ADVERTISEMENT

മനസ്സിൽ സന്തോഷം നിറയുമ്പോഴും സങ്കടം തുളുമ്പുമ്പോഴും ഇന്നസന്റ് ഓടിച്ചെല്ലുന്ന ഒരിടമുണ്ട്- ഇരിങ്ങാലക്കുടയിലെ കിഴക്കേ പള്ളിയുടെ സെമിത്തേരി. അവിടെ കല്ലറയിൽ ഉറങ്ങിക്കിടക്കുന്ന നാലുപേർ ഇന്നസന്റിനു വളരെ വേണ്ടപ്പെട്ടവർ. അപ്പൻ തെക്കേത്തല വറീത്,അമ്മ മാർഗലീത്ത, മൂത്ത ചേച്ചി സലീന, നാലാമത്തെ ഇളയചേച്ചി പൗളു.

 

രോഗം കാൻസറാണെന്ന് ഡോക്ടർമാർ ഉറപ്പിച്ചപ്പോൾ ഒരിക്കൽ മാത്രമേ താൻ കരഞ്ഞുള്ളുവെന്ന് ഇന്നസന്റ് പറഞ്ഞിട്ടുണ്ട്. അത് രോഗവിവരം സെമിത്തേരിയിൽ വന്ന് ഉറ്റവരോടു പറയുമ്പോഴായിരുന്നു.

 

നാവിന് തടിപ്പായാണു രോഗത്തിന്റെ തുടക്കം. കാൻസറിന്റെ വകഭേദമായ ലിംഫോമയാണെന്ന് ആദ്യം മനസ്സിലായില്ല. തൊണ്ടയ്ക്ക് എന്തോ പ്രശ്നം എന്നേ കരുതിയുള്ളു. കാൻസറാണെന്ന് അറിഞ്ഞപ്പോഴും സാധാരണ രോഗികളെപ്പോലെ തീർത്തും തകർന്നുപോകാവുന്ന ഒരവസ്ഥ ഇന്നസന്റിൽ ഉണ്ടായില്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ.വി.പി.ഗംഗാധരൻ ഓർക്കുന്നു. മനസ്സിനെ ഏറ്റവുമധികം പ്രസാദാത്മകമായി കാത്തുസൂക്ഷിച്ചതുകൊണ്ടാകാം അസുഖത്തിൽനിന്നുള്ള മോചനവും വേഗത്തിലായതെന്ന് ഡോക്ടർ പറയുന്നു.

 

ധൈര്യം ഉള്ളവനേ തമാശ പറയാനും കഴിയൂ എന്ന് അഭിപ്രായപ്പെട്ടിരുന്ന ഇന്നസന്റ് തന്റെ രോഗാവസ്ഥയിൽ ആ സ്വഭാവഗുണം മുഴുവൻ പുറത്തെടുത്തു. ‘ഒരു പുതിയ സുഹൃത്ത് കൂടെയുണ്ട്; അതേ ഞാൻ കരുതുന്നുള്ളൂ. അസുഖത്തെ ഒരു സുഹൃത്തായി കാണാനാണ് എനിക്കിഷ്‌ടം.’ കാൻസറിന് ശേഷമുള്ള ജീവിതത്തിനു അദ്ദേഹം ബോണസ് ജീവിതം എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.

കാര്യമി‌തൊക്കെയാണെങ്കിലും ‌ ഭാര്യ ആലീസിനു കാൻസറാണെന്ന് അറിഞ്ഞപ്പോൾ ഇന്നസന്റ് അടിമുടി ഉലഞ്ഞതിനും ഡോക്ടർ തന്നെ സാക്ഷി. നല്ല കാലത്തും ചീത്തക്കാലത്തും എന്നും ഇന്നസന്റ് കുടുംബത്തോടൊപ്പം ചേർന്നു നിന്നു; കുടുംബം ഇന്നസന്റിനൊപ്പവും. അതുകൊണ്ടാണ് ഭാര്യയ്ക്കു കാൻസർ വന്നപ്പോൾ ആലീസ് തന്നോടുള്ള സ്നേഹം കൊണ്ടതു പ്രാർഥിച്ചു നേടിയതാണ് എന്ന് ഇന്നസന്റ് പറഞ്ഞത്.

