ഞങ്ങളുടെ മാന്നാർ മത്തായി: ലാൽ പറയുന്നു

innocent-lal
SHARE

സിനിമയിലെ സഹപ്രവർത്തകരുമായി ഇന്ന് സംസാരിച്ചപ്പോഴും ഇന്നസന്റ് നമ്മെ വിട്ടുപോകില്ല എന്ന പ്രതീക്ഷയാണ് പങ്കുവച്ചതെന്ന് നടനും സംവിധായകനുമായ ലാൽ.  ‘‘ഇന്നസന്റിന് ഞങ്ങളെ അങ്ങനെയൊന്നും വിട്ടുപോകാൻ കഴിയില്ല എന്നായിരുന്നു കരുതിയത്.  സൂര്യന് താഴെ എന്നതിനെക്കുറിച്ച് ചോദിച്ചാലും വളരെ നിസ്സാരമായി ഉത്തരം തരുന്ന പ്രതിഭയായിരുന്നു ഇന്നസന്റ്.  റാംജി റാവു സ്പീക്കിങ്ങിലെ മത്തായിയെ അവതരിപ്പിക്കാൻ ഇന്നസന്റിനല്ലാതെ മറ്റൊരു നടനും സാധിക്കില്ല. എനിക്ക് നഷ്ടമാകുന്നത് ഏറ്റവും അടുത്ത സുഹൃത്തിനെ കൂടിയാണ്.’’–ലാൽ പറഞ്ഞു.  

‘‘സൂര്യന് താഴെയുള്ള എന്ത് പ്രശ്നങ്ങളിലും ഇന്നസന്റ് ചേട്ടനോട് ചോദിച്ചുകഴിഞ്ഞാൽ അതിനു നിസ്സാരമായ പോംവഴി അദ്ദേഹം പറഞ്ഞുതരും. ‘‘അത് വലിയ പ്രശ്നമുള്ള കാര്യമല്ല, അത് ഇങ്ങനെ ചെയ്താൽ മതി’’ എന്ന് അദ്ദേഹം പറയും. എന്തു ചെറിയ കാര്യമുണ്ടെങ്കിലും അദ്ദേഹം എന്നെ ഫോണിൽ വിളിക്കും. ഇന്നസന്റ് ചേട്ടൻ വളരെ അത്യാസന്ന നിലയിൽ ആണെന്നുള്ള വാർത്തകൾ വരുമ്പോഴും അദ്ദേഹം വിടപറയുമെന്നു ഒരു ശതമാനം പോലും ഞാൻ വിചാരിച്ചിരുന്നില്ല.  ഇന്ന് എന്റെ ഒപ്പം നടൻ ബൈജു ഉണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ സംസാരിക്കുമ്പോൾ ‘‘ഏയ് അദ്ദേഹം ഇനിയും നമ്മുടെ കൂടെ ഉണ്ടാകും ’’എന്നാണ് ഞങ്ങൾ പറഞ്ഞത്.  

ഇന്നസന്റ് ചേട്ടൻ അങ്ങനെയൊന്നും വിട്ടുപോകില്ല എന്ന്  അത്രയ്ക്ക് ഞങ്ങൾക്ക് ഉറപ്പായിരുന്നു. അതൊരു സാധാരണ മനുഷ്യനല്ല.  ഇത്രയും ബുദ്ധിയും വിവേകവും തീരുമാനമെടുക്കാനുള്ള ശക്തിയുമുള്ള ഇത്രയും രസികനായ, വലിയ പ്രശ്നങ്ങളെപ്പോലും പുല്ലുപോലെ നിസാരമായിട്ട് കൈകാര്യം ചെയുന്ന മറ്റൊരു മനുഷ്യനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. പകരം വയ്ക്കാനാകാത്ത നടനാണ് അദ്ദേഹം. റാംജി റാവു സ്പീക്കിങ് എന്ന ഞങ്ങളുടെ സിനിമയിൽ മത്തായി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ അദ്ദേഹമല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ കഴിയില്ല. എന്റെ സിനിമാ ജീവിതത്തിൽ ഏറ്റവും വലിയ സുഹൃത്തും വഴികാട്ടിയുമായിരുന്നു ഇന്നസന്റ് ചേട്ടൻ. അദ്ദേഹം വിട്ടുപിരിഞ്ഞത് ഇപ്പോഴും വിശ്വസിക്കാൻ പറ്റാത്ത കാര്യമാണ്.’’–  ലാൽ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA