ADVERTISEMENT

പ്രിയതാരം ഇന്നസന്റിന്റെ അവസാനത്തെ ആശുപത്രിവാസം ഓർത്തെടുത്ത് സംവിധായകൻ അനൂപ് സത്യൻ. രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇന്നസന്റിനെ നേരിൽ കാണാൻ അച്ഛൻ സത്യൻ അന്തിക്കാടിനൊപ്പം പോയപ്പോഴുള്ള അനുഭവമാണ് അനൂപ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. മരണത്തിന്റെ വാതിലോളം ചെന്നാലും അവിടെ നിന്ന് യു ടേൺ എടുത്ത് തിരിച്ചു വരുമെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചുകൊണ്ടിരുന്ന ഇന്നസന്റിനോട് സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകൾ ആരുടെയും കണ്ണു നിറയ്ക്കും. അത്രയും ആത്മസുഹൃത്തുക്കൾക്ക് മാത്രം പങ്കുവയ്ക്കാൻ കഴിയുന്ന അപൂർവ നിമിഷങ്ങളാണ് അനൂപ് സത്യൻ വാക്കുകളിലൂടെ വരച്ചിട്ടത്.

അനൂപ് സത്യന്റെ വാക്കുകൾ:

ഒരാഴ്ച മുമ്പാണ് ഇത് സംഭവിച്ചത്. കൃത്യമായി പറഞ്ഞാൽ, ഇന്നസന്റ് അങ്കിളിനെ വെന്റിലേറ്ററിലേക്ക് മാറ്റിയതിന്റെ തലേ ദിവസം. ഞങ്ങളെല്ലാവരും ടെൻഷനിലായിരുന്നു. എന്നാൽ, എല്ലായ്പ്പോഴും ചെയ്യാറുള്ളതു പോലെ ഇന്നസന്റ് അങ്കിൾ മരണത്തിന്റെ വാതിലോളം ചെന്ന് യു ടേൺ എടുത്ത് തിരിച്ചു വരുമെന്ന് ഞങ്ങളെ വിശ്വസിപ്പിച്ചുകൊണ്ടിരുന്നു. അതിനു വേണ്ടി കാത്തിരിക്കൂ എന്ന മട്ടിലായിരുന്നു അദ്ദേഹം.

നിറയെ ട്യൂബുകളും മെഷീനുകളും ഘടിപ്പിച്ചു കിടക്കുന്ന ഇന്നസന്റ് അങ്കിളിനെ കണ്ടതും അച്ഛൻ ഉള്ളാലെ തകർന്നു പോയി. പക്ഷേ, ആലീസ് ആന്റിയേയും സോനു ചേട്ടനെയും ഉഷാറാക്കാൻ അച്ഛൻ പരമാവധി ശ്രമിച്ചു. ഇന്നസന്റ് അങ്കിളിന്റെ ഒരു തമാശ പറഞ്ഞ് അവരെ അച്ഛൻ ചിരിപ്പിക്കുകയും ചെയ്തു. അപ്പോഴാണ് അങ്കിളിന്റെ പേരക്കുട്ടികളായ ഇരട്ടകൾ ഇന്നുവും അന്നയും അപ്പാപ്പനെ കാണാൻ ആശുപത്രിയിൽ വന്നത്. അച്ഛൻ അവരെയും ചിരിപ്പിക്കാൻ നോക്കി.

അച്ഛന്റെ തമാശ കേട്ട് ജൂനിയർ ഇന്നസന്റ് എന്നു വിളിക്കുന്ന ഇന്നു ചിരിച്ചു. പക്ഷേ, അവന്റെ കണ്ണിൽനിന്നു കണ്ണടയുടെ ഇടയിലൂടെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. ഒടുവിൽ ഡിപ്ലോമസി എല്ലാം വിട്ട് അച്ഛൻ പറഞ്ഞു, ഇങ്ങനെയൊന്നും ആരും അവരുടെ കുടുംബത്തോടോ പ്രിയപ്പെട്ടവരോടോ ചെയ്യരുത്! ഇത്ര അടുപ്പം കാണിക്കുക... ഇത്രത്തോളം സ്നേഹിക്കുക... എന്നിട്ട് അവർ ഒരിക്കലും മരിച്ചു പോകില്ലെന്ന് അവരെ വിശ്വസിപ്പിക്കുക... ഇതൊന്നും ആരും ചെയ്യരുത്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com