 

തനിക്കു രോഗം സ്ഥിരീകരിക്കുന്നതിനു മുൻപുതന്നെ കാൻസർ രോഗികളെ പരിചരിക്കാനും അവർക്ക് ആശ്വാസം നൽകാനുമുള്ള ‘ആൽഫ പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കിന്റെ’ രക്ഷാധികാരിയായി ഇന്നസന്റ് പ്രവർത്തിച്ചിരുന്നു. സുഹൃത്തിന്റെ നിർബന്ധം മുറുകിയപ്പോൾ 2005ൽ ആദ്യം ആ ചുമതലയേൽക്കാൻ മടിച്ചെങ്കിലും അവിടെ പോയി രോഗികളെ കണ്ടതോടെ പ്രവ‌ർത്തനങ്ങളിൽ സജീവമാവുകയായിരുന്നു. കാശ് എണ്ണിവാങ്ങാതെ ഒരു പരിപാടിക്കും പുറത്തിറങ്ങാറില്ലാത്ത താൻ ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളിൽ കുളിച്ച് കുപ്പായം മാറി ആൽഫയിലേക്ക് ഓടുമായിരുന്നെന്ന് ഇന്നസന്റ് പിന്നീട് പറഞ്ഞിട്ടുണ്ട്. ഈ സ്ഥാപനത്തിന്റെ ധനശേഖരണാർഥം ഷൂട്ടിങ് തിരക്കുകൾ മാറ്റിവച്ച് ഗൾഫ് രാജ്യങ്ങളിൽ പോയി. പല നടന്മാരും പ്രതിഫലം വാങ്ങാതെ പരിപാടികളിൽ പങ്കെടുത്ത് സഹായിച്ചതും ഇന്നസന്റ് നന്ദിയോടെ അനുസ്മരിച്ചു.

 

‘തനിക്കു കാൻസറാണ് എന്ന കാര്യം ആദ്യംതന്നെ ഇന്നസന്റ് ലോകത്തോടു തുറന്നുപറഞ്ഞു എന്നതാണ് പ്ര‌ധാനം. എത്രയോ പ്രശസ്തർ കാൻസറിനു രഹസ്യമായി ചികിത്സിക്കുന്നത് എനിക്കറിയാം.‌’-‍ഡോ.ഗംഗാധരൻ പിന്നീടു പറഞ്ഞു.

 

ഇന്നസന്റ് മരിച്ചെന്ന വാർത്ത പലതവണ പ്രചരിച്ചിട്ടുണ്ട്. കേരളം നടുങ്ങിയപ്പോഴും ഇന്നസന്റ് അതിനെയും തമാശക്കണ്ണിലൂടെ കണ്ടു. ഒരിക്കൽ അങ്ങനൊരു ദിവസം ഇന്നസന്റ് ഭാര്യ ആലീസിനെ വിളിച്ചു.

 

‘ഞാൻ മരിച്ചു എന്ന വാർത്ത പരക്കുന്നുണ്ട്. അതുകേട്ട് നീ സന്തോഷിക്കേണ്ട. ഞാൻ ജീവനോടെ ഇരിപ്പുണ്ട്.

 

‘ആളുകൾ കൊതിപ്പിക്കാൻ വേണ്ടി അതുമിതുമൊക്കെ പറയും എന്നു കരുതി ഞാനതു വിശ്വസിക്കുമെന്നു നിങ്ങൾ കരുതുന്നുണ്ടോ?’ ‌-ആലീസ് തിരിച്ചടിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com