്റി ആണ്, നെഗറ്റിവിറ്റി അവനിൽ എപ്പോഴും ഔട്ട് ഓഫ് ഫോക്കസ് ആയിട്ടേ കണ്ടിട്ടുള്ളൂ. അതുകൊണ്ട് ഇന്നസന്റ് എന്ത് പറഞ്ഞാലും അതൊരു ഇന്നസന്റെറിയൻ ഫലിതമായിട്ടാണ് സഹപ്രവർത്തകർ എല്ലാവരും കണ്ടിരുന്നത്. 

ഗജകേസരി യോഗത്തിലെ ഇന്നസന്റിന്റെ അഭിനയം കണ്ടിട്ടാണ് സിദ്ദീഖ് ലാലിന്റെ ആദ്യ ചിത്രമായ റാംജിറാവുവിലേക്ക് അവനെ വിളിക്കുന്നത്. റാംജിറാവു വന്നതോടെ ഒരു ഇന്നസന്റ് തരംഗം തന്നെയാണ് ഉണ്ടായത്. ഇന്നസന്റിന് നിന്നു തിരിയാൻ പറ്റാത്ത തിരക്കോടു തിരക്കായി. റാംജിറാവുവിനു ശേഷം ഞാൻ തിരക്കഥ എഴുതിയ മിമിക്സ് പരേഡിലെ ഫാദർ തറക്കണ്ടവും, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസിലെ മത്തായിച്ചനും സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണിയിലെ ഭൂതവും കൂടി വന്നതോടെ മലയാള സിനിമയിൽ ഒരു ഇന്നസന്റ് യുഗം തന്നെയാണുണ്ടായത്. പിന്നീട് സത്യൻ അന്തിക്കാടും പ്രിയദർശനും ഇന്നസന്റിനെ അവരുടെ ആസ്ഥാന നടനായി അവരോധിക്കുകയായിരുന്നു. 

തുടർന്ന് രഞ്ജിത്തിന്റെ ദേവാസുരം, സിദ്ദീഖ് ലാലിന്റെ ഹിറ്റ്‌ലർ, കാബൂളിവാല, സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, പ്രിയദർശന്റെ കിലുക്കം, കാക്കക്കുയിൽ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ഇന്നസന്റിനു മാത്രം അഭിനയിച്ച് വിജയിപ്പിക്കാൻ കഴിയുന്ന കഥാപാത്രങ്ങളായിരുന്നു. 

വർഷങ്ങൾ അങ്ങനെ കടന്നുപോയി. ധൈഷണിക നാട്യങ്ങളൊന്നും പ്രകടിപ്പിക്കാതെ സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിതം ആരംഭിച്ച്, തൃശൂർ ഭാഷയുടെ പൊൻചിരാതുകൾ കൊണ്ട് ഇന്ത്യൻ പാർലമെന്റിലും വിദേശത്തും തന്റെ ഭാഷയുടെ മഹത്വം കാത്തു സൂക്ഷിച്ചുകൊണ്ട്, മലയാള സിനിമയിൽ സമാന്തരമായ ഒരു ഹാസ്യസംസ്കാരം കെട്ടിപ്പടുത്ത സെലിബ്രിറ്റിയാണ് ഇന്നസന്റ്. 

ഈ കാലയളവിലാണ് ഇന്നസന്റിന് പെട്ടെന്നു കാൻസർ പിടിപെടുന്നത്. എന്റെ കാലു മുറിച്ച് രണ്ടു വർഷം കഴിഞ്ഞപ്പോഴാണ് ഇന്നസന്റിന്റെ രോഗവിവരം ഞാൻ അറിയുന്നത്. അതറിഞ്ഞപ്പാൾ ഞാനാകെ വല്ലാതായി. ഒരു ദിവസം ഞാൻ ഇന്നസന്റിനെ കാണാൻ ഇരിങ്ങാലക്കുടയിൽ അവന്റെ വീട്ടിൽ ചെന്നു. ഒരു ചാരുകസേരയിൽ താടിക്ക് കയ്യുംകൊടുത്ത് അവൻ ഇരിക്കുന്നത് കണ്ടപ്പോൾ എന്റെ മനസ്സിൽ പഴയ ഇന്നസന്റിന്റെ രൂപവും സംസാരവുമൊക്കെയാണ് ഓടി വന്നത്. രോഗം മൂലം മനുഷ്യനുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ഓർക്കുകയായിരുന്നു ഞാൻ. എന്നെ കണ്ടമാത്രയിൽ ഇന്നച്ചൻ പറഞ്ഞു: ‘‘എന്തിനാ വയ്യാത്ത ഈ കാലും വച്ച് നീ എന്നെ കാണാൻ വന്നത്. എനിക്കിപ്പോൾ ഒന്നുമില്ലടാ. എന്റെ എല്ലാം മാറിയെടാ.’’

Innocent
Actor Innocent has, until now, acted in more than 750 films. File photos

അപ്പോൾ അവന്റെ മുഖം കണ്ണില്ലാതെ കരയുന്ന മേഘംപോലെ എനിക്ക് തോന്നി. ഞാൻ അവന്റെ അരികിലായിരുന്ന് പതുക്കെ ഓരോ വിശേഷങ്ങൾ ചോദിച്ചറിയുകയായിരുന്നു. കുറേനേരം കഴിഞ്ഞിട്ടും ആലീസിനെ കാണാതായപ്പോൾ ഞാൻ ചോദിച്ചു: ‘‘ആലീസില്ലേ ഇവിടെ?’’

‘‘ആലീസ് കിടപ്പിലാണ്, എന്റെ അസുഖം ഇപ്പോൾ അവളെയും ബാധിച്ചിരിക്കുകയാണ്.’’

അതുംകൂടി കേട്ടപ്പോൾ ഞാൻ സ്തബ്ധനായി നിമിഷനേരം നിന്നുപോയി. അവൻ ആലീസ് കിടക്കുന്ന മുറിയിലേക്ക് എന്നെ കൊണ്ടുപോയി. ആലീസിന് എന്നെ നേരത്തേ അറിയാം. ഇരിങ്ങാലക്കുടയിൽ അവർ താമസിച്ചിരുന്ന മൂന്ന് വീട്ടിലും ഞാൻ പോയിട്ടുള്ളതാണ്. ആലീസ് നിസ്സംഗതയോടെ എന്നെ നോക്കി. എന്താണ് ആലീസിനോടു പറയേണ്ടതെന്ന് ഒരു വാക്കും എനിക്ക് കിട്ടിയില്ല. തെല്ലുനേരം ഇരുന്ന് കൊച്ചു കൊച്ചു വാചകങ്ങൾ ഉരുവിട്ട ശേഷം പോകാനായി പടിയിറങ്ങിയപ്പോൾ പണ്ടൊരിക്കൽ ഇന്നസന്റ് പറഞ്ഞ വാചകം ഞാനോർത്തുപോയി.

‘‘ചിരിയില്ലാത്ത ഒരു ദിവസമാണ് ഏറ്റവും പാഴാണെന്ന് തോന്നുന്ന ദിവസം.’’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA