ഇന്നസന്റ് വലിയ നടനാകും എന്ന് പ്രവചിച്ച എൻ.എൻ. പിള്ള; ഓർത്തെടുത്ത് വിജയരാഘവൻ

vijayaraghavan-inncoent
SHARE

ഇന്നസന്റ് സിനിമയിൽ ഒന്നുമില്ലാതിരുന്ന കാലത്ത് ‘ഇദ്ദേഹം മലയാള സിനിമയിൽ വലിയൊരു നടനാകും’ എന്ന് അച്ഛൻ എൻ.എൻ. പിള്ള ഡയറിയിൽ എഴുതി വച്ചിരുന്നുവെന്ന് നടൻ വിജയരാഘവൻ.  ഇന്നസന്റിന്റെ മരണവാർത്തയറിഞ്ഞ് മനോരമ ന്യൂസിനോട് പ്രതികരിക്കവെയാണ് വിജയരാഘവൻ ഇന്നസെന്റിനെക്കുറിച്ചുള്ള ഓർമ പങ്കുവച്ചത്. സിനിമയിൽ ഇത്രയും ആത്മബന്ധമുള്ള നടൻ വേറെ ഇല്ലെന്നും കുടുംബത്തിലെ ഒരാൾ നഷ്ടമായ വേദനയാണ് തനിക്കെന്നും വിജയരാഘവൻ പറഞ്ഞു.

‘‘കുറച്ചു ദിവസമായി ഇന്നസന്റ് സീരിയസായി കിടക്കുകയാണ് എന്ന് അറിഞ്ഞിട്ട്. അന്നുമുതൽ ആ വേദന സഹിക്കാൻ  മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തോടൊപ്പം ഒരുപാടു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഞാൻ ഏറ്റവും കൂടുതൽ എന്റെ ഉള്ളുകൊണ്ടു ഇഷ്ടപ്പെട്ടത് എന്റെ  അച്ഛൻ പറയുന്നതുപോലെ ചില ഷാർപ്പായ അഭിപ്രായങ്ങൾ പറയുന്നത് കേൾക്കുമ്പോഴാണ്.  വളരെ സരസമായി പ്രശ്നങ്ങളെ നേരിടുന്ന ആളാണ് അദ്ദേഹം.  ഇടയ്ക്കിടെ അദ്ദേഹം എന്നെ വിളിക്കാറുണ്ട് വ്യക്തിപരമായ കാര്യങ്ങൾ സംസാരിക്കാറുണ്ട്, അദ്ദേഹത്തിന്റെ വീട്ടിൽ പോകാറുമുണ്ട്.   

എനിക്ക് സിനിമയിൽ ഇത്രയും ആത്മബന്ധമുള്ള നടൻ വേറെ ഇല്ല. എന്റെ അച്ഛനോട് ഇന്നസെന്റിനു വലിയൊരു ഇഷ്ടമുണ്ടായിരുന്നു. ഒരിക്കൽ അച്ഛനുള്ള സമയത്ത് ഇന്നസന്റ് ചേട്ടൻ വീട്ടിൽ വന്നു. അച്ഛന് ഡയറി എഴുതുന്ന സ്വഭാവമുണ്ട്. അന്ന് ഏതോ ഒരു സർക്കസിനെ ബേസ് ചെയ്‌ത് ഷാറുഖ് ഖാൻ അഭിനയിച്ച ഒരു സീരിസ് ഉണ്ടായിരുന്നു ഹിന്ദിയിൽ.  ഷാറുഖ് ഖാൻ നല്ലൊരു നടനാണ് എന്ന് അച്ഛൻ ഡയറിയിൽ എഴുതി വച്ചിരുന്നു. അതുപോലെ ഇന്നസന്റ് ചേട്ടനെ പറ്റിയും അച്ഛൻ എഴുതി വച്ചിരുന്നു ‘‘ഇന്നസെന്റിനെ എനിക്ക് വലിയ ഇഷ്ടമാണ് ഇദ്ദേഹം മലയാള സിനിമയിലെ അവിഭാജ്യ ഘടകമാകും എന്ന് ഉറപ്പാണ്’’. ഇന്നസന്റ് ചേട്ടൻ വീട്ടിൽ വന്നപ്പോ അച്ഛൻ ഇത് കാണിച്ചു.  അദ്ദേഹം പിന്നീട് എന്നെ കാണുമ്പോൾ പറയും എൻ.എൻ. പിള്ള സർ എന്നെപ്പറ്റി ഇങ്ങനെ പറഞ്ഞിരുന്നു എന്ന്, പലരോടും അദ്ദേഹം അത് പറഞ്ഞിട്ടുണ്ടെന്ന്.  അന്ന് ഇന്നച്ചൻ സിനിമയിൽ ഒന്നുമില്ലായിരുന്നു.  എന്റെ കുടുംബത്തോടും എന്നോടും വളരെ അടുത്ത ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്.’’–വിജയരാഘവൻ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA