എന്റെ ഏറ്റവും പ്രിയപ്പെട്ട ചങ്ങാതി ഇന്നസന്റ് ശൂന്യഹസ്തനായി ഈ ഭൂമിയിൽനിന്ന് അനന്തതയിലേക്ക് യാത്രയായിരിക്കുന്നു. മൂന്നുനാലു ദിവസം മുൻപ് ഇന്നസന്റിനെക്കുറിച്ച് കോളത്തിൽ ഞാൻ എഴുതിയതേയുള്ളൂ. ഇന്നസന്റിനെ ആശുപത്രിക്കിടക്കയിൽനിന്ന് കൊണ്ടുപോകാൻ മരണം എത്തിയാൽ തന്റെ സ്വതസിദ്ധമായ തമാശകൾ പറഞ്ഞ് ചിരിപ്പിച്ച് മയക്കി, കുറേക്കാലം കൂടി ആയുസ്സു നീട്ടിത്തത്തരണം എന്നും പറഞ്ഞുകൊണ്ട് അവൻ മൂപ്പിലാനെ പറഞ്ഞുവിടുമെന്നാണ് ഞാനന്ന് എഴുതിയിരുന്നത്. എന്റെ പ്രവചനങ്ങളെല്ലാം തെറ്റിയിരിക്കുന്നു. കാലവും പ്രപഞ്ചവുമൊന്നും ഇന്നസന്റിനോട് കരുണ കാണിക്കാതെ ദൈവത്തിന്റെ കൽപ്പന അതേപടി അനുസരിക്കുകയായിരുന്നു. 1991ൽ ഞാൻ തിരക്കഥ എഴുതിയ ‘മിമിക്സ് പരേഡി’ൽ ഇന്നസന്റായിരുന്നു ഫാദർ തറക്കണ്ടം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആദ്യാവസാനം കോമഡി നമ്പറുകൾകൊണ്ട് സമ്പന്നമായൊരു കഥാപാത്രമായിരുന്നു അത്. എറണാകുളത്തായിരുന്നു അതിന്റെ ഷൂട്ടിങ്. വൈകിട്ട് എന്നും ഷൂട്ടിങ് കഴിഞ്ഞ് ഹോട്ടൽ മുറിയിൽ എത്തിയാൽ ഇന്നസന്റ് എന്നെ വിളിക്കും. തിരക്കിനിടയിലാണെങ്കിലും ഇന്നച്ചന്റെ കോമഡി നമ്പറുകൾ കേൾക്കാൻ ഞാൻ അവിടെ ചെല്ലും. ഇന്നസന്റ് അപ്പോഴേക്കും കുളിച്ച് കുട്ടപ്പനായി ഒറ്റമുണ്ടുടുത്ത് ഇളം മഞ്ഞ ജുബ്ബയുമിട്ട് നിൽക്കുന്നുണ്ടാകും. പിന്നെ പതുക്കെ തമാശയുടെ ഔഷധക്കുപ്പി തുറക്കുകയായി. പണ്ട് പറ്റിയ അബദ്ധങ്ങളും പള്ളിപ്പെരുന്നാളിനിടയിൽ പലരെയും പറഞ്ഞു പറ്റിച്ച കഥകളും പറയുന്നതിനിടയിൽ തനിക്കുണ്ടായ സങ്കടങ്ങളുടെയും അവഗണനകളുടെയുമൊക്കെ അനുഭവകഥകളും പറയും.
HIGHLIGHTS
- ‘‘ചിരിക്കഥകൾക്കിടെ പെട്ടെന്ന് ഇന്നസന്റ് സോക്രട്ടീസിനെപ്പോലെ ഒരു ഫിലോസഫറാകും. പാതി കാര്യവും പാതി തമാശയുമായി ഉരുവിടുന്ന ഇന്നച്ചൻ പദമൊഴികൾ കേട്ട് ഞാൻ ചിന്താമഗ്നനായി ഇരുന്നു പോയിട്ടുണ്ട്...’’ തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് ഓർമിക്കുന്നു